- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ കാരയ്ക്കാട്ട് ഇല്ലത്ത് ശങ്കരൻനമ്പൂതിരി മേൽശാന്തിയാകും; മാളികപ്പുറത്ത് ഇഎസ് ഉണ്ണികൃഷ്ണനും; സന്നിധാനത്ത് നറക്കെടുപ്പ് നടത്തിയത് പന്തളത്തെ ഇളമുറക്കാർ
സന്നിധാനം: ശബരിമല മേൽശാന്തിയായി കോട്ടയം അയർക്കുന്നം കാരയ്ക്കാട്ട് ഇല്ലത്തിൽ ശങ്കരൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് ഞായറാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. നിലവിൽ ബാംഗ്ലൂർ ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ് എസ്.ഇ ശങ്കരൻ നമ്പൂതിരി. തിരുവഞ്ചൂർ സുബ
സന്നിധാനം: ശബരിമല മേൽശാന്തിയായി കോട്ടയം അയർക്കുന്നം കാരയ്ക്കാട്ട് ഇല്ലത്തിൽ ശങ്കരൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് ഞായറാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. നിലവിൽ ബാംഗ്ലൂർ ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ് എസ്.ഇ ശങ്കരൻ നമ്പൂതിരി. തിരുവഞ്ചൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു.
മാളികപ്പുറം മേൽശാന്തിയായി മാളികപ്പുറത്ത് ഇ.എസ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയേയും തെരഞ്ഞെടുത്തു. തൃശൂർ തെക്കുംകര സ്വദേശിയാണ് . വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കാണ് ഇവർ മേൽശാന്തിമാരായി പ്രവർത്തിക്കുക. ശബരിമല മേൽശാന്തി നറുക്കെടുപ്പിന് പതിനാലുപേരും മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിന് അഞ്ചുപേരുമാണ് നറുക്കെടുപ്പിന് അർഹത നേടിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എംപി.ഗോവിന്ദൻ നായർ, അംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരൻ എന്നിവർ അയ്യപ്പസന്നിധിയിൽ നടക്കുന്ന നറുക്കെടുപ്പിന് നേതൃത്വം നൽകാൻ സന്നിധാനത്ത് എത്തിയിരുന്നു.
ഇന്നു രാവിലെ ഇരുക്ഷേത്രങ്ങളുടെ സോപാനത്ത് നടന്ന നറുക്കെടുപ്പിൽ പന്തളം രാജകുടുംബത്തിലെ ഇളമുറക്കാരാണ് നറുക്കെടുത്തത്. നിലവിൽ ബംഗളൂരു ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ് ശങ്കരൻ നമ്പൂതിരി. തൃശൂർ പുന്നംപറമ്പ് തലപ്പിള്ളി തെക്കുംകര ഇടക്കാനം ഇല്ലത്തെ അംഗമാണ് ഇ.എസ് ഉണ്ണികൃഷ്ണൻ. നിലവിൽ കരുമക്കാട് ശിവക്ഷേത്രം മേൽശാന്തിയാണ്.
നവംബർ 16ന് നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരാകും ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നടകൾ തുറക്കുക. ഒരു വർഷമാണ് പുറപ്പെടാ മേൽശാന്തിമാരുടെയും കാലാവധി.
പ്രാഥമിക പട്ടികയിലുള്ള പേരുകൾ ഒരു പാത്രത്തിലും മേൽശാന്തിയെന്ന കുറിപ്പ് മറ്റൊരു പാത്രത്തിലും ഇട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും പൂജിച്ച് ദേവസ്വം കമ്മിഷണർക്ക് കൈമാറി. പന്തളം കൊട്ടാരത്തിലെ ശരൺ വർമ ശബരിമലയിലെയും ശിശിര പി. വർമ മാളികപ്പുറത്തെയും കുറിയെടുത്തു. തുലാമാസ പൂജയ്ക്കായി ഇന്നലെ വൈകിട്ടാണ് അയ്യപ്പ ക്ഷേത്രനട തുറന്നത്. മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി നടതുറന്ന് ദീപങ്ങൾ പകർന്നു. പതിനെട്ടാംപടിയിറങ്ങി ആഴിയും തെളിച്ചു. ഇന്ന് സഹസ്രകലശാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി നടക്കും. 22ന് ലക്ഷാർച്ചനയും സഹസ്രകലശാഭിഷേകവും കളഭാഭിഷേകവും ഉണ്ടാകും. അന്ന് രാത്രി 10ന് നട അടയ്ക്കും.
അഞ്ച് ദിവസത്തെ യജുർവേദ ലക്ഷാർച്ചന സന്നിധാനത്തിൽ ഇന്ന് ആരംഭിക്കും. വേദപണ്ഡിതൻ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് കാർമികത്വം വഹിക്കും. മഹാഗണപതി ഹോമത്തിനു ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര് കലശം പൂജിച്ചാണ് ആരംഭിക്കുന്നത്. 11 പണ്ഡിതർ വേദമന്ത്രങ്ങൾ ഉരുവിട്ട് അർച്ചന കഴിക്കും. എല്ലാ ദിവസവും വേദവാരവും ഉണ്ട്. മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ ചെലവിലാണ് ഇത് നടക്കുന്നത്.