പത്തനംതിട്ട: പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുമ്പോൾ അത് സുപ്രീംകോടതി വിധിയുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. എല്ലാം അയ്യപ്പ കോപമാണെന്നാണ് വിശ്വാസികളുടെ വിലയിരുത്തൽ. ഇതോടെ പ്രളയകാലത്തിന് സമാനമായ ചർച്ച വീണ്ടും സജീവമാകുകയാണ്.

രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് പമ്പ മണപ്പുറത്ത് പഴയ നടപ്പന്തൽ നിന്ന ഭാഗത്ത് കൂടി ഹോട്ടൽ കോംപ്ലക്സ് വരെ വെള്ളം കയറിരിക്കുന്നത്. കനത്ത മഴ തുടർന്നാൽ വീണ്ടും ത്രിവേണിയടക്കം വെള്ളത്തിലാകുമെന്നാണ് ഭയം. ഇതോടെ മണ്ഡലകാലം ലക്ഷ്യമിട്ടുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങളും താറുമാറായി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് മലചവിട്ടാൻ സുപ്രീം കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ശബരിമലക്കാടുകളിൽ മഴ ശക്തമായത്. ഇത് അയ്യപ്പകോപമാണെന്ന് ഭക്തർ പറയുന്നു.

ഇന്നലെ വൈകിട്ട് ഇടിമിന്നലിന്റെ അകമ്പടിയോടെ തുടങ്ങിയ കനത്ത മഴയ്ക്ക് നേരിയ ശമനം വന്നത് ഇന്ന് രാവിലെയാണ്. കഴിഞ്ഞ മാസം മഹാപ്രളയത്തിന് കാരണമായ മഴയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു മഴ. ഈ നില തുടർന്നാൽ വീണ്ടും പ്രളയത്തിന് സാധ്യതയുണ്ട്.
ഏറെ ദിവസമായി ഉച്ച കഴിഞ്ഞ് പമ്പയിൽ കനത്ത മഴയാണ്. മണലടിഞ്ഞ് ദിശമാറിയ പമ്പയുടെ ഒഴുക്ക് പൂർവ സ്ഥിതിയിലാക്കിയെങ്കിലും നദി നിരന്നൊഴുകുകയായിരുന്നു. ഇതോടെ ടാറ്റാ കൺസ്ട്രക്ഷൻ കമ്പനി നദിയിലെ മണ്ണ് വാരി എട്ടടിയോളം ആഴംകൂട്ടി. എന്നാൽ മഴ പെയ്ത് നദിയിലെ ഒഴുക്കിന് ശക്തി കൂടിയതോടെ ത്രിവേണി ഭാഗത്തെ മണ്ണ് ഒഴുകിയെത്തി ആഴം വീണ്ടും കുറഞ്ഞു.

ഗോഡൗണിലെ വെള്ളം കയറി നശിച്ച ശർക്കര, മാറ്റി ശുചീകരിക്കാൻ മഴ കാരണം കഴിഞ്ഞില്ല. പമ്പ ഗവൺ മെന്റാശുപത്രി കെട്ടിടത്തിൽ കയറി കിടക്കുന്ന മണലും നീക്കിയിട്ടില്ല. ത്രിവേണി പാലം മുതൽ ശർക്കര ഗോഡൗൺ വരെയുള്ള പാത (സർവീസ് റോഡ്) നിറയെ ചെളിയാണ്. ആശുപത്രി കെട്ടിട ത്തിന് മുൻവശത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നു. വൈദ്യുതി വകുപ്പിന്റെയും വാട്ടർ അഥോറിറ്റിയുടേയും പണികളേയും മഴ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാശം നേരിട്ട ടോയ്ലറ്റ് ബ്ലോക്കുകളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ബലക്ഷയമില്ലാത്ത കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കും.

ശർക്കര ഗോഡൗൺ അ മൃത ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് മാറ്റും. പമ്പാനദിയുടെ കിഴക്ക് ഭാഗത്ത് ഹിൽ ടോപ്പ് പാർക്കിന് ഗ്രൗണ്ടിലേക്കുള്ള പാതയുടെ തീരത്തോട് ചേർന്നുള്ള മണ്ണിടിഞ്ഞ 298 മീറ്റർ വരുന്ന ഭാഗം ടാറ്റാ കൺസ്ട്രക്ഷൻ ഏറ്റെടുത്ത് പുനഃനിർമ്മിക്കും. എന്നാൽ മഴ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നാ ആശങ്ക അധികൃതർക്കുണ്ട്. മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരം ചെയ്ത ഹോട്ടൽ സമുച്ചയം അന്നദാനപ്പുര എന്നീ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി വരുന്ന തീർത്ഥാടന കാലത്ത് തുറന്ന് കൊടുക്കും. യു ടേൺ ഭാഗത്തെ വേ ബ്രിഡ്ജ് അ റ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കും.

ഉരുൾപൊട്ടൽ മൂലം മണ്ണടിഞ്ഞ് നികന്ന കുന്നാർ ഡാമിലെ ചെളിനീക്കി ആഴം വർധിപ്പിക്കുകയാണ്. വനത്തിനുള്ളിലായതിനാലും മഴയായതിനാലും സന്നിധാനത്ത് നിന്ന് ഏറെ അകലെയുള്ള കുന്നാറിൽ ഒരു ദിവ സം നാല് മണിക്കൂർ സമയം മാത്രമേ ജോലി ചെയ്യാൻ കഴിയൂ. രാവിലെ എട്ടിന് സന്നിധാനത്ത് നിന്ന് തിരിച്ചാൽ 10 മണിയോടെ മാത്രമെ കുന്നാറിൽ എത്തുകയുള്ളൂ. ഉച്ച കഴിഞ്ഞ് രണ്ടിന് തിരികെ പോവുകയും വേണം.