കോഴഞ്ചേരി: നിലയ്ക്കലിൽ സഭയുടെ ക്വാർട്ടേഴ്സ് മണ്ഡലമകരവിളക്കുസമയത്ത് ശബരിമല തീർത്ഥാടകർക്കായി തുറന്നുനൽകാൻ തയ്യാറാെണന്ന് സഭാ മേലധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ഇതിനായി അടുത്ത ദിവസം കോട്ടയത്ത് യോഗം വിളിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം പാലക്കുന്നത്ത് തറവാട്ടുവീട്ടിൽ കാണാനെത്തിയ എ.പത്മകുമാറിനോടാണ് ഇക്കാര്യം അറിയിച്ചത്. സഭയുടെ തീരുമാനം പ്രസിഡന്റ് സ്വാഗതം ചെയ്തു. മാരാമൺ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയമെത്രാപ്പൊലീത്തയെയും സന്ദർശിച്ചു.

ശബരിമലയിലെ മേൽശാന്തി നിയമനമടക്കമുള്ള കാര്യങ്ങൾ ക്രിസോസ്റ്റം ചോദിച്ചറിഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശബരിമല വികസനത്തിനായി 304 കോടി രൂപ അനുവദിച്ചതായി പ്രസിഡന്റ് പറഞ്ഞപ്പോൾ 'ശബരിമല ഭൂമിയിലെ സ്വർഗമായി മാറുമെന്നാ'യിരുന്നു വലിയമെത്രാപ്പൊലീത്തയുടെ മറുപടി. ശബരിമലയിലെ പാനകം, അരവണ, അപ്പം എന്നിവ ക്രിസോസ്റ്റത്തിന് നൽകി.