ശബരിമല: ശബരിമല വീണ്ടും സജീവമാകുന്നു. സന്നിധാനത്തെത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടി. വെള്ളി, ശനി ദിവസങ്ങളിൽ മാത്രമെത്തിയത് രണ്ടുലക്ഷത്തോളം തീർത്ഥാടകരാണ്. ഇതോടെ, തീർത്ഥാടകരുടെ എണ്ണത്തെച്ചൊല്ലി ദേവസ്വംബോർഡിനുണ്ടായിരുന്ന ആശങ്ക മാറുകയാണ്. രാവിലെ ആറിനും എട്ടിനും ഇടയ്ക്കുള്ള സമയത്താണ് ഇപ്പോൾ തിരക്കുള്ളത്.

വൈകീട്ട് ആറുമുതൽ രാത്രി 12 വരെ തിരക്കു കുറവാണ്. ഇപ്പോഴും മലയാളികൾ മല ചവിട്ടുന്നത് തീരെ കുറവാണ്. ഇതരസംസ്ഥാന ഭക്തരാണ് കൂടുതലായി എത്തുന്നത്. ദേവസ്വം ബോർഡിന്റെ പരസ്യം നൽകലും മറ്റുമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. നട തുറന്നപ്പോൾ ഇതരസംസ്ഥാന അയ്യപ്പ ഭക്തരും ശബരിമലയിൽ എത്തിയിരുന്നില്ല. യുവതി പ്രവേശന വിധിയിലെ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. ഇത് ബോർഡിനെ വലിയ പ്രതിസന്ധിയിലാക്കി. അനാവശ്യമായി പൊലീസിനെ വിന്യസിച്ചും ഭക്തരെ തടഞ്ഞ് പരിശോധിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും സർക്കാർ തന്നെ ഭക്തരെ പേടിപ്പെടുത്തുകയായിരുന്നു. ഇതാണ് ഭക്തരെ ആദ്യം അകറ്റിയത്.

ഇതോടെ ദേവസ്വം ബോർഡ് തന്ത്രപരമായി നീങ്ങി. ഇതരസംസ്ഥാനങ്ങളിൽ ശബരിമല സുരക്ഷിതമാണെന്ന പരസ്യം നൽകി. ഇതോടൊപ്പം ഭക്തരേയും നേരിട്ട് കണ്ടു. ഗുരുസ്വാമിമാരെ സന്നിധാനത്തുകൊണ്ടു വന്നു. ദർശനത്തോടൊപ്പം ശബരിമലയിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും നേരിട്ടറിയാനെത്തിയ മറ്റ് സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാർ മടങ്ങിചെന്നത് തീർത്ഥാടകരുടെ വരവിലും പ്രതിഫലിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഭക്തരുടെ എണ്ണത്തിൽ നല്ല വർധന ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച ഈ ഉത്സവകാലത്തെ ഏറ്റവും വലിയ തിരക്കാണുണ്ടായത്. രാത്രി 12 വരെ 82360 പേരാണ് മല ചവിട്ടിയത്. വെള്ളിയാഴ്ച ഇത് 79200 ആയിരുന്നു. ഞായറാഴ്ചയും നല്ല തിരക്കനുഭവപ്പെട്ടു. അതേ സമയം മലയാളികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

വലിയ ഭക്തസംഘങ്ങളുമായി എത്തിയിരുന്ന ഗുരുസ്വാമിമാർ മിക്കവരും ഇത്തവണ സന്നിധാനത്തേക്ക് ഒറ്റയ്ക്കാണ് വന്നുമടങ്ങിയത്. ശബരിമലയിലെ പൊലീസ് നടപടികളും നിരോധനാജ്ഞയും മറ്റും അറിഞ്ഞ് ഒപ്പമുണ്ടായിരുന്നവരെ ഒഴിവാക്കിയിരുന്നു. സ്ഥിതി പഴയതിലും ശാന്തമായതിനാൽ നാട്ടിലെത്തി മറ്റുള്ളവരെകൂട്ടി വരാനായിരുന്നു മടക്കം. അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയാണ് ഗുരുസ്വാമിമാരുടെ തീരുമാനം.

സന്നിധാനത്തും പമ്പയിലും തുടരുന്ന നിയന്ത്രണങ്ങളോട് ഇപ്പോഴും ഭക്തർക്ക് അസംതൃപ്തിയുണ്ട്. അത് അവർ മറച്ചുവെക്കുന്നില്ല. രണ്ടിടത്തും തീർത്ഥാടകർക്ക് പഴയപോലെ വരാനും പോവാനും സാധിക്കുന്നില്ല എന്നതാണ് പ്രധാന പരാതി. മുൻപ് തീർത്ഥാടനത്തിനെത്തിയാൽ സ്വന്തമെന്ന തോന്നലുണ്ടായിരുന്നിടത്ത് ഇപ്പോൾ വിലക്കുകൾമൂലം നഷ്ടമായെന്ന് ഇവർ പറയുന്നു.