ശബരിമല: സന്നിധാനത്തെ പൊലീസ് നിയന്ത്രണത്തിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. നെയ്യഭിഷേകത്തിന് തങ്ങുന്നവരെ അടക്കം പൊലീസ് സന്നിധാനത്തുനിന്ന് ഒഴിപ്പിക്കുന്ന അവസ്ഥയുണ്ടായി. പ്രായമായ സ്ത്രീകളേയും കുട്ടികളേയും പോലും സന്നിധാനത്ത് വിശ്രമിക്കാൻ പോലും അനുവദിച്ചില്ല. ആറു കിലോമീറ്റർ നീളുന്ന കഠിനമായ മലകയറ്റത്തിന് ശേഷമാണ് ഭക്തർ സന്നിധാനത്ത് എത്തുന്നത്. അതിന് ശേഷം പതിനെട്ടാംപടി കയറാൻ വലിയ ക്യൂവും ഉണ്ടാകും. അതുകൊണ്ട് തന്നെ ദർശനം കഴിയുമ്പോൾ പ്രായമായവരും കുട്ടികളും ക്ഷീണിക്കുന്നത് പതിവാണ്. ഇതിന് വേണ്ടിയാണ് വിരിവച്ച് ഭക്തർ സന്നിധാനത്ത് വിശ്രമിക്കുന്നത്. ഇതിനാണ് യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊലീസ് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഭക്തർ വലഞ്ഞു.

മനസില്ലാ മനസോടെയാണ് ഭക്തരെ പൊലീസും ഒഴുപ്പിക്കുന്നത്. മുകളിൽ നിന്നുള്ള തീരുമാനങ്ങളിൽ വിശ്വാസികളായ പൊലീസുകാരെല്ലാം അതൃപ്തരുമാണ്. ഇത്തരത്തിൽ പൊലീസിൽ അതൃപ്തി പുകയുമ്പോഴും ഭക്തരെ കർശനമായി നേരിടാനാണ് പൊലീസിന് ഡിജിപിയും മറ്റും നൽകിയിരിക്കുന്ന നിർദ്ദേശം. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ ഇരുമുടി കെട്ടുമായി മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്തു. പട്ടികമോർച്ചാ നേതാവ് പി സുധീറിനെ സന്നിധാനത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും പ്രകോപനമുണ്ടാക്കാതെയാണ് അറസ്റ്റ്. ബിജെപി-ഹിന്ദു സംഘടനാ നേതാക്കളും സന്നിധാനത്ത് എത്താതിരിക്കാനാണ് ഇത്തരത്തിൽ അറസ്റ്റ്. അതുകൊണ്ട് തന്നെ സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാൻ ആളുണ്ടാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

ഹരിവരാസനം പാടി 10 മണിയോടെ നടയടച്ചതിന് ശേഷമാണ് സന്നിധാനത്ത് തങ്ങുന്നവരെ പൊലീസ് ഒഴിപ്പിക്കൻ തുടങ്ങിയത്. എന്നാൽ വിരിവെക്കാൻ സ്ഥലം വേണമെന്ന് ഭക്തർ ആവശ്യപ്പെട്ടെങ്കിലും എവിടെ തങ്ങണമെന്ന് ഭക്തർക്ക് നിർദ്ദേശം നൽകിയില്ല. ഇതിനിടെ പ്രതിഷേധവുമായി ബിജെപി നേതാവ് വി വി രാജേഷും സംഘവും എത്തി. ദേവസ്വം ബോർഡ് പ്രസിഡന്റുമായും പൊലീസ് ഉദ്യോഗസ്ഥരുമായും രാജേഷ് സംസാരിച്ചു. റിപ്പോർട്ട് ചെയ്യാൻ ചാനലുകളും എത്തി. ഇതിനിടെയിലും വർഷങ്ങളായി വിരിവെക്കുന്ന സ്ഥലങ്ങളിൽ നിന്നുവരെ ഭക്തരെ ഒഴിപ്പിച്ചു. കുട്ടികളുമായെത്തിയവരെ വരെ ഒഴിപ്പിച്ചു. ഇതെല്ലാം സന്നിധാനത്ത് പതിവില്ലാത്ത പൊലീസ് ഇടപെടലായിരുന്നു.

സന്നിധാനത്ത് നിന്ന് ആരെയും ബലംപ്രയോഗിച്ച് ഒഴിപ്പിക്കില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് ബലം പ്രയോഗിച്ചില്ലെങ്കിലും സന്നിധാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിരിവെച്ച ഭക്തരെ ഒഴിപ്പിക്കുന്നത്. ഇവരോട് താഴേക്ക് മടങ്ങിപ്പോകാനാണ് നിർദ്ദേശിച്ചത്. എന്നാൽ നിർബന്ധപൂർവ്വം അത് ചെയ്യിക്കുകയും ചെയ്തു. ആരെയും ആചാരങ്ങൾ ലംഘിക്കുന്ന തരത്തിൽ സന്നിധാനത്തുനിന്ന് ഒഴിപ്പിക്കില്ലെന്ന ഉറപ്പ് ദേവസ്വം ബോർഡ് നൽകിയിരുന്നു. ഇതും ലംഘിക്കപ്പെട്ടു. നെയ്യഭിഷേകം നടത്താനാവാതെ നിരവധി ഭക്തർക്ക് പൊലീസ് നടപടി മൂലം പമ്പയിലേക്ക് മടങ്ങേണ്ടി അവസ്ഥയുണ്ടായി. അയ്യപ്പന്മാർ വിരിവെക്കുന്ന വലിയ നടപ്പന്തലിൽ പൂർണമായും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ആരും ഇവിടെ തങ്ങാതിരിക്കാനാണ് ഇത്.

വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് എത്തിയ ഭക്തർ നെയ്യഭിഷേകം കഴിയാതെ തിരിച്ചിറങ്ങാതിരിക്കുകയും ശനിയാഴ്ച പുലർച്ചെ മുതൽ കൂടുതൽ ഭക്തർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങുകയും ചെയ്യുന്നത് തിരക്കിന് കാരണമാകും. പമ്പയിൽ നൂറുകണക്കിന് ഭക്തരേയാണ് പൊലീസ് സന്നിധാനത്തേക്ക് കയറ്റിവിടാതെ തടഞ്ഞത്. ഇവർകൂടി സന്നിധാനത്തേക്ക് എത്തുന്നതോടെ സന്നിധാനത്ത് തിരക്ക് അധികമാകും. ഇതിനൊപ്പം പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്. പൊലീസിനെ ആരു ചോദ്യം ചെയ്താലും അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇതിലൂടെ സന്നിധാനത്ത് പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം.

നിലവിൽ രാത്രി ആരെയും മലചവിട്ടാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. നടതുറക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടുകയുള്ളു. ഇത് തിരക്ക് ക്രമാതീതമായി കൂടുമ്പോൾ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കും. അതിനിടെ ശബരിമലയിൽ യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം ചോദിച്ച് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇന്നോ നാളെയോ ഹർജി നൽകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ചന്ദ്ര ഉദയ് സിങ് ബോർഡിനു വേണ്ടി ഹാജരാകും. ഇന്നലെ പമ്പയിൽ ചേർന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ഇത് കോടതി അംഗീകരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നിയന്ത്രണങ്ങൾ എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.

പ്രളയത്തിൽ തകർന്ന പമ്പയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള കാലതാമസം, യുവതീ പ്രവേശന വിധിയെ തുടർന്ന് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയിലുണ്ടായ ഗുരുതര ക്രമസമാധന പ്രശ്‌നങ്ങൾ എന്നിവ ഹർജിയിൽ ചൂണ്ടിക്കാട്ടും. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ഹർജി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതെന്ന് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. പമ്പയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനും ഉന്നതാധികാര സമിതി നിർദ്ദേശിച്ച പ്രകാരം വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും സമയം വേണ്ടിവരുമെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കും. അതിനിടെ സാവകാശ ഹർജി നൽകുന്നതിനാൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് ബോർഡ് പിന്മാറിയതായി കാണേണ്ടതില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ വിധി നടപ്പാക്കണമെന്നാണ് ബോർഡിന്റെ നിലപാട്. ശബരിമലയിൽ സമാധാനപരമായ തീർത്ഥാടന കാലം മുന്നോട്ടു കൊണ്ടുപോകുന്നതിന് മുഖ്യമന്ത്രി, തന്ത്രിമാർ, പന്തളം കൊട്ടാരം തുടങ്ങിയവരുമായി പലവട്ടം ചർച്ച നടത്തി.

സാവകാശ ഹർജി നൽകാൻ തീരുമാനിച്ചത് മൂന്നര മണിക്കൂർ നീണ്ട യോഗത്തിനൊടുവിലാണ്. രണ്ടു മണിയോടെ തുടങ്ങിയ ബോർഡ് യോഗത്തിൽ പ്രസിഡന്റിനെ കൂടാതെ അംഗം കെ.പി. ശങ്കരദാസ്,? കമ്മിഷണർ എൻ. വാസു, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചർച്ചയ്ക്കിടെ ബോർഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകരായ സുധീർ, ശശികുമാർ, രാജ് മോഹൻ എന്നിവരുമായി സംസാരിച്ചു. സാവകാശ ഹർജി നൽകുന്നതിന് തടസമില്ലെന്നാണ് ലഭിച്ച നിയമോപദേശം. വൈകിട്ട് 5.25നാണ് യോഗം അവസാനിച്ചത്.