തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ സമരങ്ങളുടെയും അടിക്കടിയുള്ള നിലപാടു മാറ്റത്തിന്റെയും പേരിൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ബിജെപിയിൽ ഒറ്റപ്പെടുന്നതായി സൂചന. സമരത്തിനിടെ ശ്രീധരൻ പിള്ളയ്ക്ക് വലിയ പിഴവുകളുണ്ടായി എന്ന് ആർഎസ്എസ് വിലയിരുത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് പികെ കൃഷ്ണദാസ് പക്ഷവും ശ്രീധരൻ പിള്ളയിൽ നിന്ന് അകലം പാലിക്കുന്നത്. ശബരിമല പ്രതിഷേധത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ബിജെപി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇതും ഗ്രൂപ്പ് മാനേജർമാരെ ശ്രീധരൻ പിള്ളയിൽ നിന്ന് അകറ്റുകയാണ്.

'സുവർണാവസരം', 'ബിജെപി അജൻഡ' തുടങ്ങിയ പ്രയോഗങ്ങൾ വിശ്വാസികൾ സമരത്തിൽനിന്നു മാറിനിൽക്കാൻ കാരണമായി. നിലയ്ക്കലിൽ സമരം നടക്കുമ്പോൾ അതിനു നേതൃത്വം കൊടുക്കേണ്ട പ്രസിഡന്റ് കോഴിക്കോട്ടും തിരുവനന്തപുരത്തും നിന്നു. ഇതെല്ലാം അണികളുടെ വികാരത്തിന് എതിരാണ്. ഇങ്ങനെ പോയാൽ ബിജെപിക്ക് വോട്ട് കൂടില്ലെന്നാണ് ആർ എസ് എസിന്റെ നിലപാട്. ഇത് പുറത്തുവന്നതോടെയാണ് പികെ കൃഷ്ണദാസ് വിഭാഗവും ശ്രീധരൻപിള്ളയുമായി അകലം പാലിക്കാൻ തീരുമാനിച്ചത്. ശ്രീധരൻപിള്ള സമരക്കാരെ സംരക്ഷിക്കുന്നില്ലെന്നും തുടരെ നിലപാടു മാറ്റുന്നെന്നും വി. മുരളീധരൻ പക്ഷം ദേശീയ നേതൃത്വത്തോടു പരാതിപ്പെട്ടിരുന്നു എന്നാൽ, സമരം ചില ഘട്ടങ്ങളിൽ അതിരുവിട്ടെന്നും ചില നേതാക്കളുടെ പ്രശസ്തിക്കു വേണ്ടി മാത്രമായി സമരത്തെ ഉപയോഗപ്പെടുത്തിയെന്നുമാണ് പികെ കൃഷ്ണദാസ് പക്ഷം നിലപാട് എടുത്തത്. എന്നാൽ ആർഎസ്എസ് നിലപാട് മറിച്ചാണെന്ന് മനസ്സിലായതോടെ അവരും ശ്രീധരൻ പിള്ളയെ കൈവിടുകയാണ്. ഏതായാലും ശബരിമല സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ പിള്ളയെ കൃഷ്ണദാസും കൂട്ടരും സഹായിക്കും. അമിത് ഷായുടെ കണ്ണിലെ കരടാകാതിരിക്കാനാണ് ഇത്.

ബിജെപിയുടെ ശബരിമല പ്രക്ഷോഭത്തിന്റെ നിജസ്ഥിതി പ്രവർത്തകരിൽനിന്നു നേരിട്ടു മനസ്സിലാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം കേരളത്തിലെത്തിയത്. ഇന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തശേഷം ശബരിമല കർമസമിതി നേതാക്കളുമായി സംഘം ചർച്ച നടത്തും. 2.30നു ഗവർണർ പി. സദാശിവത്തെ കാണും. ശബരിമലയിൽ പൊലീസ് അതിക്രമത്തിന് ഇരയായവരിൽനിന്നു 4നു വിവരങ്ങൾ ശേഖരിക്കും. 5നു പന്തളം കൊട്ടാരത്തിലെത്തി പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം രാത്രി തിരുവനന്തപുരത്തേക്കു പോകും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളിൽ ഇവർക്ക് പരാതിയുണ്ടോയെന്നും സംഘം പരിശോധിക്കും. നാളെ രാവിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലിൽ സന്ദർശിച്ചശേഷം 10നു സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. 11ന് എൻഡിഎ നേതാക്കളുമായി ചർച്ച നടത്തും. തുടർന്നു ഡൽഹിക്കു മടങ്ങും. പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോർച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കർ എംപി, നളിൻകുമാർ കട്ടീൽ എംപി എന്നിവരും ഉൾപ്പെട്ടതാണ് ദേശീയ സംഘം. ഇവർ 15നകം റിപ്പോർട്ട് സമർപ്പിക്കും.

ശ്രീധരൻപിള്ളയുടെ പരസ്പരവിരുദ്ധ നിലപാടുകളിൽ പൊറുതിമുട്ടിയാണു അമിത് ഷാ ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അയച്ചതെന്നാണ് വിലിയിരുത്തൽ. ഇവരുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കോർ കമ്മിറ്റി യോഗം അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. ഭക്തരെ തടയുന്നതടക്കമുള്ള നടപടികൾ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇത്തരം സമരമുറകൾ പാടില്ലെന്നുമാണ് ആദ്യം മുതലേ ശ്രീധരൻപിള്ളയുടെ നിലപാട്. എന്നാൽ, ഹിന്ദുക്കളെ ബിജെപിക്കു കീഴിൽ ഒരുമിപ്പിക്കാനുള്ള ഏക അവസരമാണിതെന്നും യുവതികളെ തടയുന്നതടക്കമുള്ള നടപടികൾ വേണമെന്നും പരിവാറുകാരും വാദിക്കുന്നു. ഇതിനൊപ്പമായിരുന്നു മുരളീധര പക്ഷവും. ഏതായാലും ദേശീയ നേതൃത്വം മനസ്സിൽ കണ്ടതു പോലെ കേരളത്തിൽ ശബരിമല പ്രക്ഷോഭം നടന്നില്ലെന്ന പരാതി വ്യാപകമാണ്. പ്രധാന നേതാക്കളാരും അറസ്റ്റ് ഭയന്ന് സന്നിധാനത്തേക്ക് പോയതുമില്ല.

യുവതികൾ എത്താതിരുന്നിട്ടും അക്രമാസക്ത സമരം തുടരുന്നതു ജനപിന്തുണ നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് ഈ ഘട്ടത്തിൽ ശ്രീധരൻപിള്ള പഴയ നിലപാടിലേക്കു മാറി. സഹനസമരമെന്ന ശൈലീമാറ്റത്തോടെ പ്രതിഷേധവേദി സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റാനും തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിൽ കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റ് ആദ്യം സന്ദർശിക്കാനെത്തിയില്ല. മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണു പ്രസിഡന്റ് കാണാൻ പോയത്. പിപി മുകുന്ദൻ സുരേന്ദ്രന്റെ വീട്ടിലെത്തി ഭാര്യയേയും മകളേയും ആശ്വസിപ്പിച്ചു. ഇതിന് ശേഷമാണ് പിള്ള അവിടേയും എത്തിയത്. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ വൽസൻ തില്ലങ്കേരി, കെ. സുരേന്ദ്രൻ എന്നിവർക്കെതിരെ പരാമർശമുണ്ടായപ്പോൾ പ്രസിഡന്റ് വേണ്ട രീതിയിൽ പ്രതിരോധിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.

ശ്രീധരൻപിള്ള സന്നിധാനത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തരം അക്രമങ്ങൾ നടക്കില്ലായിരുന്നുവെന്നു മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടുന്നു. നിലപാടിൽ തകിടം മറയുന്ന പാർട്ടിയെ സന്നിധാനത്തെ പ്രതിഷേധങ്ങളിലേക്ക് അടുപ്പിക്കാത്തത് ആർഎസ്എസിന്റെ തീരുമാന പ്രകാരമാണ്. സുരേന്ദ്രനെതിരെ കള്ളക്കേസുകൾ കൊണ്ടുവരുമ്പോൾ പാർട്ടി നിസ്സഹായമാണെന്നാണ് മുരളീധര പക്ഷം പറയുന്നത്.