- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കർണാടക സ്വദേശിയായ ഞാൻ മലയാളി ആയി മാറിയത് എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോൾ'; വയനാട്ടുകാർ നൽകിയ സ്‌നേഹവും ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും നന്ദിയോടെ സ്മരിക്കുന്നുവെന്നും എസ് സുഹാസ്; പ്രളയകാലത്തെ എറണാകുളത്തിന്റെ ഭരണസാരഥി പടിയിറങ്ങി
കൊച്ചി: രണ്ടാം പ്രളയം വിതച്ച ദുരിതകാലത്ത് എറണാകുളത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത എസ് സുഹാസ് കലക്ടർ പദവിയിൽ നിന്ന് പടിയിറങ്ങി. ഒപ്പം പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ജനപ്രതിനിധികൾക്കും അഭിനന്ദനവും നന്ദിയും അറിയിച്ചാണ് എസ് സുഹാസ് ഔദ്യോഗികമായി ചുമതല ഒഴിഞ്ഞത്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്.
കർണാടക സ്വദേശിയായ താൻ മലയാളി ആയി മാറിയത് 2013ൽ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോളാണെന്ന് ഫേസ്‌ബുക്കിൽ കുറിക്കുന്നു. അന്നുമുതൽ എറണാകുളത്തോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനം എന്നോണം ഇവിടെത്തന്നെ സബ് കളക്ടർ ആയി, അതിനു ശേഷം കുറച്ചു നാൾ തിരുവനന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടർ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വർഷം, വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു കളക്ടർ ആയി. കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും നിങ്ങളെ സേവിക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി കരുതുന്നുവെന്നും എസ് സുഹാസ് പറയുന്നു.
വയനാട്ടുകാർ നൽകിയ സ്‌നേഹത്തിന്റെ പരിലാളനയിൽ നിന്നും തിരക്കിട്ട 2018 വെള്ളപ്പൊക്കം നേരിടാൻ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങൾ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു . വയനാട്ടിൽ നിന്നും ആലപ്പുഴയിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും സ്‌നേഹവുമായി എറണാകുളത്തു 2019 ജൂൺ 20നു ചുമതല ഏറ്റെടുത്തപ്പോൾ മുതൽ നൽകിയ സ്‌നേഹവും , അർപ്പിച്ച വിശ്വാസവും പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എസ് സുഹാസ് കുറിപ്പിൽ പറയുന്നു.
ജില്ലയ്ക്ക് വികസനത്തിന്റെയും നേട്ടങ്ങളുടെയും കാലം സമ്മാനിച്ചാണ് സുഹാസ് പടിയിറങ്ങുന്നത്. കോവിഡും പ്രളയവും തകർത്ത ജില്ലയെ കൈപിടിച്ച് ആശ്വാസതീരത്തേക്ക് ഉയർത്തിയതാണ് ഇതിൽ പ്രധാനം. ഒരു ഘട്ടത്തിൽ രാജ്യത്തെ ഏറ്റവുമുയർന്ന കോവിഡ് വ്യാപനമുണ്ടായിരുന്ന പ്രദേശമാണ് എറണാകുളം. ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനും വാക്സിനേഷൻ വ്യാപിപ്പിക്കാനുമാണ് കൂടുതൽ ശ്രമിച്ചത്. ചെല്ലാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രശംസ കിട്ടിയതും വലിയ ഊർജമായി. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള 'ബ്രേക്ക് ത്രൂ' പദ്ധതിയും ജില്ലയെ മാലിന്യമുക്തമാക്കാനുള്ള 'ക്ലീൻ എറണാകുളം' പദ്ധതിയും പ്രധാനപ്പെട്ടതാണ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ടവരെ ,
കർണാടക സ്വദേശിയായ ഞാൻ മലയാളി ആയി മാറിയത് 2013ൽ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോളാണ് . അന്നുമുതൽ എറണാകുളത്തോടുള്ള എന്റെ സ്‌നേഹത്തിന്റെ പ്രതിഫലനം എന്നോണം ഞാൻ ഇവിടെത്തന്നെ സബ് കളക്ടർ ആയി, അതിനു ശേഷം കുറച്ചു നാൾ തിരുവനന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടർ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വർഷം, വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു നിങ്ങളുടെ കളക്ടർ ആയി. കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും നിങ്ങളെ സേവിക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി ഞാൻ കരുതുന്നു.
തിരക്കുകൾ മൂലം മറുപടികൾ പലപ്പോഴും അയക്കുവാൻ സാധിച്ചില്ലെങ്കിലും നിങ്ങൾ മുഖപുസ്തകത്തിലൂടെ അറിയിച്ച - ശ്രദ്ധയിൽ പെടുത്തിയ കാര്യങ്ങളിൽ പരിഹാരം കാണുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .
വയനാട്ടുകാർ നൽകിയ സ്‌നേഹത്തിന്റെ പരിലാളനയിൽ നിന്നും തിരക്കിട്ട 2018 വെള്ളപ്പൊക്കം നേരിടാൻ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങൾ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു . വയനാട്ടിൽ നിന്നും ആലപ്പുഴയിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും സ്‌നേഹവുമായി എറണാകുളത്തു 2019 ജൂൺ 20നു ചുമതല ഏറ്റെടുത്തപ്പോൾ മുതൽ നിങ്ങൾ നൽകിയ സ്‌നേഹവും , അർപ്പിച്ച വിശ്വാസവും പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് .
ബഹു . സർക്കാർ എന്നിൽ വിശ്വാസം ഏല്പിച്ചു നൽകിയ ചുമതല പൂർണമനസോടെ ഉത്തരവാദിത്വത്തോടെയും വിശ്വാസത്തോടെയും ഇന്ന് വരെ ചെയ്തിട്ടുണ്ട് , അത് നാളെയും തുടരും.
എന്റെ പ്രവർത്തനങ്ങളുടെ വിജയം എന്റെ മാത്രം വിജയമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല , മറിച്ചു തോളോട് തോൾ ചേർന്ന് എന്റെ ഒപ്പം പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും
കക്ഷി രാഷ്രീയഭേദമില്ലാതെ പ്രവർത്തിച്ച ജനപ്രതിനിധികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ - നന്ദി .
എന്റെ പിൻഗാമി ആയി ഇന്ന് ചുമതല ഏൽക്കുന്ന ശ്രീ. ജാഫർ മാലിക്കിനും തുടർന്നും എല്ലാ പിന്തുണയും നൽകണമേയെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും മറുപടിയായി രണ്ടു വാക്കു മാത്രം 'നന്ദി ' ' സ്‌നേഹം '.
ഇതൊക്കെയാണെങ്കിലും ഒരു കാര്യം മറക്കേണ്ടാ...കൊറോണയിൽ നിന്നും നാട് പൂർണമായി മുക്തമാകുന്നതുവരെ ,തുടർന്നും SMS ( Sanitise Mask Social Distance )
നിങ്ങളുടെ സ്വന്തം
സുഹാസ്
ന്യൂസ് ഡെസ്ക്