മോസ്‌കോ: രാജ്യത്തിന്റെ പ്രസിഡന്റെന്ന് പറഞ്ഞാൽ അവിടുത്തെ സേനാനായകൻ തന്നെയാണ്. ഇത് അക്ഷരാർത്ഥത്തിൽ ശരിയെന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിൻ. അതായത് സിറിയയിൽ ഐസിസിനെ തുരത്താൻ വേണ്ടി റഷ്യൻ സേനയോട് ഉത്തരവിട്ട് സുഖമായി മൂടിപ്പുതച്ചുറങ്ങാനൊന്നും പുടിനെ കിട്ടില്ല. തന്റെ നിർദേശങ്ങൾ സേന കൃത്യമായി പാലിക്കുന്നുണ്ടോയെന്നും അതിനനുസൃതമായാണോ യുദ്ധം നടക്കുന്നതെന്നും പുടിൻ മോസ്‌കോയിലെ യുദ്ധമുറിയിൽ ഇരുന്ന് നിരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനുനിമിഷം ബോംബുകൾ വർഷിച്ച് റഷ്യൻ സേന ഐസിസിന്റെ ചിറകരിഞ്ഞ് സിറിയയിൽ മുന്നേറുന്നത് കണ്ട് പുടിൻ ആഹ്ലാദിക്കുകയാണ് ചെയ്യുന്നത്. പാരീസാക്രണത്തിലൂടെ തങ്ങളുടെ രാജ്യത്ത് നാശം വിതച്ച ഇസ്ലാമിക് സ്റ്റേറ്റിനെ പിഴുതെറിയാൻ റഷ്യയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് പൊരുതാൻ ഫ്രാൻസും രംഗത്തുണ്ട്.

മോസ്‌കോയിലെ മൂന്ന് നിലകളുള്ള വാർറൂമിന്റെ ഒന്നാം നിലിയിലിരുന്നാണ് ആധുനിക സംവിധാനങ്ങളിലൂടെ പുടിൻ ഐസിസ് വേട്ട നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത്. പുടിന് പുറമെ വിദഗ്ദ്ധർ യുദ്ധത്തെ വിശകലനം ചെയ്തുകൊണ്ട് ഇവിടെ സദാസജ്ജരാണ്. ഇത്തരത്തിൽ സിറിയയിലെ നീക്കങ്ങൾ കാണുന്ന പുടിനെ വലയം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വസ്തരായ സൈനിക ഉപദേഷ്ടാക്കളും നിലകൊള്ളുന്നുണ്ട്. സിറിയയിലെ ആസാദിന്റെ ഭരണകൂടത്തെ സംരക്ഷിക്കാൻ ഇവർ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. പച്ചനിറത്തിലുള്ള ചുമരുകളും നിരവധി വലിയ ടെലിവിഷൻ മോണിറ്ററുകളുമുള്ള റൂമാണിത്. ഇത്തരം സ്‌ക്രീനുകളിലൂടെ യുദ്ധത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ റഷ്യൻ പ്രസിഡന്റിന്റെ മുന്നിലെത്തുകയാണ് ചെയ്യുന്നത്.

ലോംഗ് റേഞ്ച് ബോംബറുകളിലൂടെയും ക്രൂയിസ് മിസൈലുകളിലൂടെയും റഷ്യ ഐസിസിനെതിരായ ബോംബിങ് ഈ അടുത്ത ദിവസങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ വിമാനത്തെ സിനായിൽ വച്ച് തകർത്ത് 224 പേരെ കൊന്നത് ഐസിസാണെന്ന് വ്യക്തമായതിനെ തുടർന്നാണ് റഷ്യ പ്രതികാര നടപടികൾ ഈ വിധം ശക്തമാക്കിയിരിക്കുന്നത്.തങ്ങൾക്കെതിരെ റഷ്യ സിറിയയിൽ നടത്തുന്ന വ്യോമാക്രമണത്തിനുള്ള പ്രതികാരമായാണ് വിമാനം തകർത്തതെന്നാണ് ഐസിസ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു സോഫ്റ്റ് ഡ്രിങ്ക് കാനിൽ ബോംബ് വച്ചാണ് തങ്ങൾ വിമാനം തകർത്തതെന്ന് ഐസിസ് ഫോട്ടോ സഹിതം വെളിപ്പെടുത്തിയിരുന്നു.

2007ൽ പുടിൻ ഇറാൻ സന്ദർശിച്ചതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ കൂടുതലായി അടുക്കുന്ന കാഴ്ചയാണുള്ളത്. ഇറാനിയൻ എൻ റിച്ച്‌മെന്റ് സൈറ്റുകളിൽ പ്രവർത്തിക്കുന്നതിന് റഷ്യൻ കമ്പനികൾക്കുള്ള നിയന്ത്രണത്തിൽ ഇതിനെത്തുടർന്ന് അയവ് വരുത്തിയിരുന്നു. സിറിയൻ പ്രശ്‌നത്തിലും ഇറാനും റഷ്യയ്ക്കും ഏതാണ്ട് ഒരേ നിലപാടുകളാണുള്ളത്. ഐസിസിനെതിരായ പോരാട്ടത്തിന് റഷ്യയ്ക്ക് അനുകൂലമായ നിലപാടാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൗഹാനിക്കുമുള്ളത്. ഇന്നലെ അവർ ടെഹ്‌റാനിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുമായും പുടിൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സിറിയയിൽ രാഷ്ട്രീയമാറ്റങ്ങൾ തെരഞ്ഞെടുപ്പിലൂടെ വരുത്തണമെന്ന റഷ്യയുടെ നിലപാട് തന്നെയാണ് ഇറാനുമുള്ളത്.

പാരീസാക്രമണത്തിന് ശേഷം ഐസിസിനെതിരായ യുദ്ധം ശക്തിപ്പെടുത്തിയ ഫ്രാൻസ് തങ്ങളുടെ വ്യോമാക്രണം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചാൾസ് ഡെ ഗൗല്ലെ എയർ ക്രാഫ്റ്റ് കാരിയറിൽ നിന്നുള്ള ആദ്യ ആക്രമണങ്ങൾ ഫ്രാൻസ് ഇപ്പോൾ ഐസിസിനെതിരെ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ കടുത്ത ബോംബിംഗിനാൽ ഐസിസിന്റെ 472 കേന്ദ്രങ്ങൾ റഷ്യ തകർത്തതിന് തൊട്ടുപുറകെയാണ് ഫ്രാൻസിന്റെയും ഈ കടുത്ത നീക്കമുണ്ടായിരിക്കുന്നത്.ചാൾസ് ഡെ ഗൗല്ലെ എയർ ക്രാഫ്റ്റ് കാരിയറിൽ നിന്നും തങ്ങളുടെ ആദ്യത്തെ ഫൈറ്റർ ജെറ്റ് അറ്റാക്കാണ് ഫ്രാൻസിപ്പോൾ നടത്തിയിരിക്കുന്നത്. 26 ജെറ്റുകളെ വഹിക്കാൻ ശേഷിയുള്ള കാരിയറാണ് ചാൾസ് ഡെ ഗൗല്ലെ എയർ ക്രാഫ്റ്റ് കാരിയർ.

ഇത് എത്തിയതോടെ ഫ്രാൻസിന്റെ വ്യോമാക്രമണം ഇരട്ടിക്കുമെന്ന് വ്യക്തമായിരുന്നു. കുറച്ച് ദിവസത്തെ പ്രാക്ടീസിന് ശേഷം ഇപ്പോൾ ഫ്രഞ്ച് ഫൈറ്റർ ജെറ്റുകൾ ഐസിസിന്റെ താവളങ്ങളെ തകർക്കാനായി സിറിയയിലേക്ക് തുടർച്ചയായി കുതിച്ച് കൊണ്ടിരിക്കുകയാണ്. ഐസിസിന്റെ തലസ്ഥാനമായ റാഖയും ശക്തികേന്ദ്രങ്ങളായ ആലെപ്പോയും മറ്റ് ചില നഗരങ്ങളും റഷ്യയുടെയും ഫ്രാൻസിന്റെയും ബോംബിംഗിനാൽ തകർന്ന് തരിപ്പണമായിട്ടുണ്ട്. ഐസിസിനെതിരെ കാസ്പിയൻ കടലിലുള്ള യുദ്ധക്കപ്പലിൽ നിന്നും ക്രൂയിസ് മിസൈൽ അടക്കമുള്ള മാരകായുധങ്ങളാണ് റഷ്യ പ്രയോഗിക്കുന്നത്.

ഒരൊറ്റ മിസൈൽ കൊണ്ട് 600 ഭീകരരെ കൊന്നൊടുക്കിയെന്ന് റഷ്യ ഈയിടെ അവകാശപ്പെട്ടിരുന്നു. ഏതായാലും ഐസിസ് ഭീകരരെ ഒന്നൊന്നായി കൊന്നൊടുക്കിയുള്ള സംഹാരം റഷ്യയും ഫ്രാൻസും തുടരുകയാണ്. അമേരിക്കയും ബ്രിട്ടനും ഇവർക്ക് പിന്തുണയായി കൂടെത്തന്നെയുണ്ട്. സമീപകാലത്ത് യുദ്ധരംഗത്തിറങ്ങിയ ചൈനയും ഐസിസിന് കടുത്ത വെല്ലുവിളിയാണുയർത്തുന്നത്.