സിറിയയിലും ഈസ്റ്റേൺ യൂറോപ്പിലുമുള്ള റഷ്യൻ കടന്ന് കയറ്റത്തിന്റെ പേരിൽ ബ്രിട്ടനും റഷ്യയും തമ്മിലുള്ള വടംവലി രൂക്ഷമായതിനെ തുടർന്ന് ഐറിഷ് കടലിൽ റഷ്യൻ മുങ്ങിക്കപ്പലെത്തിയതായി റിപ്പോർട്ട്. ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുമായി യുദ്ധമുണ്ടായാൽ തങ്ങളുടെ വിജയം ഉറപ്പാക്കാനായി എല്ലാ വിധതയ്യാറെടുപ്പുകളുമായിട്ടാണ് റഷ്യ എത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. പുതിയ കാലത്തിന്റെ യുദ്ധത്തിന് തീർത്തും അനുയോജ്യമായ രീതിയിൽ റോബോട്ടുകളും ഡ്രോണുകളും യുദ്ധം നയിക്കുന്ന സാങ്കേതിക വിദ്യ വരെ റഷ്യ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ എതിരാളികളായ യൂറോപ്യൻ രാജ്യങ്ങൾ വെറും വാചകമടിയിൽ മാത്രം ഒതുങ്ങിയ അവസ്ഥയിലാണെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായിരുന്ന സിറിയയിലേക്കുള്ള റഷ്യൻ പടക്കപ്പലുകലുടെ വ്യൂഹം ബ്രിട്ടീഷ് തീരത്തിനെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഇംഗ്ലീഷ് ചാനലിലൂടെ മെഡിറ്ററേനിയനിലേക്ക് പോയിരുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സബ് മറൈനുകളും ഈ കപ്പൽപ്പടയ്ക്കൊപ്പം ചേരാനാണ് ഐറിഷ് കടലിലൂടെ നീങ്ങുന്നതെന്നാണ് കരുതുന്നത്. ഇത്തരത്തിൽ റഷ്യൻ പടക്കപ്പലുകൾ ബ്രിട്ടീഷ് തീരത്ത് കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത സ്പർധയാണ് ഉയർന്ന് വന്നിരിക്കുന്നത്. ഇതിനുള്ള പ്രതികരണമെന്നോണം ബ്രിട്ടൻ ടാങ്കുകൾ, യുദ്ധവിമാനങ്ങൾ, 800 ട്രൂപ്പുകൾ തുടങ്ങിയവയെ എസ്റ്റോണിയയിലേക്ക് അയച്ചിട്ടുണ്ട്. റഷ്യയുടെ ആക്രമണം തടയുന്നതിന് വേണ്ടിയാണിത്.

ആണവശക്തിയുള്ള അകുല-ക്ലാസ് സബ്മറൈനുകളാണ് റോയൽ നേവിയുടെ റഡാറുകളിൽ പതിഞ്ഞിരിക്കുന്നത്. കരയിലെ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള കലിബർ ക്രൂയിസ് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ളവയാണ് ഈ സബ്മറൈനുകൾ. മറ്റൊരു സബ്മറൈനായ കിലോ-ക്ലാസിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നു.നോർത്തിൽ വച്ചിത് മേൽഭാഗത്തേക്ക് വന്നതിനെ തുടർന്ന് ഇതിനെ നോർവീജിയൻ കപ്പലുകളായിരുന്നു തിരിച്ചറിഞ്ഞത്. ഇത് ഇംഗ്ലീഷ് ചാനലിലൂടെ പ്രയാണമാരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്ന് കപ്പലുകളെയും റോയൽ നേവി സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്. ഇതിൽ റഷ്യൻ സംസാരിക്കുന്ന സാങ്കേതിക വിദഗ്ധരാണുള്ളത്. ഇവയെ ആറ് മണിക്കൂറോളം റോയൽ നേവി ട്രാക്ക് ചെയ്തിട്ടുണ്ട്.

യൂറോപ്പുമായുള്ള വടംവലി ശക്തിപ്പെട്ടതിനെ തുടർന്ന് പുട്ടിൻ കടുത്ത രീതിയിൽ ആധുനികവൽക്കരിച്ച സേനയെയും പടക്കോപ്പുകളെയുമാണ് തയ്യാറാക്കി വിന്യസിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റോബോട്ട് ടാങ്കുകളെ അദ്ദേഹം കളത്തിലിറക്കിയിട്ടുണ്ട്. ഇവയ്ക്ക് മതിലുകൾക്ക് മുകളിൽ കൂടി കയറി വരെ പ്രയാണം തുടരാൻ ശേഷിയുണ്ട്. ഇതിൽ പെട്ട മറ്റൊരു ഉപകരണമാണ് റോബോട്ടിക് കാറ്റർപില്ലർ. ഇതിന് 300 കിലോഗ്രാം എക്യുപ്മെന്റ് വഹിക്കാൻ ശേഷിയുണ്ട്. ഇതിന് പുറമെ എംസിപി-300 എന്ന റോബോട്ടിക് സംവിധാനത്തെ മിനിസ്ട്രി ഓഫ് ഡിഫെൻസ് മൂല്യനിർണയം നടത്തി വരുന്നുമുണ്ട്. ആണവ, രാസ, ജൈവ ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതികൂല പരിതസ്ഥിതികളിൽ പോലും ശത്രുവിനെതിരെ നീക്കം നടത്താൻ സാധിക്കുന്ന പുതിയ മെഷീനാണിത്. ഇതിൽ ആയുധങ്ങളും സെൻസറുകളും ഘടിപ്പിക്കാനാവും. ഇതിന് ആയുധങ്ങളും മറ്റും സ്വയം കയറ്റാനും ഇറക്കാനും സാധിക്കുന്ന കൈകളുമുണ്ട്.