മോസ്‌കോ:

കാണാതായ റഷ്യൻ സൈന്യത്തിന്റെ വിമാനം കരിങ്കടലിൽ തകർന്നു വീണതായി സ്ഥിരീകരണം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കരിങ്കടലിൽ നിന്ന് രക്ഷാപ്രവർത്തകർക്ക് ലഭിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. ഒരാളുടെ മൃതദേഹം ലഭിച്ചതായും റിപ്പോർട്ടുണ്ട്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ന് രാവിലെയാണ് സിറിയയിലേക്ക് പോകുകയായിരുന്ന റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു-154 എന്ന വിമാനം കാണാതായത്.  പ്രാദേശിക സമയം പുലർച്ചെ 5.20നാണ് വിമാനം പുറപ്പെട്ടത്. ഇരുപത് മിനിറ്റുകൾക്ക് ശേഷം 5.40 ഓടെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കാണാതായി മണിക്കൂറുകൾക്കകമാണ് വിമാനം കരിങ്കടലിൽ തകർന്നു വീണതായുള്ള സ്ഥിരീകരണം വരുന്നത്

സോചിയിലെ ബ്ലാക്ക് സീ റിസോർട്ട് വിമാനത്താവളത്തിൽ നിന്നുമാണ് വിമാനം പറന്നുയർന്നത്. പറന്നുയർന്ന ഉടനെ വിമാനംകാണാതാകുകയായിരുന്നു. 84 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 92 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.

റഷ്യൻ സൈന്യത്തിന്റെ ഔദ്യോഗിക ഗായകസംഘമായ (Choir) അലക്സാൻഡ്രോവ് എൻസെംബ്‌ളിലെ അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നവരിൽ കൂടുതൽ പേരുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മോസ്‌കോയിൽ നിന്ന് സിറിയയിലെ ലടാകിയയ്ക്ക് സമീപമുള്ള റഷ്യൻ സൈനിക താവളത്തിലേക്ക് പോകുകയായിരുന്നു ഇവർ. ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് ഇവർ യാത്ര തിരിച്ചത്. ചാനൽ വൺ റഷ്യ, എൻടിവി, സ്വെസ്ദ, എന്നീ മാദ്ധ്യമങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരും വിമാനത്തിലുണ്ടായിരുന്നു.

സോച്ചിയിലെ ബ്ലാക്ക് സീ റിസോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റുകൾക്ക് ശേഷം വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരും മിലിട്ടറി ബോർഡ് ഉദ്യോഗസ്ഥരും സംഗീതജ്ഞരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.