തിരുവനന്തപുരം: വീട്ടിൽ നിന്ന് പിണങ്ങി നാടുവിട്ട വിദ്യാർത്ഥിയെ ഡൽഹിയിൽ കണ്ടെത്തി. ആര്യ സെൻട്രൽ സ്‌ക്കൂൾ വിദ്യാർത്ഥിയായ പതിനേഴുകാരനെ ശബരിനാഥിനെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് കഴിഞ്ഞ 20 ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം പയ്യന്റെ ഫോട്ടോ സഹിതം മറുനാടൻ വിശദമായി റിപ്പോർട്ട് നൽകിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായി. തൊട്ടടുത്ത ദിവസം തന്നെ കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

നിസാമുദീൻ റെയിൽവ സ്‌റ്റേഷനിലെ ഇന്ത്യൻ ആർമിയിലെ ഒരു ജീവനക്കാരന് സംശയം തോന്നി നടത്തിയ അന്വേഷണമാണ് കുട്ടിക്ക് രക്ഷയായത്. മറുനാടനൊപ്പം നടൻ സുരേഷ്‌ഗോപിയുടെ ഫേസ്‌ബുക്കിലും ഈ വിദ്യാർത്ഥിയെ കാണാനില്ലെന്ന് കാണിച്ച് പോസ്റ്റ് ചെയ്തിരുന്നു. സ്‌ക്കൂളിൽ സുരേഷ്‌ഗോപിയുടെ മകന്റെ അടുത്ത സുഹൃത്തായിരുന്നു കാണാതായ വിദ്യാർത്ഥി. കൊച്ചുവേളി സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയ വിദ്യാർത്ഥി ഡൽഹിയിൽ ഇറങ്ങുകയായിരുന്നു എന്ന് റെയിൽവേ പൊലീസ് പറയുന്നു. പേട്ട സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഡൽഹിയിലെത്തി കുട്ടിയെ വീട്ടിലെത്തിക്കാൻ നടപടിയാരംഭിച്ചു. മാതാപിതാക്കളും ഡൽഹിയിൽ എത്തിയിട്ടുണ്ട്.

സ്‌കൂളുകളിലേക്ക് എന്നു പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. സ്‌കൂളിലെത്തിയുമില്ല. പിന്നീട് വീട്ടിലും വന്നില്ല. സഹപാഠികൾക്കും ശബരീനാഥിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഈ സാഹചര്യത്തിൽ അന്ന് തന്നെ പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. എന്നാൽ പതിവ് പോലെ തുടക്കത്തിൽ പൊലീസ് ഉഴപ്പി. കൂട്ടുകാരനൊപ്പം ശബരിയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയിലാണ് നിസാമുദ്ദീനിൽ കുട്ടിയെ കണ്ടെത്തുന്നത്. സൂചനകൾക്ക് ശബരിയുമായി സാമ്യമുണ്ടായതിനാൽ അച്ഛനും അമ്മയും അവിടെ എത്തി കുട്ടിയെ തിരിച്ചറിഞ്ഞു. എന്തുകൊണ്ടാണ് ശബരി വീടുവിട്ടതെന്നത് ഇനിയും വ്യക്തമായിട്ടില്ല.

വീട്ടിൽ നിന്ന് ഓട്ടോയിലാണ് ശബരി സ്‌കൂളിലേക്ക് പോയത്. അതുകൊണ്ട് തന്നെ ഓട്ടോയെ കണ്ടെത്തിയാൽ ശബരി എവിടെ ഇറങ്ങി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കിട്ടും. ഇതിന് പോലും പൊലീസിന് ശ്രമിച്ചിരുന്നില്ല. വീട്ടിൽ മറ്റൊരു പ്രശ്‌നവും ശബരിനാഥന് ഇല്ലായിരുന്നു. സന്തോഷവാനായാണ് സ്‌കൂളിലേക്ക് പോയതും. പട്ടം ആര്യാ സെൻട്രൽ സ്‌കൂളിലെ സഹപാഠികൾക്കും അദ്ധ്യാപകർക്കും ശബരിയെ കുറിച്ച് നല്ലതേ പറയാനുള്ളൂ. എല്ലാം ചോദിച്ചറിഞ്ഞിട്ടും ശാസ്ത്രീയമായ അന്വേഷണത്തിനോ ഒന്നും പൊലീസ് ശ്രമിച്ചില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ചിത്രവുമായി മറുനാടൻ വാർത്ത നൽകിയത്. സാമൂഹിക മാദ്ധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ ശബരി വീട്ടിൽ തിരിച്ചെത്താൻ അവസരമൊരുങ്ങി.

കോന്നി പെൺകുട്ടികളുടെ തിരോധാനവും മരണവും ഉണ്ടാക്കിയ കോലാഹലങ്ങൾക്കിടെയാണ് ശബരിയുടെ തിരോധാനവും എത്തിയത്. ഏന്നിട്ടും വേണ്ടത്ര കരുതൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.