തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്യുമ്പോൾ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് കേരളാ പൊലീസ് പരിശോധിക്കും. നിലയ്ക്കലിലെ സമരത്തിനിടെ ബൈക്കുകൾ തകർത്തും ഹെൽമറ്റുകൾ നഷ്ടമായതും ഏറെ പേരുദോഷമുണ്ടാക്കിയിരുന്നു. ഈ സംഭവത്തോടെ കേരളാ പൊലീസിന് വലിയ പേരു ദോഷമുണ്ടായി. നിലയ്ക്കലിൽ ഐജി മനോജ് എബ്രഹാമിന് നോട്ട പിശക് സംഭവിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെ രഹ്നാ ഫാത്തിമയുടെ മല കയറ്റവും വിവാദത്തിലായി. ഓപ്പറേഷൻ ബിഗ് ഡാഡിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ രഹ്നാ ഫാത്തിമയുടെ പേരും ചർച്ചയായിരുന്നു. എന്നിട്ടും വിവാദ നായികയെ പൊലീസ് സംരക്ഷണയിൽ മല കയറ്റിയത് പൊലീസിനേയും വെട്ടിലാക്കി. ആക്ടിവിസത്തിനാണ് രഹ്നാ ഫാത്തിമ എത്തിയതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടും പൊലീസിനെ പ്രതിക്കൂട്ടിലാക്കി.

ശബരിമല സ്ത്രീ പ്രവേശനം അന്താരാഷ്ട മാധ്യമങ്ങളിൽ വരെ വാർത്തയാകുമ്പോൾ ലോകം മുഴുവൻ തിരയുന്ന പേരാണ് കവിത ജക്കാലയുടേത്. ഐജി ശ്രീജിത്തിന്റെയും സംഘത്തിന്റെയും ശക്തമായ സുരക്ഷാവലയത്തിനുള്ളിൽ നടപ്പന്തൽ വരെ കവിത എത്തിയിരുന്നു. കവിത ജക്കാലയ്ക്കൊപ്പം മല ചവിട്ടിയ യുവതി എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയാണ്. ഇവർ ബിഎസ്എൻഎൽ ഉദ്യോഗസ്ഥയാണ്. ഏക എന്ന ചിത്രത്തിൽ നായികയായി ഇവർ അഭിനയിച്ചിട്ടുണ്ട്. രഹ്നഫാത്തിമ എന്ന എറണാകുളം സ്വദേശിനിയായ യുവതി ഇരുമുടികെട്ടുമായി കവിതയ്ക്കൊപ്പം മല ചവുട്ടി. ഇവരും നടപ്പന്തലിൽ യാത്ര അവസാനിപ്പിച്ചു. പമ്പയിൽ വ്യാഴാഴ്‌ച്ചയെത്തിയ കവിത രാത്രി തന്നെ മല ചവിട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിർദ്ദേശത്തെ തുടർന്ന് വെള്ളിയാഴ്‌ച്ചത്തേക്ക് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായല്ല തന്റെ യാത്രയെന്നും, ജോലിയുടെ ഭാഗമായാണ് മല ചവിട്ടുന്നതെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കവിത വ്യക്തമാക്കിയിരുന്നു. എന്നാൽ ആക്ടിവിസമാണ് നടത്തിയതെന്ന് സർക്കാർ തന്നെ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഇതിനിടെ ഗവർണ്ണർ പി സദാശിവം ഡിജിപിയെ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തു. ശബരിമലയിലെ പൊലീസ് വീഴ്ചകൾ ഗവർണ്ണറും അക്കമിട്ട് നിരത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ വീഴ്ചകളെ കുറിച്ച് എഡിജിപി തല അന്വേഷണം നടക്കുന്നത്.

ഇന്റലിജൻസ് എഡിജിപിയാണ് വിനോദ് കുമാർ. അനിൽ കാന്ത് ദക്ഷിണമേഖലാ എഡിജിപിയും. രണ്ട് റിപ്പോർട്ടുകളും പരിശോധിച്ച് പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കും. പ്രതിസ്ഥാനത്തുള്ളത് ഐജിമാരായതാണ് ഇതിന് കാരണം. നിലയ്ക്കലിലെ പൊലീസ് നടപടിയാകും പ്രധാനമായും അന്വേഷിക്കുക. ഇതിനൊപ്പം രഹ്നാ ഫാത്തിമയെ മലകയറ്റാൻ മുൻകൈയെടുത്തത് ആരെന്നും പരിശോധിക്കും. സന്നിധാനത്ത് കാര്യങ്ങൾ ശാന്തതയോടെ കൊണ്ടു പോയത് ഐജി ശ്രീജിത്താണ്. ഇതും ഡിജിപി തിരിച്ചറിയുന്നു. ഈ വിഷയത്തിൽ എല്ലാം വ്യക്തത ഉണ്ടാകണമെന്ന് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഡിജിപി തല അന്വേഷണം. ഐജിമാർക്കെതിരെ അന്വേഷണം നടത്തേണ്ടതിനാലാണ് എഡിജിപിമാരെ ചുമതലപ്പെടുത്തുന്നത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പ്രശ്നങ്ങൾ സങ്കീർണമാകുന്ന സാഹചര്യത്തിലാണ് ഗവർണറുമായി ഡിജിപി കൂടിക്കാഴ്ച നടത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവർണർ പി. സദാശിവം ഡിജിപി ലോക്നാഥ് ബഹ്റയെ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. ശബരിമല വിഷയത്തിൽ പൊലീസ് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് തുടർ നടപടികൾ എന്തൊക്കെയാണ് സ്വീകരിക്കുകയെന്ന് ഗവർണർ ആരാഞ്ഞു. ക്രമസമാധാനം പാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ഗവർണർ നിർദ്ദേശിച്ചതായാണ് സൂചന. കനത്ത പൊലീസ് ബന്തവസ്സിൽ യുവതികൾ നടപ്പന്തൽ വരെയെത്തിയെങ്കിലും ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് ഇരുവർക്കും പിന്തിരിയേണ്ടി വരികയായിരുന്നു.

നൂറ്റമ്പതോളം പൊലീസുകാരാണ് യുവതികൾക്ക് സംരക്ഷണ വലയം തീർത്തത്. ഹെൽമറ്റും ജാക്കറ്റും(riot gear) ധരിച്ചായിരുന്നു കവിതയുടെ യാത്ര. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവതികളുമായി ശബരിമലയിലേക്ക് തിരിച്ചത്. ഇതിന്റെ ഭാഗമായി പമ്പയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഐ ജി ശ്രീജിത്ത് എത്തിയതിനു ശേഷമായിരുന്നു യാത്ര തിരിച്ചത്. യുവതികൾ നടപ്പന്തലിൽ എത്തിയതോടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയർത്തി പ്രതിഷേധവുമായി നിരവധി ഭക്തർ രംഗത്തെത്തി. ഐ ജി ശ്രീജിത്ത് ഭക്തരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാൻ തയ്യാറല്ലെന്ന നിലപാടായിരുന്നു ഭക്തർ എടുത്തത്. ഇത് വിവാദം ആളിക്കത്തിച്ചു. പൊലീസിനും സർക്കാരിനും എതിരായ പ്രതിഷേധമായി മാറി. കേരളത്തിലുടനീളം സംഘർഷ സാധ്യതയും ഉടലെടുത്തു. ഇതിൽ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച വരുത്തിയെന്നും വിലയിരുത്തലുകളെത്തി. നിലയ്ക്കലിൽ മനോജ് എബ്രഹാമിനെതിരെ കോൺഗ്രസ് നേതാവ് ജി സുധാകരനും രംഗത്ത് വന്നു.

ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കുറ്റപ്പെടുത്തിയിരുന്നു. സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തർ എത്തിയാൽ അവർക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താൻ ശ്രമിച്ചത്. ഇവർക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രാഥമിക പരിഗണന. ഏതു പ്രായത്തിലുമുള്ള വിശ്വാസികൾക്കു വേണ്ടിയുള്ളതാണ് കോടതി വിധി. യുവതികളെ മലകയറ്റിയ നടപടിയിൽ പൊലീസ് കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിന് പേർ ശബരിമലയിൽ എത്തുന്ന സാഹചര്യത്തിൽ ഭക്തരേയും ആക്ടിവിസ്റ്റുകളേയും പ്രശ്നം സൃഷ്ടിക്കാൻ വരുന്നവരേയും വേർതിരിച്ചറിയാൻ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമല ദർശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ കർശന സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ്പ്രവേശനം നൽകണമെന്ന് വനിതാ സംഘടനകളും നൽകരുതെന്ന് പ്രതിഷേധക്കാരും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലും ജാഗ്രതയും ക്രമസമാധാന പരിപാലനത്തിനുള്ള സുരക്ഷാക്രമീകരണങ്ങളും ശബരിമലയിൽ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനു കത്തയച്ചത്. ക്രമസമാധാനം സംരക്ഷിക്കുന്നതിനെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതു കർശനമായി നിരീക്ഷിക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കണമെന്നും കത്തിലുണ്ട്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്കും സമാന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ചർച്ചയാക്കി ശബരിമലയിൽ സ്ത്രീ പ്രവേശനത്തിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ഇടത് സർക്കാരിന്റെ ശ്രമം. ഇതിനിടെയാണ് രഹ്നാ ഫാത്തിമയെ കൊണ്ടു പോയി എല്ലാം പൊലീസ് തന്നെ അട്ടിമറിച്ചത്.

സംസ്ഥാന സർക്കാർ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചിട്ടുണ്ട്. എസ്ഡിപിഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണു യുവതികൾ മല കയറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളായ പൊലീസുകാരുടെ മനസ്സ് ഉണരണം. പൊലീസ് വേഷത്തിൽ കൊണ്ടുപോകാൻ കോടതി ഉത്തരവുണ്ടോ? സ്ത്രീകൾക്കു സുരക്ഷ ഒരുക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന സർക്കാർ വാദം തട്ടിപ്പാണ്. ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. യുവതിയെ പൊലീസ് വേഷം ധരിപ്പിച്ചവർക്കെതിരെ നടപടി വേണം. ആൾമാറാട്ടത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതും എഡിജിപിമാർ അന്വേഷിക്കും.