എരുമേലി: ശബരിമല ദർശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നൽകണമെന്നുമാവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. കറുകച്ചാൽ സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പൊലീസിന് സമീപിച്ചത്. എന്നാൽ സുരക്ഷ നൽകാനാവില്ലെന്ന് എരുമേലി പൊലീസ് അറിയിച്ചതിനെത്തുടർന്ന് യുവതി പ്രതിഷേധിച്ചു. ഇതിനിടെ പ്രതിഷേധക്കാരും എത്തി. ദളിത് സംഘടനാ നേതാവാണ് ബിന്ദു. രണ്ട് യുവാക്കൾക്കൊപ്പമാണ് ബിന്ദു എത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഇവരെ മുണ്ടക്കയം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ബിന്ദു ദളിത് ആക്ടിവിസ്റ്റാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുമുടി കെട്ടില്ലാതെയാണ് ബിന്ദു എത്തിയത്. ഈ സാഹചര്യത്തിൽ ബിന്ദുവിനെ സന്നിധാനത്തേക്ക് പൊലീസ് അയക്കില്ല. അന്വേഷണത്തിൽ ആക്ടിവിസ്റ്റാണെന്ന് തെളിഞ്ഞതു കൊണ്ടാണ് ഇത്. അതിനിടെ ഭക്തർ വന്നാൽ ശബരിമലയിലേക്ക് കൊണ്ടു പോകുമെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ സംഘപരിവാറിന്റെ നേതൃത്വത്തിൽ നിരീക്ഷണവും ശക്തമാണ്.

തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബർ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടർന്ന് നവംബർ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബർ 27 വരെയാണ് മണ്ഡലപൂജ. അതിനിടെ ഒരിക്കൽ ദർശനത്തിനായെത്തി മടങ്ങിയ മഞ്ജുവും ദർശനത്തിന് ഒരുങ്ങുന്നതായാണ് സൂചന. ഈ സാഹചര്യത്തിൽ അവർക്കെതിരെ കൊല്ലത്തെ വീടിന് മുമ്പിൽ തന്നെ പ്രതിഷേധം നടന്നു. യുവമോർച്ചയും മഹിളാ മോർച്ചയുമായിരുന്നു പ്രതിഷേധിച്ചത്.

നാലു ദിവസത്തിനിടെ പത്തു യുവതികളാണ് ദർശനത്തിനെത്തിയത്. എന്നാൽ പ്രതിഷേധം കാരണം ഇവരെ സന്നിധാനത്തെത്തിക്കാൻ സാധിച്ചില്ല. യുവതികളെത്താനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയാത്തതിനാൽ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്നലെ മാത്രം നാലു യുവതികൾ ശബരിമലയിലെത്തി. നാലു പേരും ആന്ധ്രാ സ്വദേശികളാണ്. സന്നിധാനത്തേക്കു പോകുന്നതിനു വേണ്ടി ശബരി എക്സ്‌പ്രസിൽ യുവതികളായ ഭക്തർ എത്തുന്നുണ്ടെന്ന് ഇന്നലെ വിവരമുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കി. യുവതികൾ എത്തിയാൽ തടയാൻ ഭക്തരും സംഘടിച്ചു. എന്നാൽ ചെങ്ങന്നൂരിൽ യുവതികളായ ഭക്തർ ആരും ഇന്നലെ ഇവിടെ എത്തിയിട്ടില്ല.

ഇന്ന് വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകൾക്കു വേണ്ടി നടത്തിയത്. ഭക്തരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പത്തോളം സ്ത്രീകളാണ് ദർശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. അതേസമയം പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽനിന്ന് മാധ്യമപ്രവർത്തകരോട് മടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.