റിയാദ്: ലെബനീസ് പ്രധാനമന്ത്രി സാദ് ഹരിരി സൗദി അറേബ്യയിലെത്തുകയും അവിടെ നിന്നും നാടകീയമായി രാജി വയ്ക്കുകയും സ്വയം അറസ്റ്റിന് വഴിയൊരുക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഹരിരിയെ സുരക്ഷിതനായി ലെബനണിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിനുള്ള നീക്കങ്ങൾ ലെബനീസ് ഒഫീഷ്യലുകൾ ആസൂത്രണം ചെയ്ത് വരുന്നുണ്ട്. സൗദി അറേബ്യയിൽ വച്ച് ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന വായിച്ച് കൊണ്ടായിരുന്നു ഹരിരി ശനിയാഴ്ച രാജി വച്ചത്. ഇതിനെ തുടർന്ന് ലെബനണിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സൗദിയും ഇറാനും തമ്മിലുള്ള വടംവലികൾക്കിടയിൽ പെട്ട് ശ്വാസം മുട്ടുന്ന ലെബനണെ ഇത് കൂടുതൽ വിഷമഘട്ടത്തിലെത്തിച്ചിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നാടകീയ സംഭവങ്ങളുടെ ട്വിസ്റ്റ് വർധിപ്പിക്കാനെന്നോണം ഫ്രഞ്ച് പ്രസിഡന്റ് മാർകോൺ നിമിഷനേരം കൊണ്ട് സൗദി തലസ്ഥാനത്ത് പറന്നെത്തുകയും ചെയ്തിരുന്നു. പരിഷ്‌കാരങ്ങളും അധികാരത്തർക്കങ്ങളും തുടരുന്ന സൗദിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാവാതെ ലോകം വിഷമിക്കുകയാണ്.

ഹരിരിയെ മോചിപ്പിക്കുന്നതിനായി ലെബനൺ അറബ് രാജ്യങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും മേൽ സമ്മർദം ചെലുത്താൻ ആരംഭിച്ചിട്ടുണ്ട്. ഹരിരി നിലവിലും ലെബനന്റെ പ്രധാനമന്ത്രി തന്നെയാണെന്നാണ് പേര് വെളിപ്പെടുത്താത്ത ലെബനീസ് ഒഫീഷ്യൽ പറയുന്നത്. ഹരിരിയെ റിയാദിൽ തടഞ്ഞ് വച്ചിരിക്കുന്നത് ലെബനന്റെ പരമാധികാരത്തിന് മേലുള്ള ആക്രമണമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിനാൽ മറ്റ്

ലെബനൺ പ്രദേശത്തെ ചൊല്ലി സൗദിയും ഇറാനും തമ്മിലുള്ള അധികാരത്തർക്കത്തിൽ ഹരിരിയെ ബലിയാടാക്കുകയായിരുന്നുവെന്നും നിർബന്ധിപ്പിച്ച് രാജി വയ്പിക്കുയായിരുന്നുവെന്നുമുള്ള തരത്തിലുള്ള ഊഹാപോഹങ്ങൾ ലെബനണിൽ പടരുന്നുമുണ്ട്. ഹരിരി വീട്ട് തടങ്കലിൽ ആണെന്ന റിപ്പോർട്ടുകളെ സൗദിയും ഹരിരിയുടെ എയ്ഡുകളും നിഷേധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അദ്ദേഹം സ്വന്തം നിലയ്ക്ക് ഇതുവരെ പ്രസ്താവനകൾ ഒന്നും നടത്തിയിട്ടില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. ലെബനണിലെ രാഷ്ട്രീയ സംവിധാനത്തെ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹെസ്ബൊല്ലാ ഗ്രൂപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് സൗദി ആരോപിക്കുന്നത്.

അറബ് രാജ്യങ്ങളിൽ സ്പർധയുണ്ടാക്കുന്ന ഇറാനെയും ഹെസ്ബൊല്ലയെയും തന്റെ രാജി പ്രസ്താവനയിൽ ഹരിരി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. താൻ വധിക്കപ്പെടുമോ എന്ന ഉത്കണ്ഠയും അദ്ദേഹം ഇതിൽ ഉയർത്തിയിരുന്നു. ശനിയാഴ്ച റിയാദിൽ വച്ച് ഹരിരി രാജി വച്ചിരിക്കുന്നതെന്നതിനാൽ അത് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സ്ഥാനം ഒഴിയൽ അല്ലെന്നും നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാവാമെന്നുമുള്ള ആശങ്ക ശക്തമാകുന്നുണ്ട്. സൗദി ഉടമസ്ഥതയിലുള്ള ടിവിയിലൂടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശത്തിലൂടെയാണ് ഹരിരി തന്റെ രാജി ലോകത്തെ അറിയിച്ചിരിക്കുന്നത്.

ഹരിരിയെ സൗദി നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്ന് ആരോപിച്ച് ഹെസ്ബൊല്ലായുടെ നേതാവ് ഹസൻ നസ്റല്ലായും രംഗത്തെത്തിയിട്ടുണ്ട്. ഹരിരി തിങ്കളാഴ്ച സൗദിയിലെ സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ ഔദ്യോഗിക സൗദി പ്രസ് ഏജൻസി പുറത്ത് വിട്ടിരുന്നു. സൗദിയും ഇറാനും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ സൗദിയിലെ കിരീടാവകാശിയും പുതിയ പരിഷ്‌കാരങ്ങളിലൂടെ ശ്രദ്ധേയനുമായ മുഹമ്മദ് ബിൻ സൽമാനെ കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ പൊടുന്നനെ എത്തിയത് ഏവരിലും ആശ്ചര്യം ജനിപ്പിച്ചു.

മുൻകൂട്ടി പദ്ധതിയിടാത്ത മിന്നൽ പര്യടനമായിരുന്നു ഇത്. താൻ ഹരിരിയുമായി അനൗപചാരികമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ ഫ്രാൻസിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മാർകോൺ പറയുന്നു. ദുബായിൽ വച്ച് നടത്തിയ ഒരു പത്രസമ്മേളനത്തിനിടെ താൻ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിക്കുമെന്ന ആശ്ചര്യജനകമായ പ്രഖ്യാപനം മാർകോൺ നടത്തുകയായിരുന്നു. പ്രാദേശിക വിഷയങ്ങൾ തങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും ലെബനൻ, യെമൻ എന്നിവിടങ്ങളിലെ സ്ഥിതികൾ പ്രത്യേകമായി ചർച്ച ചെയ്തിരുന്നുവെന്നും മാർകോൺ വ്യക്തമാക്കുന്നു. ലെബനന്റെ സ്ഥിരതയ്ക്കും ഐക്യത്തിനും ഊന്നൽ നൽകിയാണ് താൻ സംസാരിച്ചതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു.