തിരുവനന്തപുരം: ശബരിമല ദർശത്തിന് ഇരുമുടി കെട്ടുമായി മല ചവിട്ടിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം. ശബരിമല കർമസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഉള്ള ഹിന്ദു നേതാക്കളെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണഅ സൂചന. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് ഇകുമുടി കെട്ടുമായാണ്.

വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദർശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പൊലീസിന്റെ നിർദ്ദേശം തള്ളിയതിനെ തുടർന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയിലാണ് പമ്പയിൽ നിന്ന് ശശികല ടീച്ചർ മല ചവിട്ടിയത്. ഹരിവരാസനം പാടി നട അടയ്ക്കുന്നത് തൊഴാനായിരുന്നു യാത്ര. എന്നാൽ പെട്ടെന്ന് പൊലീസ് നിലപാട് മാറ്റി. മരക്കൂട്ടത്ത് എത്തിയ ശശികല ടീച്ചറോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ഇനി ആരേയും സന്നിധാനത്തേക്ക് വിടില്ലെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ ശശികല ടീച്ചർ ഉപവാസ സമരം പ്രഖ്യാപിച്ചു. ഇതിന് ശേഷം ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എങ്ങോട്ടാണ് മാറ്റിയതെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹിന്ദു സംഘടനകൾ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്.

ആചാര സംരക്ഷണസമിതി സംസ്ഥാന കൺവീനർ പൃഥ്വിപാൽ പമ്പയിൽ അറസ്റ്റിലായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാർഗവറാമിനെയും ഇവിടെ തടഞ്ഞുവച്ചു. ഈ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. പുലർച്ചെ പ്രഖ്യാപിച്ച ഹർത്താലിനോട് കേരളവും അനുകൂലമായാണ് പ്രതികരിക്കുന്നത്. ശബരിമലയിൽ പൊലീസിന് യൂണിഫോം നിർബന്ധമാക്കിയതും രാത്രി കട അടയ്ക്കുന്നതുമെല്ലാം ഭക്തരുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. സന്നിധാനത്ത് ഇതുവരെ പൊലീസ് കാട്ടത്ത നിയന്ത്രണമാണ് ഇപ്പോഴുള്ളത്. രാത്രിയിൽ സന്നിധാനത്ത് നിന്ന് ഭക്തരെ ഒഴിപ്പിക്കാനും ശ്രമിച്ചു. അങ്ങനെ വലിയ ഇടപെടലാണ് പൊലീസ് നടത്തുന്നത്.

ഇന്നലെ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങിയിരുന്നു. രാത്രി 9.10നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് തൃപ്തി തിരികെ മുംബൈയിലേക്കു മടങ്ങിയത. യുവതീപ്രവേശത്തെ എതിർക്കുന്നവർ സന്നിധാനത്ത് എത്താതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നതെന്നാണ് സൂചന. രാഹുൽ ഈശ്വർ അടക്കമുള്ളവരേയും കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട്. സന്നിധാനത്ത് മാധ്യമങ്ങൾക്കും വലിയ നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന സർക്കാരിന്റെ പൊലീസ് രാജാണ് ശബരിമലയിൽ നടക്കുന്നത്.. ഭക്തർക്ക് ഒരുനേരത്തെ ആഹാരത്തിനുപോലും വിലക്ക്. അയ്യപ്പന്റെ ഇഷ്ടവഴിപാടായ നെയ്യഭിഷേകത്തിനും കടുത്ത നിയന്ത്രണം. പരസ്പരവും ഭക്തരേയും 'അയ്യപ്പ'നെന്നും 'സ്വാമി'യെന്നും വിളിക്കരുതെന്നും പൊലീസിന് നിർദ്ദേശം.

രാത്രി 9.50ന് ഹരിവരാസനം പാടി നടയടച്ചാൽ ഭക്തർ സന്നിധാനം വിട്ടുപോകണം എന്നാണ് ഡിജിപിയുടെ നിർദ്ദേശം. വിരിവച്ച് കിടക്കുന്നതിനും നിരോധനമുണ്ട്. രാത്രി സന്നിധാനത്ത് തങ്ങാൻ അനുവദിക്കാതെ വന്നതോടെ ഭക്ത്യാദരപൂർവം നെയ്ത്തേങ്ങനിറച്ച് എത്തുന്ന ഭക്തരെ രാവിലെ മാത്രം നടക്കുന്ന നെയ്യഭിഷേകത്തിൽനിന്ന് വിലക്കുകയാണ്. രാത്രി 10 മണിയോടെ ഹോട്ടലുകളും കടകളും അടയ്ക്കണമെന്നാണ് മറ്റൊരു ഉത്തരവ്. അപ്പം-അരവണ കൗണ്ടറുകൾ രാത്രി 11ന് നിർത്തണം, മുറികൾ വാടകയ്ക്ക് നൽകരുത്, 10ന് ശേഷം അന്നദാനം പാടില്ല, തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചു പൊലീസ് ദേവസ്വം ബോർഡിന് കത്ത് നൽകി. പൊലീസിന്റെ ആവശ്യങ്ങൾ നടത്താനാകില്ലെന്ന് ദേവസ്വം ബോർഡ് യോഗം മറുപടി നിൽകി. ഇതോടെ ഹോട്ടലുകൾക്കും അരവണ കൗണ്ടറുകൾക്കും നിരോധനം ഏർപ്പെടുത്തിയില്ലെന്ന് കാട്ടി ഡിജിപി പത്രക്കുറിപ്പ് ഇറക്കി. എന്നാൽ രാത്രി വിരിവയ്ക്കാനും മറ്റും പൊലീസ് സമ്മതിച്ചില്ല.

ഇരുമുടിക്കെട്ടിൽ സ്ഫോടക വസ്തുക്കളുമായി തീവ്രവാദികൾ കടന്നുവരാനുള്ള സാധ്യതയുണ്ടെന്ന സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ മറവിൽ സന്നിധാനത്ത് യുദ്ധ സമാന ക്രമീകരണമാണുള്ളത്. സന്നിധാനത്തും നടപ്പന്തിലിലുമെല്ലാം തോക്കുധാരികളായ കമാൻഡോകൾ ഉൾപ്പെടെയുള്ള പൊലീസുകാരാണ് ഭരണം നടത്തുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ലാത്തിയും ഷീൽഡും ഹെൽമറ്റുമായാണ് പൊലീസ് സന്നിധാനത്ത് എത്തിയത്. വൈകിട്ട് അഞ്ചിന് നട തുറന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് അയ്യപ്പന്മാരെ പതിനെട്ടാം പടിയിലേക്ക് കടത്തി വിട്ടത്. പമ്പയിലെ പരിശോധന കഴിഞ്ഞ് മലകയറിയെത്തുന്ന ഭക്തരെ മരക്കൂട്ടത്തും നടപ്പന്തലിലും സോപാനത്തേക്കുള്ള ക്യൂവിലുമെല്ലാം തടഞ്ഞ് പരിശോധിച്ചു. കുട്ടികളുമായി മണിക്കുറുകൾ ക്യൂ നിന്ന് എത്തുന്നവരെ വീണ്ടും പലയിടങ്ങളിലും തടഞ്ഞ് നിയന്ത്രിച്ചാണ് നടപ്പന്തലിലേക്ക് എത്തിക്കുന്നത്.

പതിനെട്ടാംപടിക്ക് താഴെ വാവര് നടയ്ക്ക് മുൻവശം അടക്കം ഭക്തരെ ഇരിക്കാൻ അനുവദിക്കുന്നില്ല. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഇരുന്ന് ഇരുമുടി കെട്ടഴിച്ച് നെയ്ത്തേങ്ങപൊട്ടിക്കുന്നത് ഈ ഭാഗത്തായിരുന്നു. ബാരിക്കേഡുകൾ വച്ച് തടഞ്ഞതോടെ ചെളിക്കുണ്ടിലിരുന്ന് കെട്ട് അഴിക്കേണ്ട ദുരവസ്ഥയാണ്.