തിരുവനന്തപുരം: ശബരിമല നിരീക്ഷണ സമിതിക്ക് മൂക്ക് കയർ ഇടാനുള്ള ഇടത് സർക്കാർ നീക്കം തിരിച്ചടിച്ചേക്കും ശബരിമലയിൽ നിരീക്ഷണ സമിതി കർക്കശമായി നീങ്ങുമെന്ന് മനസിലാക്കിയാണ് ഹൈക്കോടതി തീരുമാനത്തിന്നെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. പക്ഷെ ഈ നീക്കത്തിന്നെതിരെ ഭരണതലത്തിൽ തന്നെ എതിർപ്പ് ശക്തമാണ്. സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയേൽക്കുമോ എന്ന സംശയം കാരണമാണ് ഭരണവൃത്തങ്ങളിൽ നിന്നും എതിർപ്പ് ഉയരാൻ കാരണം. സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും മുകളിൽ നിരീക്ഷണ സമിതി നിലകൊള്ളുന്നതിൽ സർക്കാരിനുള്ള അതൃപ്തിയാണ് സുപ്രീംകോടതിയിലെക്കുള്ള നീക്കത്തിന് പിന്നിൽ.

ഇന്നലെ നിരീക്ഷണ സമിതി കൊച്ചിയിൽ യോഗം ചേരുകയും ഇന്നുതന്നെ ശബരിമല സന്ദർശിക്കാൻ തീരുമാനമെടുക്കുകയും ചെയ്തതിലുള്ള അപകടം മനസിലാക്കിയാണ് ബുധനാഴ്ച തന്നെ ഈ വിഷയത്തിൽ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ സർക്കാർ തയ്യാറെടുക്കുന്നത്. നിരീക്ഷണ സമിതി ശബരിമലയിൽ കർശന ഇടപെടൽ നടത്തുമെന്നും സമിതി തീരുമാനങ്ങളും ഇടപെടലുകളും സർക്കാർ വിരുദ്ധമാകുമെന്നും കണക്കുകൂട്ടിയുള്ള നീക്കമാണിത്. ഇന്നലത്തെ സമിതി യോഗത്തിൽ ഹാജരായ ദേവസ്വം കമ്മിഷണറിൽ നിന്ന് ശബരിമല സംബന്ധമായ എല്ലാ കാര്യങ്ങളും നിരീക്ഷണ സമിതി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇത് സമിതി പിന്നീട് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. സമിതിയുടെ ചോദ്യങ്ങളിൽ നിന്ന് സർക്കാർ അപകടം മനസിലാക്കുകയും ഏത് രീതിയിൽ ഉള്ള ഇടപെടലാണ് സമിതി ശബരിമലയിൽ നടത്താൻ പോകുന്നതെന്ന് മനസിലാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സമിതിയെ നിർവീര്യമാക്കാനുള്ള സർക്കാർ നീക്കം. ഇത് വേറൊരു അപകടം കൂടി വരുത്തുകയും ചെയ്യും. ശബരിമല പ്രശ്‌നത്തിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ സർക്കാരിന്റെ ഈ പുതിയ നീക്കത്തോടെ നഷ്ടമാകുകയും ചെയ്യും. ശബരിമല ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നു മനസിലാക്കിയാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ ശബരിമല ഇടപെടൽ നടത്താൻ നിയോഗിച്ചത്. ഈ ഇടപെടലിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങുമ്പോൾ ശബരിമല പ്രശ്‌നത്തിൽ സർക്കാരിനെ ഹൈക്കോടതിയും കയ്യൊഴിയും. ശബരിമല സംബന്ധമായി ഒട്ടനവധി കേസുകൾ ഇപ്പോൾ ഹൈക്കോടതി മുൻപാകെയുണ്ട്. ഈ കേസുകളിൽ എല്ലാം തന്നെ സർക്കാരിനു തിരിച്ചടിയേൽക്കാൻ സാധ്യതയും ഒപ്പം ഉയർന്നു വരുന്നുണ്ട്.

പക്ഷെ സർക്കാർ നീക്കം മുഖവിലയ്‌ക്കെടുക്കാതെയാണ് നിരീക്ഷണസമിതിയുടെ നീക്കം. ഇന്നു തന്നെ സമിതി ശബരിമലയിലേക്ക് നീങ്ങുകയാണ്. ഇന്നു നിലയ്ക്കലിലാണ് സമിതി എത്തുന്നത്. നാളെ സന്നധാനത്തേക്ക് നീങ്ങും. ബെയ്‌സ് ക്യാമ്പ് നിലയ്ക്കൽ ആയതിനാലാണ് ആദ്യ സന്ദർശനം നിലയ്ക്കലിൽ നിന്ന് തന്നെ സമിതി ആരംഭിക്കുന്നത്. ദേവസ്വം കമ്മിഷണറിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ മുഴുവൻ ശരിയാണോ എന്നാണ് സമിതി ആദ്യം പരിശോധിക്കുന്നത്. ഇതിനായി നിലയ്ക്കൽ മുതലുള്ള എല്ലാ കാര്യങ്ങളും പരിശോധനാ വിഷയമാക്കുന്നുണ്ട്. ഭക്തർക്ക് മാർഗ തടസം സൃഷ്ടിക്കുന്ന എല്ലാ തടസ്സങ്ങളും സമിതി മാറ്റും. സമിതിയ്‌ടെ ശ്രദ്ധ പതിയുന്ന ആദ്യം കാര്യം തന്നെ ഇതാണ്. അതേസമയം നിരോധനാജ്ഞ ഹൈക്കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ സമിതി ഈ കാര്യത്തിൽ ഇടപെടൽ നടത്തുകയുമില്ല.

പക്ഷെ നിലവിലെ പൊലീസ് രാജിന് സമിതി അവസാനം കുറിക്കുക തന്നെ ചെയ്യും. പൊലീസ്-ബാരിക്കേഡ് രാജ് അവസാനിപ്പിക്കുക അത് ഭക്തർക്ക് മാർഗതടസം ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ്. ഇത് ഇന്നലെ സമിതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയിലെ അസൗകര്യങ്ങൾ സമിതി നേരിട്ട് മനസിലാക്കും. അതിനു ശേഷം തീരുമാനം വരും. ശബരിമലയിലെത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കുക, 24 മണിക്കൂറും ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ മുൻഗണനയാകും. സമിതി ഇന്നലെ പറഞ്ഞു. ശബരിമലയിൽ ബാരിക്കേഡുകൾ കൂടുതലായുള്ളത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ പരിശോധിക്കും. ഇതിൽ നിന്ന് സമിതിയുടെ പോക്ക് എങ്ങോട്ടാണെന്നത് സർക്കാരിനു വ്യക്തമാകുന്നു.

ശബരിമലയിലെ പൊലീസ് രാജിന് അന്ത്യമാകുന്നത് സർക്കാരിനു രുചിക്കുന്ന കാര്യമല്ല. ഇതാണ് അതിവേഗം സമിതിക്കെതിരെ നീങ്ങാൻ സർക്കാർ തയ്യാറെടുക്കുന്നത്. സമിതിയുടെ സാന്നിധ്യം ശക്തമാകുന്നതോടെ ശബരിമല സുഗമമായ തീർത്ഥാടനം സുഗമമായി മാറും. ശബരിമലയിൽ ബോർഡ് തീരുമാനങ്ങൾ ഇനി സമിതിയുമായി ആലോചിച്ച് മാത്രമേ നടപ്പിലാക്കാൻ കഴിയൂ. ഈ കാര്യത്തിൽ ബോർഡിനും അതൃപ്തിയുണ്ട്. പക്ഷെ സർക്കാരിനും ബോർഡിനുമുള്ള അതൃപ്തിയൊന്നും കണക്കിലെടുക്കാതെയാണ് സമിതിയുടെ നീക്കം. ദർശനം സുഗമമാക്കാൻ ആവുന്നത് മുഴുവൻ ചെയ്യാനാണ് സമിതി തീരുമാനം. ഈ രീതിയിൽ സമിതി നീങ്ങുമ്പോൾ പൊലീസ് ബൂട്ടിന്നടിയിൽ നിന്ന് സന്നിധാനം മുക്തമാക്കാനുള്ള തീരുമാനം കൂടി വന്നേക്കുമെന്ന് സർക്കാർ ഭയക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ നിരീക്ഷണ സമിതിയുടെ നീക്കങ്ങളെ ഭയന്നാണ് സുപ്രീംകോടതിയിലേക്ക് പോകുന്നത് എന്ന് സർക്കാർ ഒളിച്ചു വയ്ക്കുന്നു.

പകരം പറയുന്നത് ഇതാണ്. ഹൈക്കോടതി തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. ഈ തീരുമാനത്തിന്നെതിരെയാണ് സുപ്രീംകോടതിയിൽ പോകുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടത് ഹൈക്കോടതിയുടെ മേൽനോട്ടത്തിലല്ല. അതിനു സർക്കാരുണ്ട്. ഇതാണ് സർക്കാർ വാദം. പക്ഷെ ഈ വാദങ്ങൾ മുഖവിലയ്ക്ക് എടുക്കാൻ സുപ്രീംകോടതി തയ്യാറാകാതെ വന്നാൽ ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും ഒരേ സമയം തിരിച്ചടിയേൽക്കേണ്ടി വരുന്ന അവസ്ഥാ വിശേഷം കൂടി സർക്കാരിനു മുന്നിൽ വരും. ഇപ്പോൾ തന്നെ ശബരിമല പ്രശ്‌നത്തിൽ സർക്കാർ പെട്ടിരിക്കുകയാണ്.ബിജെപി നിയോഗിച്ച എംപിമാരുടെ സംഘം ഇന്നലെ കൊച്ചിയിലെത്തി ശബരിമല പ്രശ്‌നത്തിൽ തെളിവെടുപ്പ് നടത്തുകയും ഗവർണർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തീർത്ഥാടകർ പീഡിപ്പിക്കപ്പെടുന്നു എന്നാണ് ബിജെപി സംഘം ഗവർണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.

ഈ കാര്യത്തിൽ സംസ്ഥാനസർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ പി.സദാശിവം ഉറപ്പുനൽകിയതായി ബിജെപി സംഘം ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്ര സംഘത്തിന്റെ സംഘമായതിനാൽ ഗവർണറുടെ നടപടികളും ഈ കാര്യത്തിൽ താമസം വിനാ സർക്കാരിന്റെ മുന്നിലേക്ക് വരും. ഈ കാര്യത്തിൽ ഗവർണർക്കും സർക്കാർ വിശദീകരണം നൽകേണ്ടി വരും. മുൻപ് ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞതാണ് ഇപ്പോൾ ശരിയായി വരുന്നത്. ശബരിമല കാര്യത്തിൽ സർക്കാർ ചെകുത്താനും കടലിനും മധ്യേയാണ്. പക്ഷെ ശബരിമല കാര്യത്തിൽ ഹൈക്കോടതിക്ക് എതിരെയുള്ള സർക്കാർ നീക്കം നിലവിൽ സർക്കാർ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കുകയാണ്.