പമ്പ: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കാനുറച്ച് എത്തിയ മനിതി സംഘത്തെ പമ്പയിൽ വിശ്വാസികൾ തടഞ്ഞു. നാമജപ പ്രതിഷേധവുമായി വിശ്വാസികൾ പമ്പയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ മധുരയിൽ നിന്ന് വന്ന യുവതി സംഘവും രണ്ടും കൽപ്പിച്ചാണ്. മലചവിട്ടിയേ അടങ്ങൂവെന്ന നിലപാടിലാണ് യുവതികളുടെ സംഘവും. ഇതോടെ ശബരിമലയിൽ പ്രതിഷേധം ശക്തമാണ്. അതിനിടെ ആചാര ലംഘനമുണ്ടായാൽ ക്ഷേത്ര നട അടയ്ക്കണമെന്ന നിർദ്ദേശം പന്തളം കൊട്ടാരം തന്ത്രിക്ക് നൽകിയിട്ടുണ്ട്. ആചാര സംരക്ഷണത്തിന് കൊട്ടാരം പറഞ്ഞത് അനുസരിക്കുമെന്നാണ് തന്ത്രിയുടെ നിലപാട്. അതുകൊണ്ട് തന്നെ യുവതികൾ സന്നിധാനത്ത് എത്തിയാൽ നട അടച്ച് താക്കോൽ ദേവസ്വം ബോർഡിന് നൽകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യവും പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ അനുനയത്തിനാണ് പൊലീസിന്റെ ശ്രമം. എന്നാൽ മനിതി സംഘടന തിരിച്ചു പോകാൻ തയ്യാറല്ല.

ശബരിമല ദർശനത്തിനു എത്തിയത് 20 വയസ്സുള്ള യുവതിയടക്കം 11 പേരാണ്. ഇതിൽ മല കയറുന്നതു 6 പേർ മാത്രമാണ് തയ്യാറായത്. എല്ലാവരും തമിഴ്‌നാട്ടിൽ നിന്നും എത്തിയത്കറുത്ത വസ്ത്രം അണിഞ്ഞായിരുന്നു. കുമിളി വഴി എത്തിയ ടെമ്പോ ട്രാവലറിനെ മൂന്നിടങ്ങളിൽ തടയാൻ ശ്രമം നടന്നു. പാതിരാത്രിയിൽ യാത്ര ചെയ്തതിനാൽ എതിർപ്പ് കുറഞ്ഞു. പമ്പവരെ കാര്യമായ പ്രശ്‌നമില്ലാതെ അവരെത്തി. ബലിതർപ്പണത്തിനു വിസമ്മതിച്ചു കർമ്മികളും കെട്ട് നിറക്കാൻ പറ്റില്ലെന്ന് ശാന്തിമാരും പറഞ്ഞത് പ്രതിസന്ധിയായി. മനീതി സംഘത്തിലെ യുവതികളും ശാന്തിമാരും തമ്മിൽ തർക്കവുമുണ്ടായി. സ്വയം കെട്ട് നിറച്ച് അവർ മുന്നോട്ട് പോയി. അപ്പോഴാണ് വിശ്വാസികളുടെ പ്രതിഷേധം തുടങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള യുവതീ സംഘം നിരവധി ഇടങ്ങളിലെ പ്രതിഷേധങ്ങൾ മാറി കടന്നാണ് അതിരാവിലെ മൂന്നു മണിയോടെ നിലയ്ക്കലിൽ എത്തിയത്. അവിടെ നിന്ന് പൊലീസ് സുരക്ഷയുടെ പമ്പയിൽ എത്തി ശബരിമല കയറി തുടങ്ങി. വഴിനീളെ പ്രതിഷേധങ്ങളും വാഹനം തടയലും ഉണ്ടായിരുന്നു. എല്ലാത്തിനെയും മാറി കടന്നാണ് ഇവർ പമ്പയിൽ എത്തിയത്.

തമിഴ്‌നാട്ടിൽനിന്നുള്ള മനിതി പ്രവർത്തകരെ പമ്പയിൽ തടഞ്ഞു. പമ്പയിൽ നാമജപവുമായി ഭക്തരും നിലയുറപ്പിച്ചിട്ടുണ്ട്. 11 പേരുള്ള മനിതി സംഘത്തിൽ ഇരുമുടിക്കെട്ടുള്ളത് ആറു പേർക്കാണ്. സംഘത്തിലെ അഞ്ച് പേർ പത്തിനും 50നും ഇടയിൽ പ്രായമുള്ളവർ. ഇന്നലെ രാത്രി കട്ടപ്പന പാറക്കടവിൽ വച്ച് മനിതി അംഗങ്ങളുടെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. വാഹനത്തിന്റെ മുന്നിൽ കിടന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയത്. 40 പേരുടെ സംഘത്തിൽ 15 പേർ 50 വയസ്സിനു താഴെയുള്ളവരാണെന്നാണു സൂചന. ചെന്നൈ സെൻട്രൽ, എഗ്മൂർ സ്റ്റേഷനുകളിൽ യുവതികളെ തടയാൻ ശ്രമമുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്.

കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് യുവതികൾ കേരളത്തിൽ പ്രവേശിച്ചത്. രണ്ട് സംഘങ്ങൾ കൂടി അധികം വൈകാതെ കേരളത്തിലെത്തുമെന്നും മനിതിയുടെ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 9 മണിക്ക് ഒരു സംഘം വനിതകൾ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തുമെന്നും സൂചനയുണ്ട്. ഇതിനുശേഷമാകും ഇവർ ഒരുമിച്ച് ശബരിമല കയറുകയെന്നാണ് വ്യക്തമാകുന്നത്. അതേസമയം മനിതി കൂട്ടായ്മയിലെ വനിതകൾ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘം യാത്ര തുടരുകയാണ്. ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയർന്ന പ്രതിഷേധം മറികടന്നാണ് പൊലീസ് സുരക്ഷയിൽ എത്തുന്ന സംഘം കേരളത്തിൽ പ്രവേശിച്ചത്. ശനിയാഴ്‌ച്ച ഉച്ചയോടെ ചെന്നൈയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തെ മധുരയിൽ വിശ്വഹിന്ദു പരിക്ഷത്ത് പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിർത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു.

തീർത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോൾ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാർ പ്രവർത്തകർ പ്രതിരോധം തീർത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.