പന്തളം: ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. നാമജപയജ്ഞവുമായി സംസ്ഥാനത്തുടനീളം ഭക്തർ പ്രതിഷേധിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തും പ്രതിഷേധം ഉയരുന്നുണ്ട്, അതിനിടെ ഈ മാസം 18നു മാസപൂജയ്ക്കു ശബരിമല നട തുറക്കുമ്പോൾ സ്ത്രീ പ്രവേശം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജിയും നൽകി. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കാൻ പലരും ഒരുങ്ങുന്ന സാഹചര്യത്തിൽ സ്ത്രീപ്രവേശം അനുവദിക്കാനുള്ള സർക്കാർ നടപടി നീട്ടിവയ്ക്കണമെന്നാണ് ആവശ്യം.

വിശ്വാസപരമായ കാരണങ്ങളാൽ പമ്പയ്ക്ക് അപ്പുറത്തേക്കു ഡ്യൂട്ടി ചെയ്യാൻ താൽപര്യമില്ലാത്ത വനിതാ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്കു നിർബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് എഎച്ച്പി (അന്താരാഷ്ട്ര ഹിന്ദുപരിഷത്ത്) ആണു ഹർജി നൽകിയത്. വനിതാ കോൺസ്റ്റബിൾമാരെ അവരുടെ താൽപര്യത്തിനു വിരുദ്ധമായി ശബരിമലയിൽ ഡ്യൂട്ടിക്കിടാനുള്ള ശ്രമമുണ്ട്. അടുത്ത മാസപൂജയ്ക്കു നട തുറക്കുന്നത് ഒക്ടോബർ 18നാണ്. സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധി വന്നശേഷം ഒക്ടോബർ 18നു മുൻപ് 41 ദിവസത്തെ വ്രതം പൂർത്തിയാക്കുകയെന്നത് അസാധ്യമാണെന്നും ഹർജിയിൽ പറയുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനും ഭാവിപരിപാടികൾ തീരുമാനിക്കാനും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃയോഗം നാളെ ഉച്ചയ്ക്ക് 3.30ന് എറണാകുളം ടിഡിഎം ഹാളിൽ ചേരും. അയ്യപ്പഭക്തരുടെ സമ്മേളനങ്ങൾ, പ്രാർത്ഥനായോഗങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനാണ് നേതൃയോഗം. മുപ്പതോളം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും.

ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും കോടതിയെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനായില്ലെന്നാണ് വിമർശനം. റിവ്യൂഹർജി നൽകി തിരുത്തലുകൾക്കു നടപടി സ്വീകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രിമുഖ്യന്മാർ, ആചാര്യന്മാർ, വിവിധ സമുദായനേതാക്കൾ തുടങ്ങി, കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന എല്ലാവരെയും ചേർത്ത് ചർച്ച ചെയ്ത് വിധിയിലെ പ്രായോഗികവും അപ്രായോഗികവുമായ നിലപാടുകൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണം. അതുവരെ കോടതിവിധി നടപ്പാക്കാനുള്ള സർക്കാർ നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. ഭാവി സമരത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് അയ്യപ്പ സംഘടനകളുടെ യോഗം ചേരുന്നത്. സംഘപരിവാറും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. അതിനിടെ പ്രതിഷേധത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് കൂടുതൽ രാഷ്ട്രീയക്കാർ പ്രതിഷേധത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.

നാമജപയജ്ഞങ്ങൾക്കും പിന്തുണ കൂടുകയാണ്. രാഷ്ട്രീയ നേതാക്കളും ഇതിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമുള്ള കൂട്ടായ്മയായി ഇത് മാറുകയാണ്. അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ തോന്നല്ലൂർ പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രത്തിനു സമീപം നാമജപയജ്ഞം തുടങ്ങി. തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള ഭദ്രദീപം തെളിച്ചു. തിരുവാഭരണപേടക വാഹകരും പല്ലക്ക് വാഹകരും ഭക്തരും ആദ്യ ദിവസത്തെ യജ്ഞത്തിൽ പങ്കെടുത്തു. സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന യജ്ഞം യോഗക്ഷേമ വനിതാസഭ സംസ്ഥാന പ്രസിഡന്റ് സി.എൻ. സോയ ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപ വർമ എന്നിവരും യജ്ഞത്തിൽ പങ്കെടുത്തു. ഇന്ന് ഭക്തർ സംയുക്തമായിട്ടാണ് നാമജപയജ്ഞം നടത്തുക. 10 മുതൽ 5 വരെയാണ് യജ്ഞം.

ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പന്തളം വലിയകോയിക്കൽ ദേവസ്വം ബോർഡ് ഓഫിസ് ഉപരോധിച്ചു. സർക്കാർ റിവ്യു പെറ്റിഷൻ നൽകുക, ദേവസ്വം ബോർഡ് സത്യവാങ്മൂലം പിൻവലിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച കുളനട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വകുപ്പ് മന്ത്രിയുടെ കോലവും കത്തിച്ചു. അതിനിടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പന്തളം കൊട്ടാരം നടത്തുന്ന പോരാട്ടത്തിന് പിന്തുണ അറിയിക്കാൻ കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി പന്തളം കൊട്ടാരത്തിൽ എത്തി.

കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം മാനിക്കാതെ ധൃതി പിടിച്ചു സുപ്രീം കോടതി വിധി നടപ്പാക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ പിടിവാശി നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി വാർഷികദിനമായ ഒൻപതിന് ആഘോഷങ്ങൾ ഒഴിവാക്കി കോട്ടയത്ത് സർവമത പ്രാർത്ഥന സംഘടിപ്പിക്കും. റിവ്യു ഹർജി നൽകാനുള്ള എൻഎസ്എസ് തീരുമാനത്തെ പിന്തുണയ്ക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു. മതസൗഹാർദത്തിന്റെ പ്രതീകമായ ശബരിമലയെ വിവാദകേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥും പ്രതികരിച്ചു.

ശബരിമലയിലെ ആചരാനുഷ്ഠാനങ്ങൾ നിലനിർത്താൻ പന്തളം കൊട്ടാരം നടത്തുന്ന പ്രവർത്തനങ്ങൾക്കു പിന്തുണ അറിയിക്കാൻ കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമയെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം എന്നാണ് കോൺഗ്രസിന്റെ എക്കാലത്തെയും നിലപാട്. ഇത് ഉയർത്തിപ്പിടിക്കുന്ന സത്യവാങ്മൂലമാണ് ഉമ്മൻ ചാണ്ടി സർക്കാർ ഈ കേസിൽ സുപ്രീം കോടതിക്കു മുൻപാകെ സമർപ്പിച്ചത്. എന്നാൽ, അതു തിരുത്തിയ പിണറായി സർക്കാർ സമന്വയത്തിന്റെ പാതയിൽ നിന്നു മാറി പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.