സന്നിധാനം: ശബരിമലയിലെ പൊലീസ് ഡ്യൂട്ടി കല്ലും മുള്ളും നിറഞ്ഞതാണ്. ഒരു ഭാഗത്ത് അയ്യപ്പവിശ്വാസികൾ. മറുഭാഗത്ത് സർക്കാർ. സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധി അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് പൊലീസുകാരെയാണ്. വിശ്വാസികളായ പൊലീസുകാരെ തീർത്തും പ്രതിസന്ധിയിലാക്കിയ വിധി. ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഉദ്യോഗസ്ഥർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അങ്ങനെയാണ് ഐജിയായ ശ്രീജിത്തിന് രഹ്നാ ഫാത്തിമയ്‌ക്കൊപ്പം മല ചവിട്ടേണ്ടി വന്നത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഐജി ശ്രീജിത്ത് പാതിവഴിയിൽ ദൗത്യം ഉപേക്ഷിച്ചു. പിന്നെ അയ്യപ്പന് മുമ്പിൽ പൊട്ടിക്കരച്ചിൽ. ഇതോടെ ശബരിമലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ധർമ്മ സങ്കടം വ്യക്തമായി. ഇപ്പോൾ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരും ശബരിമലയിലെ പ്രതിസന്ധിയിൽ ഉഴലുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.

അധിക്ഷേപവും ഭീഷണിയും സഹിച്ചു ശബരിമല ഡ്യൂട്ടി ചെയ്യാൻ കഴിയില്ലെന്നും മടക്കി വിളിക്കണമെന്നും 2 ഐപിഎസ് ഉദ്യോഗസ്ഥർ ഡിജിപിയോട് ആവശ്യപ്പെട്ടു. പമ്പയുടെ ചുമതലുള്ള എസ് പി ഹരിശങ്കറും നിലയ്ക്കലിൽ ഉള്ള എസ് പി യതീഷ് ചന്ദ്രയും വലിയ പ്രതിസന്ധിയിലാണ്. പ്രശ്‌നക്കാരനെന്ന് പേര് കേൾപ്പിക്കാത്ത ഐപിഎസുകാരനായിരുന്നു ഹരിശങ്കർ. കൊച്ചിയിൽ മയക്കുമരുന്ന് ലോബിയെ തളച്ചും ബിഷപ്പ് പീഡനക്കേസിലെ ഇടപെടലിലൂടേയും നല്ല പേരെടുത്ത ഉദ്യോഗസ്ഥൻ. എന്നാൽ പമ്പയിൽ ജോലിക്കെത്തിയതോടെ പേരുദോഷമായി. സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരായി. നിലയ്ക്കലിൽ യതീഷ് ചന്ദ്ര നേരിട്ടതും സമാന സംഭവങ്ങൾ. സന്നിധാനത്ത് അറസ്റ്റ് നടത്തിയ ആദ്യ എസ്‌പിയാണ് ഇപ്പോൾ പ്രതീഷ് കുമാർ. ഇത്തരത്തിലെ പ്രചരണങ്ങൾ വലിയ പ്രതിസന്ധി ഉദ്യോഗസ്ഥർക്ക് നൽകുന്നു.

സന്നിധാനത്ത് ആദ്യ ദിനം നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് വിട്ടുവീഴ്ചയും ചെയ്തു. ഇരുമുടിയുമായെത്തിയ സുരേന്ദ്രനെ യതീഷ് ചന്ദ്രയും കൂട്ടരും തടഞ്ഞു. അറസ്റ്റും ചെയ്തു. എന്നാൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും വെറുതെ വിട്ടു. ഇങ്ങനെ സർക്കാരിന്റെ നിലപാടിന് അനുസരിച്ച് രണ്ട് നിലയിൽ പെരുമാറണം. ഇതോടെ അയ്യപ്പഭക്തരുടെ പ്രതിഷേധം ശക്തമായി. വിശ്വാസവും അയ്യപ്പകോപവുമെല്ലാം ചർച്ചയായി. സന്നിധാനത്ത് നാമജപം തടഞ്ഞ ശേഷം വൃത്തിഹീനമായ അന്തരീക്ഷത്തിലേക്ക് ഭക്തരെ എസ് പി പ്രതീഷ് കുമാർ കൊണ്ടു പോയിരുന്നു. ഇത് ചെയ്തതിന് എസ്‌പിക്ക് അയ്യപ്പൻ ശിക്ഷ കൊടുക്കട്ടേ എന്നായിരുന്നു ഭക്തരുടെ വികാരത്തോടെയുള്ള പ്രതികരണം. ഇതെല്ലാം കണക്കിലെടുത്താണ് സർവ്വീസിലുള്ള രണ്ട് പേർ മടങ്ങണമെന്ന് നിർദ്ദേശിക്കുന്നത്.

4 ഘട്ടമായുള്ള സുരക്ഷാ ചുമതലയിൽ മിക്കവാറും എല്ലാ ഐജിമാരെയും ഡിഐജിമാരെയും എസ്‌പിമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘത്തിന് 15 ദിവസമാണു ഡ്യൂട്ടി. അതിനാൽ ആരെയും മടക്കി വിളിക്കാൻ സാധ്യതയില്ല. യതീഷ് ചന്ദ്രയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണ്ണർ പി സദാശിവവും ഈ സൂചന നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ കളിയാക്കിയതാണ് ഇതിന് കാരണം. എന്നാൽ യതീഷിനെ പിൻവലിച്ചാൽ സർക്കാരിന്റെ തോൽവിയായി വ്യാഖ്യാനിക്കും അതുകൊണ്ട് തന്നെ യതീഷിനെ സർക്കാർ മാറ്റില്ല. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി പരാമർശമെത്തിയാൽ അവരെ മാറ്റും. ഹൈക്കോടതി നിരീക്ഷണങ്ങളേയും പൊലീസുകാരെ ഭയപ്പാടിലാക്കുന്നുണ്ട്. സർക്കാരിന്റെ ഹിതത്തിന് വേണ്ടി ശബരിമലയിൽ നടത്തുന്ന ഇടപെടലുകൾ കേന്ദ്ര സർക്കാരിനേയും എതിരാക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ ആർക്കും ശബരിമലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആർക്കും കഴിയില്ല.

ഐജിമാരായ മനോജ് ഏബ്രഹാം, എസ്.ശ്രീജിത്, വിജയ് സാക്കറെ, എസ്‌പിമാരായ യതീഷ് ചന്ദ്ര, ഹരിശങ്കർ, ശിവവിക്രം, പ്രതീഷ് കുമാർ എന്നിവരാണു സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമർശനം നേരിടുന്നത്. അതേസമയം ചിത്തിര ആട്ടത്തിരുനാളിനു മുൻകൂർ അവധിയെടുത്ത ഓഫിസർമാരുമുണ്ട്. ഇത്തവണയും ആദ്യഘട്ട ഡ്യൂട്ടിയിൽനിന്ന് ഒഴിവായ അവർ പക്ഷേ, അടുത്ത ഘട്ടങ്ങളിൽ ശബരിമലയിൽ എത്തേണ്ടി വരും. ശ്രീജിത്തും വിജയനുമെല്ലാം വലിയ പ്രതിസന്ധിയിലാണ്. ആട്ട ചിത്തിരയ്ക്ക് പമ്പയിലുണ്ടായിരുന്ന രാഹുൽ ആർ നായർ ഇപ്പോൾ ട്രെയിനിംഗിലാണ്. ഒരു മാസത്തെ ട്രെയിനംഗിലാണ് അദ്ദേഹം. മറ്റ് ഐജിമാർ വിട്ടു നിന്നതോടെ തീർത്ഥാടനത്തിന്റെ ഏകോപനം മനോജ് എബ്രഹാമാണ് ഇപ്പോൾ നോക്കുന്നത്. അപ്പോഴും വിവാദം ഒഴിവാക്കാൻ തന്ത്രപരമായി ശബരിമല പൂങ്കാവനത്തിൽ നിന്ന് മാറി നിൽക്കുകയാണ് തിരുവനന്തപുരം റേഞ്ച് ഐജി കൂടിയായ മനോജ് എബ്രഹാം. ശബരിമലയിൽ എത്തി പുലിവാലിന് മനോജ് എബ്രഹാമിനും താൽപ്പര്യമില്ല.

ദക്ഷിണമേഖലാ എ.ഡി.ജി.പി അനിൽകാന്താണ് സുരക്ഷാ ചീഫ് കോ-ഓർഡിനേറ്റർ. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണൻ കോ-ചീഫ് കോ ഓർഡിനേറ്ററും മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ-ഓർഡിനേറ്ററുമാണ്. പത്തനംതിട്ട എസ്‌പി ടി.നാരായണനാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസർ. ഇവരാരും സന്നിധാനത്തോ പമ്പയിലോ എത്താൻ താൽപ്പര്യം കാട്ടുന്നില്ലെന്നതാണ് വസ്തു. ആദ്യഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ഐ.ജി വിജയ് സാക്കറെ, എരുമേലിയിൽ ഡി.ഐ.ജി അനൂപ് കുരുവിള ജോൺ എന്നിവർക്കുമാണ് ചുമതല നൽകിയത്. ഇതിൽ അനൂപ് കുരുവളി ജോൺ മുന്നിലേക്ക് എത്തിയില്ല. രണ്ടാംഘട്ടത്തിൽ പമ്പയിൽ ഐ.ജി പി.വിജയൻ, മരക്കൂട്ടത്ത് തൃശൂർ റേഞ്ച് ഐ.ജി എം.ആർ.അജിത് കുമാർ, എരുമേലിയിൽ ഐ.ജി വിജയ് സാക്കറെ എന്നിവരും ചുമതല വഹിക്കും. ഇതിൽ വിജയനും അജിത് കുമാറും എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. ട്രയിനിങിന്റെ പേരിൽ മാറി നിൽക്കുന്ന രാഹുൽ ആർ നായർക്കും അവസാന ഘട്ടത്തിൽ സന്നിധാനത്ത് എത്തേണ്ടി വരും.

മൂന്നാം ഘട്ടത്തിൽ നിലയ്ക്കൽ, പമ്പ ചുമതല ഡി.ഐ.ജി എസ്.സുരേന്ദ്രനാണ്. മരക്കൂട്ടത്ത് കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയും എരുമേലിയിൽ കൊച്ചി ഐ.ജി വിജയ് സാക്കറെയും ചുമതല വഹിക്കും. നാലാം ഘട്ടത്തിൽ നിലയ്ക്കലും പമ്പയും ഐ.ജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിലായിരിക്കും. ഡി.ഐ.ജി അനൂപ് കുരുവിള ജോൺ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ക്രൈം ഐ.ജി എസ്.ശ്രീജിത്തും എരുമേലിയിൽ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെയും കോട്ടയം എസ്‌പി ഹരിശങ്കറും ചുമതല വഹിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, മരക്കൂട്ടം, വടശ്ശേരിക്കര-നിലയ്ക്കൽ മേഖല, എരുമേലി എന്നിവിടങ്ങളിൽ ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എസ്‌പിമാരെ നിയോഗിച്ചത്. സന്നിധാനത്ത് ജി.ശിവവിക്രം, എച്ച്.മഞ്ചുനാഥ്, ഡോ.എ.ശ്രീനിവാസ്, രാഹുൽ ആർ.നായർ എന്നിവർക്കാണ് ക്രമസമാധാന ചുമതല. സുരക്ഷാചുമതല മലപ്പുറം എസ്‌പി പ്രതീഷ് കുമാർ, സ്പെഷ്യൽ സെൽ എസ്‌പി.വി.അജിത്, ക്രൈംബ്രാഞ്ച് എസ്‌പി പി.ബി.രാജീവ്, എ.ഐ.ജി എസ്‌പി കെ.എസ്.വിമൽ എന്നിവർക്കായിരിക്കും.

പമ്പയിൽ ഹരിശങ്കർ, ജെ.ഹിമേന്ദ്രനാഥ്, ജി.ജയദേവ്, കാർത്തികേയൻ ഗോകുലചന്ദ്രൻ, കെ.വി. സന്തോഷ്, ബി.അശോകൻ, ഷാജി സുഗുണൻ, ആർ.ആദിത്യ എന്നിവർക്കാണ് ചുമതല. നിലയ്ക്കലിൽ എസ്‌പിമാരായ യതീഷ് ചന്ദ്ര, പി.എസ്.സാബു, ജെ.ജയനാഥ്, എ.എസ്‌പി സുജിത് ദാസ്, എസ്‌പി വി.ജി.വിനോദ് കുമാർ, എം.കെ.പുഷ്‌കരൻ, ആർ.സുകേശൻ, എ.എസ്.രാജു എന്നിവരുണ്ട്. ഡിവൈ.എസ്‌പി കെ.എസ്.സുദർശൻ, ക്രൈംബ്രാഞ്ച് എസ്‌പി ബി.കെ. പ്രശാന്തൻ കാണി, പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.അജി, എസ്‌പി.സുനിൽ ബാബു എന്നിവർക്കാണ് മരക്കൂട്ടത്ത് പൊലീസ് കൺട്രോളർമാരുടെ ചുമതല. വടശ്ശേരിക്കര മുതൽ നിലയ്ക്കൽ വരെ കൺട്രോളർമാരായി എസ്‌പിമാരായ ടി.എഫ്.സേവ്യർ, യു.അബ്ദുൾ കരീം, വിൽസൻ.പി.വി, അൻവിൻ.ജെ.ആന്റണി, കെ.ജി.സൈമൺ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. എരുമേലിയിൽ ക്രൈംബ്രാഞ്ച് എസ്‌പിമാരായ സാബു മാത്യു കെ.എം, റെജി ജേക്കബ്, കെ.എം.ആന്റണി, സക്കറിയ ജോർജ്ജ്, തലശ്ശേരി എ.എസ്‌പി ചൈത്ര തേരെസാ ജോൺ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.

ശബരിമലയിൽ നാലു ഘട്ടമായി 15,259 പൊലീസുദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. എസ്‌പി, എ.എസ്‌പി റാങ്കുള്ള 55 ഉദ്യോഗസ്ഥർ,113 ഡിവൈ.എസ്‌പിമാർ, 359 ഇൻസ്‌പെക്ടർമാർ, 1,450 എസ്‌ഐമാർ, 12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരെ വിന്യസിക്കും. 60 ഇൻസ്‌പെക്ടർ ഉൾപ്പെടെ 860 വനിതാ പൊലീസുമുണ്ട്. 20 വീതം കമാൻഡോകൾ സന്നിധാനത്തും പമ്പയിലുമുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തണ്ടർ ബോൾട്ടിന്റെ ഒരു പ്ലാറ്റൂണിനെ മണിയാറിൽ സജ്ജമാക്കി. 234 പേരുള്ള ബോംബ് സ്‌ക്വാഡിനെയും വിന്യസിച്ചു. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ രണ്ട് കമ്പനിയും ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളുമുണ്ട്. കർണാടക പൊലീസും എത്തിയിട്ടുണ്ട്.