പുനലൂർ: ശബരിമല കയറാൻ തമിഴ്‌നാട്ടിൽ നിന്നുള്ള സ്ത്രീകളുടെ സംഘം ശബരിമല കയറാൻ എത്തുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവർ എത്തിയാൽ തന്നെയും മലചവിട്ടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭക്തർ. ഇതോടെ ഈ സീസണിൽ ആരും തന്നെ മലചലവിട്ടുമെന്ന കാര്യം ഉറപ്പില്ല. അതുകൊണ്ട് തന്നെ ഭക്തർ ശബരിമല പാതയിലൊക്കെ ജാഗരൂകരായിരിക്കയാണിപ്പോൾ.

തമിഴ്‌നാട്ടിൽ നിന്നുള്ള യുവതികളുടെ തീർത്ഥാടക സംഘത്തെ ശബരിമല ദർശനത്തിന് എത്തിയവരാണെന്ന അഭ്യൂഹത്തെത്തുടർന്ന് ദേശീയപാതയിൽ തടഞ്ഞു സംഭവമാണ് ഇന്നലെ അരങ്ങേറിയത്. ചുവപ്പ് ധരിച്ചിരുന്ന 27 യുവതികളെയാണ് ആര്യങ്കാവ്, ഒറ്റക്കൽ ജംക്ഷൻ, പുനലൂർ ടിബി ജംക്ഷൻ എന്നിവിടങ്ങളിൽ തടഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇരുമുടിക്കെട്ടോ ശബരിമലയ്ക്കു പോകുന്നവരെന്നു തെളിയിക്കുന്ന മറ്റെന്തെങ്കിലുമോ കണ്ടെത്താൻ സാധിച്ചില്ല.

വിവിധ പ്രായപരിധിയിലുള്ളവർ സംഘത്തിലുണ്ടായിരുന്നു. സമാധാനപരമായി കാര്യങ്ങൾ അന്വേഷിച്ച ശേഷം ഇവരെ തിരുവനന്തപുരത്തേക്കു യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താനാണ് തങ്ങൾ എത്തിയതെന്നു ടിബി ജംക്ഷനിൽ പൊലീസിന്റെ സാന്നിധ്യത്തിൽ യുവതികൾ അറിയിച്ചു. ശബരിമലയിലെ വിഷയങ്ങൾ തങ്ങൾക്ക് അറിയാമെന്നും ശബരിമല ദർശനത്തിനു പദ്ധതിയില്ലെന്നും സംഘം അറിയിച്ചതോടെയാണ് ഇവർക്ക് മേലുള്ള സംശയം തീർന്നത്.

അയ്യപ്പ ഭക്തരോടൊപ്പം വിവിധ അയ്യപ്പ സംഘടനാപ്രവർത്തകരും ഹിന്ദു സംഘടനകളുടെ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു. ടിബി ജംക്ഷനിലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ത്രീകൾക്ക് സുരക്ഷ ഒരുക്കി. എന്നാൽ ആരും തങ്ങളെ തടഞ്ഞില്ലെന്നും യാത്രയുടെ ഉദ്ദേശ്യം ചോദിച്ചറിയുകയായിരുന്നുവെന്നും സംഘത്തിലെ മുതിർന്ന അംഗം പൊലീസിനോട് പറഞ്ഞു.

ഇവരെ അഞ്ചൽ, ആയൂർ വഴി തലസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്തു. ആര്യങ്കാവിൽ എത്തിയ യുവതികൾ ശബരിമലയ്ക്കു പോകുന്നവരാണെന്നു പ്രചരണം ഉണ്ടായതിനെത്തുടർന്നാണ് വഴിതടഞ്ഞ സംഭവമുണ്ടായത്. ഈ വിവരം അറിഞ്ഞ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇവരെ തടയുന്നതിനു ചില സംഘടനകൾ സന്ദേശം കൈമാറിയിരുന്നതായി അറിയുന്നു. ഇവർ ഒരേവേഷത്തിൽ വന്നതോടെയാണ് ശബരിമല തീർത്ഥാടകരാണെന്നു സംശയം ഉണ്ടായത്.

കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായി യുവതികളടങ്ങുന്ന സംഘം ഡിസംബർ 23ന് ശബരിമല ചവിട്ടാൻ തയ്യാറെടുക്കുന്നവെന്നാണ് നേരത്തെ പുറത്തുവന്ന കേരളം.'നവോത്ഥാന കേരളം ശബരിമലയിലേക്ക്'എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അമ്ബതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലള്ളതെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്‌നാട് കേന്ദ്രമാക്കി സത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'മനിതി'എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള സ്ത്രീകൾ ശബരിമലയിലെത്തുന്നതെന്നാണ് വിവരം.

ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.ശബരിമല പ്രവേശനം നടത്താൻ സഹായമാവശ്യപ്പെട്ട് രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന് 'മനിതി' കത്തുകൾ അയച്ചെങ്കിലും ഇവക്കൊന്നും മറുപടി ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു.മുമ്ബ് ശബരിമലയിലേക്ക് വന്ന യുവതികൾക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവർക്ക് അയ്യപ്പ സന്നിധിയിലെത്താൻ കഴിയാതിരുന്നത്. ലിംഗസമത്വത്തിൽ വിശ്വസിക്കുന്ന ഇടത് സർക്കാർ തങ്ങൾക്ക ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തിൽ വ്യക്തമാക്കുന്നു.

വിശ്വാസികൾ പരമ്ബരാഗത രീതിയിൽ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഇവർ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നും പത്ത് യുവതികൾ ഉണ്ടാകുമെന്നാണ് വിവരം. ആചാരലംഘനം നടത്താൻ അനുവദിക്കില്ലെന്ന് അയ്യപ്പ ഭക്തർ ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുന്നതോടെ സംഘത്തിന്റെ ശബരിമലയിലേക്കുള്ള വരവ് സർക്കാരിന് തലവേദനയാകും. നേരത്തെ ശബരിമല ദർശനത്തിനെത്തിയ യുവതികളിൽ ചിലരെ സഹായിക്കാൻ പൊലീസ് ശ്രമിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആചാരലംഘനം ഉണ്ടാവുമെന്ന സങ്കടത്തിൽ ്അയ്യപ്പ ഭക്തൻ ആത്മാഹൂതി ചെയ്ത സംഭവത്തിനിടെ യുവതികൾ ആചാരലംഘനത്തിനെത്തുന്നത് വലിയ സംഘർഷത്തിനും വഴിവെച്ചേക്കാമെന്ന ആശങ്ക പൊലീസിനുണ്ട്.