മാസമൊടുവിൽ റഷ്യയുമായി നടക്കുന്ന ഉന്നത തല കൂടിക്കാഴ്ച കൂടുതൽ ഊഷ്മളമാക്കുന്നതിനാണ് ജപ്പാൻ ഈ 'പട്ടി' വിദ്യ പ്രയോഗിക്കാൻ ശ്രമിച്ചത്. എന്നാൽ, ഒരിക്കൽ കുടുങ്ങിയ അബദ്ധം ഇനിവേണ്ടെന്ന് തീരുമാനിച്ച് റഷ്യ അത് വിലക്കി. നാലുവർഷം മുമ്പ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന് ജപ്പാൻ സമ്മാനമായി കൊടുത്ത യൂമി എന്ന പെൺ പട്ടിക്ക് ഒരു ഇണയെ നൽകാനാണ് ഇക്കുറി ജപ്പാൻ ശ്രമിച്ചത്. എന്നാൽ, അികിതയെന്ന നായയെ റഷ്യയ്ക്ക് വേണ്ടെന്ന് തീരുമാനിക്കപ്പെട്ടതോടെ, ഈ നയതന്ത്ര ശ്രമം പാളി.

അടുത്തയാഴ്ച പുട്ടിൻ ജപ്പാൻ സന്ദർശിക്കുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായുള്ള കൂടിക്കാഴ്ചകൾക്കും അബെയുടെ നാടായ യാമാഗുച്ചി സന്ദർശിക്കു ന്നതിനുമാണ് പുട്ടിൻ എത്തുന്നത്. ഈ വേളയിൽ അകിതയെ സമ്മാനിക്കാമെന്നായിരുന്നു ജപ്പാൻ അധികൃതർ ആലോചിച്ചിരുന്നത്. 2011-ലെ ഭൂകമ്പത്തിലും സുനാമിയിലും ജപ്പാൻ തകർന്നടിഞ്ഞപ്പോൾ റഷ്യ നൽകിയ സഹായത്തിന് നന്ദിയെന്നോണമാണ് പുട്ടിന് യൂമിയെന്ന വളർത്തുനായയെ ജപ്പാൻ സമ്മാനിച്ചത്.

ഇക്കുറി അകിതയെ നൽകാമെന്ന ജപ്പാന്റെ വാഗ്ദാനം റഷ്യൻ അധികൃതർ നിരസിച്ചതായുള്ള അറിയിപ്പ് ഇന്നലെയാണ് ജപ്പാന് ലഭിക്കുന്നത്. അബെയുടെ വിശ്വസ്തൻ കോയിച്ച് ഹാഗിയൂഡയാണ് ഈ വിവരം പുറത്തുവിട്ടതും. 2005-നുശേഷം ആദ്യമായാണ് പുട്ടിൻ റഷ്യ സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളുടെയും സഹകരണത്തിൽ നിർണായകമാകുമെന്ന് കരുതുന്ന ഈ സന്ദർശനത്തിന് കൂടുതൽ ഊഷ്മളത സൃഷ്ടിക്കലായിരുന്നു ജപ്പാൻ ഉദ്ദേശ്യം. ജപ്പാന്റെ വടക്കൻ തീരത്തുള്ള നാല് പസഫിക് ദ്വീപുകൾ സംബന്ധിച്ച തർക്കത്തിൽ മുന്നേറാനാകുമെന്നും അവർ കണക്കുകൂട്ടിയിരുന്നു.

രണ്ടാം ലോകയുദ്ധം മുതൽ ജപ്പാന്റെയും റഷ്യയുടെയും ബന്ധങ്ങൾ ഉലഞ്ഞാണ് നിൽക്കുന്നത്. തെക്കൻ മേഖലയിലെ ദ്വീപുകൾ യുദ്ധത്തിനിടെ സോവിയറ്റ് സേന പിടിച്ചെടുക്കുക യായിരുന്നു. ജപ്പാൻ കീഴടങ്ങിയതിന് പിന്നാലെയായിരുന്നു ഹോക്കായിഡോയുടെ വടക്കുകിഴക്കൻ തീരത്തെ ദ്വീപുകൾ സോവിയറ്റ് സേന പിടിച്ചെടുത്തത്. ദ്വീപുകൾ വിട്ടുകിട്ടുന്നതുൾപ്പെടെയുള്ള വിഷയത്തിൽ റഷ്യയുമായി കൂടുതൽ അടുക്കാനും സഹകരിക്കാനുമുള്ള ഉദ്ദേശത്തോടെയാണ് ജപ്പാൻ പുട്ടിനെ കാത്തിരിക്കുന്നത്.