പമ്പ: ശബരിമലയിൽ യുവതീ പ്രവേശനം തടയാനുറച്ച് ബിജെപി. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും മുൻ സംസ്ഥാന സെക്രട്ടറി വിവി രാജേഷും ഇതിന് നേതൃത്വം നൽകും. ഇരുവരും അതീവ രഹസ്യമായി സന്നിധാനത്തേക്ക് തിരിച്ചതായാണ് സൂചന. ശബരിമലയിൽ യുദ്ധസന്നാഹമൊരുക്കിയ പൊലീസിനെ എതിരിടാൻ വിശ്വാസികൾ ഒളിപ്പോരിന് തയ്യാറെടുക്കുന്നതായാണ് സൂചന. ഇതിന്റെ നേതൃത്വം ഏറ്റെടുക്കാനാണ് സുരേന്ദ്രനും രാജേഷും സന്നിധാത്ത് എത്തുക. എന്ത് വില കൊടുത്തും ഇരുവരും സന്നിധാനത്ത് എത്തുമെന്നാണ് ബിജെപിയുടെ വിശദീകരണം.

യുവതികളെ പൊലീസിന്റെ പത്മവ്യൂഹത്തിലാക്കി സന്നിധാനത്തെത്തിക്കാൻ സർക്കാർ ഒരുമ്പെട്ടാൽ തടയാനുള്ള നീക്കം ബിജെപി നടത്തും. പൊലീസിന്റെ കണ്ണുവെട്ടിച്ച് ബിജെപി പ്രവർത്തകർ കാട്ടുവഴികളിലൂടെ സന്നിധാനത്തെത്തുമെന്നു സൂചന. ഇന്നു വൈകിട്ട് അഞ്ചിനു നടതുറക്കുന്നതു മുതൽ നാളെ രാത്രി പത്തിന് അടയ്ക്കുന്നതുവരെ ബിജെപിക്കാർ സന്നിധാനത്തുണ്ടാകും. മാധ്യമപ്രവർത്തകരെപ്പോലും നിലയ്ക്കലിൽ തടഞ്ഞാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. ഇതിനെ മറികടന്നാകും സുരേന്ദ്രനും രാജേഷും സന്നിധാനത്ത് എത്തുക. തുലാമാസ പൂജാ സമയത്തും ഇരുവുരം പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സന്നിധാനത്തുണ്ടായിരുന്നു. ഇത്തവണയും ഇത് തുടരുമെന്നാണ് ബിജെപി പറയുന്നത്. ഇക്കാര്യം ഇന്റലിജൻസും തിരിച്ചറിയുന്നു. പൊലീസ് മേധാവിയെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.

യുവതികളെ ദർശനത്തിനെത്തിച്ചാൽ വിശ്വാസികൾ പ്രതിഷേധിക്കുമെങ്കിലും നയിക്കാനാളില്ലെങ്കിൽ ചെറുത്തുനിൽപ്പ് ഫലപ്രദമാകില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് സന്നിധാനത്തെത്താൻ കെ. സുരേന്ദ്രനും വി.വി. രാജേഷും ശ്രമിക്കുന്നത്. ബിജെപി. ഇവരെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ല. കാനനപാതയിലും തമ്പടിച്ചിരിക്കുന്ന പൊലീസിന്റെ കണ്ണുവെട്ടിക്കാനായി, കാടിന്റെ മുക്കുംമൂലയും അറിയാവുന്ന ചിലരുടെ സഹായം തേടിയിട്ടുണ്ടെന്നാണു വിവരം. എന്നാൽ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്ക് കാര്യങ്ങളെ കുറിച്ച് അറിയാം. ഈ സാഹചര്യത്തിൽ ശബരില കാട് പൊലീസ് അരിച്ചു പെറുക്കും.

ചെറിയ സംഘങ്ങളായി അഞ്ചു ജില്ലകളിൽ നിന്നുള്ള ബിജെപി, യുവമോർച്ച പ്രവർത്തകരും സന്നിധാനത്തുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ കെട്ടുനിറച്ച് കെ.എസ്.ആർ.ടി.സി. ബസിലാകും നിലയ്ക്കലിൽ എത്തുക. ഇവർ പരിസരപ്രദേശങ്ങളിൽ എത്തിയെന്നും സൂചനയുണ്ട്. ഇന്ന് ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽനിന്നു മലചവിട്ടാൻ അനുവദിക്കും. ഇതോടെ ബിജെപിക്കാർ കൂട്ടത്തോടെ സന്നിധാനത്ത് എത്തും. കെട്ടുള്ളതു കൊണ്ട് തന്നെ പൊലീസിന് തടയാനും കഴിയില്ല. നിശ്ചിത ഇടവേളകളിലാകും ഇവർ മലകയറുക. എന്ത് വില കൊടുത്തും യുവതികളെ തടയുമെന്ന് തന്നെയാണ് ആർ എസ് എസിന്റേയും നിലപാട്.

നേരത്തെ സന്നിധാനത്ത് എത്താൻ ശ്രമിച്ച ടിവി ചാനൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. 'മാധ്യമവിലക്ക്' വിവാദമായതോടെ വിശദീകരണവുമായി ഡി.ജി.പി. ലോക്നാഥ് ബെഹ്റ നേരിട്ടെത്തി. മാധ്യമങ്ങളെ വിലക്കാൻ ഉദ്ദേശിക്കുന്നില്ല. മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായാലുടൻ പ്രവേശനം അനുവദിക്കുമെന്നുമായിരുന്നു വിശദീകരണം. വൈകുന്നേരം നിലയ്ക്കലിൽനിന്നു മാധ്യമപ്രവർത്തകരെ കടത്തിവിട്ടെങ്കിലും പമ്പയിലെത്തിയപ്പോൾ വീണ്ടും തടഞ്ഞു. രാവിലെ മാത്രമേ സന്നിധാനത്തേക്ക് മാധ്യമ പ്രവർത്തകരെ കടത്തി വിടൂ.

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് വൈകുന്നേരും തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് വിളക്ക് തെളിയിക്കും. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാകില്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിർമ്മാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകൾ ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും ഉണ്ടാകും. അത്താഴ പൂജയ്ക്ക് ശേഷം പത്ത് മണിയോടെ ഹരിവരാസനം പാടി നട അടക്കും.

സന്നിധാനവും പരിസര പ്രദേശങ്ങളുമെല്ലാം കനത്ത പൊലീസ് നിയന്ത്രണത്തിലാണ്. തീർത്ഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് വിടുന്നത്. പൊലീസ് കമാൻഡോ സംഘമായ തണ്ടർ ബോൾട്ട്സും ദ്രുതകർമ്മസേനയും നിലക്കലിലും പമ്പയിലും നിലയുറപ്പിച്ചിട്ടുണ്ട്. പമ്പയിൽ നൂറ് വനിത പൊലീസുകാരെ കൂടി നിയോഗിച്ചിട്ടുണ്ട്. മുൻപ് സംഘർഷങ്ങളിൽ ഉൾപ്പെട്ടിരുന്നവരെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള സംവിധാനങ്ങൾ പൊലീസ് ഇവിടെ എത്തിച്ചിട്ടുണ്ട്.