തിർത്തി ലംഘിച്ചുവെന്നതിന്റെ പേരിൽ റഷ്യൻ പോർവിമാനം വെടിവച്ചിട്ട തുർക്കിക്കുനേരെ റഷ്യ പടയൊരുക്കം ശക്തമാക്കി. അമേരിക്കയുടെയും നാറ്റോ സഖ്യസേനയുടെയും പിന്തുണയുള്ള സിറിയൻ വിമതരെ തുർക്കി അതിർത്തിയിൽ കൊന്നൊടുക്കിക്കൊണ്ടാണ് വ്‌ലാദിമിർ  പുട്ടിൻ തന്റെ പ്രതികാര നടപടികൾക്ക് തുടക്കമിട്ടത്. സുഖോയ് വിമാനം തകർന്നുവീണ ലത്താക്കിയ പ്രവിശ്യയിലെ മലനിരകളിലേക്ക് റഷ്യൻ ബോംബുകൾ തുടർച്ചയായി വീഴുകയാണ്.

സിറിയൻ വിമതരെ പിന്തുണയ്ക്കുന്ന രാജ്യമാണ് തുർക്കി. വിമതർക്കുനേരെ ആക്രമണം ശക്തമാക്കിയതോടെ റഷ്യ ഫലത്തിൽ ലക്ഷ്യമിടുന്നത് തുർക്കിയെത്തന്നെയാണ്. വിമതരെ ലക്ഷ്യമിട്ട് മുന്നേറുന്ന സിറിയൻ സേനയ്ക്കും സഖ്യകക്ഷികളായ ലെബനൻ ഹിസ്ബുള്ള സേനയ്ക്കും പിന്തുണ നൽകുന്നതിന് വേണ്ടിയാണ് റഷ്യ തുടർച്ചയായി ബോംബാക്രമണം നടത്തുന്നതെന്ന് വിമതരുടെ വക്താക്കളിലൊരാളായ ജഹാദ് അഹമ്മദ് പറഞ്ഞു.

എന്നാൽ, വിമതരെയല്ല, ഈ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് തുർക്കിയുടെ ഔദ്യോഗിക വാർത്താ ഏജൻസി കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തക സംഘത്തിന്റെ വാഹനവ്യൂത്തിന് നേർക്കുനടന്ന വ്യോമാക്രമണത്തിൽ ഏഴുപേർ മരിക്കുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

യുദ്ധവിമാനം വെടിവച്ചിട്ട നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കിക്കഴിഞ്ഞു. ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ മിസൈൽ പ്രതിരോധ സംവിധാനത്തെ സിറിയയിൽ വിന്യസിക്കാനും പുട്ടിൻ തീരുമാനിച്ചു. യുദ്ധവിമാനം വെടിവച്ചിട്ടത് റഷ്യയെ മനപ്പൂർവം പ്രകോപിപ്പിക്കാനാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് പുട്ടിൻ. തുർക്കിയുമായി യുദ്ധത്തിലേർപ്പെടാൻ യാതൊരു ഉദ്ദേശ്യവുമില്ലെങ്കിലും, 17 സെക്കൻഡ് അതിർത്തി ലംഘിച്ചുവെന്നതിന്റെ പേരിൽ യുദ്ധ വിമാനം വെടിവച്ചിട്ടത് പ്രകോപനപരമാണെന്ന് റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.

സ്വന്തം യുദ്ധവിമാനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മിസൈൽ പ്രതിരോധ സംവിധാനം ഒരുക്കുന്നതെന്ന് പുട്ടിൻ വ്യക്തമാക്കി. തുർക്കിയുടെ അതിർത്തിയിൽനിന്ന് വെറും 30 കിലോമീറ്റർ അകലെയുള്ള ഹെമിമീം വ്യോമതാമവളത്തിലായിരിക്കും മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കുക. 250 കിലോമീറ്റർ വ്യോമപരിധിയിലുള്ള വിമാനങ്ങളെ ലക്ഷ്യമിടാൻ ഈ മിസൈലുകൾക്കാവും. തുർക്കിയുടെ വിമാനങ്ങളെ കൃത്യതയോടെ ലക്ഷ്യംവെക്കാനും മിസൈൽ സംവിധാനത്തിനാകും.

റഷ്യയുടെ മിസൈൽവാഹിനിയായ മോസ്‌ക്വ എന്ന യുദ്ധക്കപ്പലും സിറിയയുടെ അതിർത്തിയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് യുദ്ധക്കപ്പൽ ഒരുക്കിയിട്ടുള്ളതെന്ന് പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പറഞ്ഞു. ആകാശത്തിലൂടെയുള്ള ഏത് വെല്ലുവിളിയെയും നശിപ്പിക്കാൻ മോസ്‌ക്വയിൽ സംവിധാനമുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

വിമതരും ഭീകരരും തുർക്കി അതിർത്തിയോട് ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഈ മേഖല ലക്ഷ്യമിടുന്നതെന്ന് റഷ്യ വ്യക്തമാക്കുന്നുണ്ടെങ്കിലും, തുർക്കിക്ക് നേരെയുള്ള പ്രതികാര നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. തുർക്കിയും ആശങ്ക വ്യക്തമാക്കിക്കഴിഞ്ഞു. അങ്കാറയ്ക്കുള്ള മുന്നറിയിപ്പായി അതിർത്തിയിൽ ശക്തമായ വ്യോമാക്രമണം നടത്തുകയാണ് റഷ്യയുടെ ലക്ഷ്യം.

വിമതരുടെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ റഷ്യൻ സേന കൈക്കൊള്ളുന്നത്. ബാബ് അൽ-സലാമിലേക്ക് പോവുകയായിരുന്ന വിമതരുടെ ട്രക്ക് വ്യൂഹത്തെ റഷ്യ ബോംബിട്ട് തകർത്തിരുന്നു. തുർക്കിയോട് ചേർന്നുള്ള മേഖലയിലാണ് വ്യോമാക്രണം നടന്നിട്ടുള്ളത്. വിമതർ അധികാരം പിടിച്ചെടുത്തിട്ടുള്ള മേഖലയെ ഒറ്റപ്പെടുത്തുന്നതിനാണ് ഇപ്പോഴത്തെ വ്യോമാക്രമണങ്ങൾ.

റഷ്യ പ്രതികാര നടപടി ശക്തമാക്കിയതോടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളുമായി നാറ്റോയും യുഎന്നും രംഗത്തെത്തി. റഷ്യയെ ശാന്തരാക്കാനുള്ള ശ്രമത്തിലാണ് അവർ. എന്നാൽ, തുർക്കിയുടെ അതിർത്തി ലംഘിച്ചിട്ടില്ലെന്ന് യുദ്ധവിമാനത്തിൽനിന്ന് രക്ഷപ്പെട്ട പൈലറ്റ് കോൺസ്റ്റന്റൈൻ മുരാഖ്തിൻ വ്യക്തമാക്കുന്നു. വെടിവച്ചിടുംമുമ്പ് മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന തുർക്കിയുടെ വാദവും പൈലറ്റ് നിരാകരിക്കുന്നു. തന്റെ കൂടെയുണ്ടായിരുന്ന പൈലറ്റിനെ വെടിവച്ചിട്ട തുർക്കിയോട് പ്രതികാരം വീട്ടാൻ വീണ്ടും അതേ മേഖലയിൽ യുദ്ധവിമാനം പറത്തുമെന്നും അദ്ദേഹം പറഞ്ഞു.