ഇസ്താംബുൾ: സിറിയയിൽ ഐസിസിന് എതിരെ റഷ്യയുടെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടത്തിന്റെ പ്രതികരണം എന്നോണം തുർക്കിയിലെ റഷ്യൻ അംബാസഡർ ആേ്രന്ദ കാർലോവിനെ(62) വെടിവച്ചു കൊലപ്പെടുത്തി. തുർക്കി തലസ്ഥാനമായ അങ്കാറയിൽ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കവേയാണ് പൊലീസുകാരനായ അക്രമി വെടിവച്ച് കൊലപ്പെടുത്തിയത്. തുർക്കി-റഷ്യ ബന്ധത്തെ ശക്തമായി ഉലയ്ക്കുന്നതാണ് ഈ സംഭവം. അല്ലാഹു അക്‌ബർ വിളിച്ചു കൊണ്ടാണ് ആക്രമി കാർലോവിന് നേരെ നിറയൊഴിച്ചത്.

ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കവേ പ്രസംഗം നടത്തുന്നതിനിടെയാണ് കാർലോവിനെ പിന്നിൽ നിന്നും പൊലീസുകാരനായ അക്രമി വെടിവച്ചത്. വെടിയേറ്റ് നിലത്തുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വെടിവയ്പിൽ ഫോട്ടോ ഗാലറിയിലുണ്ടായിരുന്ന ഒട്ടേറെപ്പേർക്കും പരുക്കേറ്റു. കോട്ടും സ്യൂട്ടും ധരിച്ച പൊലീസുകാരനാണ് അക്രമിയെന്നാണ് വ്യക്തമാക്കകുന്നത്.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ റഷ്യയുടെ ഇടപെടലിനെതിരെ തുർക്കിയിൽ വൻ പ്രതിഷേധ റാലി നടന്നു ദിവസങ്ങൾക്കകമാണു റഷ്യൻ അംബാസഡർക്കുനേരെ ആക്രമണം. 'അലെപ്പോ'യെന്നും 'പ്രതികാര'മെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമി വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മരിയ സാക്കറോവയാണ് സ്ഥാനപതിക്ക് വെടിയേറ്റ വിവരം അറിയിച്ചത്. തുർക്കി പ്രത്യേക സേനാംഗമായ മെവ്‌ലുറ്റ് മെർട്ട് അൽറ്റിന്റാസ് ആണ് കൊലയാളി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സുരക്ഷാ സേന പിന്നീട് വെടിവച്ച് കൊലപ്പെടുത്തി.

റഷ്യയുടേത് അടക്കം വിദേശ എംബസികൾ സ്ഥിതിചെയ്യുന്ന അങ്കാറയിലെ കാൻകയ ജില്ലയിലെ പ്രമുഖ ചിത്രകലാ പ്രദർശനഹാളിലാണ് ആക്രമണം നടന്നത്. വിമതരിൽനിന്ന് സിറിയൻ സേന പിടിച്ചെടുത്ത അലപ്പോയിലെ മാനുഷികദുരന്തത്തിനും മനുഷ്യാവകാശലംഘനങ്ങൾക്കും ഉത്തരവാദി റഷ്യയാണെന്ന് ആരോപിച്ചാണു തുർക്കിയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. അലപ്പോയിൽ ദുരിതബാധിതരെ ഒഴിപ്പിക്കാൻ റഷ്യയും തുർക്കിയും യോജിച്ചുപ്രവർത്തിച്ചുവരികയായിരുന്നു.

അങ്കാറ സ്‌പെഷ്യൽ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനാണ് മെർട്ട് അൽറ്റിന്റാസ്. കോട്ടും സ്യൂട്ടും ധരിച്ച വെടിയുതിർത്ത ഇയാൾ അല്ലാഹു അക്‌ബർ വിളികൾക്കൊപ്പം എന്നെ തോൽപ്പിക്കാൻ മരണത്തിന് മാത്രമേ സാധിക്കൂവെന്നും ആക്രോശിച്ചു. അംബാസിഡറെ കൊലപ്പെടുത്തിയ ശേഷം മറ്റുള്ളവർക്കും നേരെയും ഇയാൾ വെടിയുതിർത്തു. ഈ വേളയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ അപലപിച്ചു. റഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള തുർക്കി-റഷ്യ ശ്രമത്തെ തകർക്കാനുള്ള നീക്കമാണ് അക്രമത്തിന് പിന്നിലെന്ന് പുടിൻ പറഞ്ഞു. ആരാണ് കൊലയാളിക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തുമെന്നം അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ എംബസിക്ക് നൂറ് യാർഡ് മാത്രം അകലെയാണ് സംഭവം നടന്ന ആർട്ട് ഗാലറി സ്ഥിതി ചെയ്ുന്നത്. പരിപാടി കവർ ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരുടെ ക്യാമറയിലും വെടിവെപ്പം സംഭവം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കൊലയാളിക്ക് അൽഖാദിയ, അൽ നുസ്ര തുടങ്ങിയ സംഘനകളുമായി ബന്ധമുണ്ടെന്ന വിധത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. ജീവനോടെ ഞാൻ ഇവിടെ നിന്നും പുറത്തുപോകില്ലെന്ന് അക്രമി അലറി വിളിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ മോസ്‌കോവിൽ ഒരു നാടകം കാണുന്നതിൽ നിന്നും പുടിൻ പിന്മാറി.

അലപ്പോയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തുർക്കിയിൽ സജീവമായി ചർച്ചകളിൽ പങ്കെടുക്കുന്ന വ്യക്തിയായിരുന്നു കാർലോവ്. അതുകൊണ്ട് തന്നെയാകാം അദ്ദേഹത്തെ തീവ്രവാദികൾ ലക്ഷ്യം വച്ചതെന്നാണ് കരുതുന്നത്. അക്രമിയുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 22 വയസുകാരനായാണ് മെവ്‌ലുറ്റ് മെർട്ട്.