പമ്പ: സന്നിധാനത്തേക്ക് 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിരോധവുമായി ഭക്തരുടെ നാമജപ പ്രതിഷേധം തുടരുന്നു. പന്തളം രാജകുടുംബം അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധത്തിന് പുതിയ മുഖമെത്തുകയാണ്. സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എംടി രമേശ്, കെ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നാമജപം. ഇവിടേക്ക് കൂടുതൽ പരിവാറുകാരും എത്തുകയാണ്. ഇതോടെ സമരം പുതിയ തലത്തിലെത്തുന്നു. കൂടുതൽ വിശ്വാസികളും പ്രതിഷേധത്തിന് പിന്തുണയുമായെത്തുകയാണ്. ഈ സാഹചര്യത്തിൽ പൊലീസ് സുരക്ഷയും ശക്തമാക്കി. നിലവിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് തിരിഞ്ഞിട്ടില്ല.

ഇനി സ്ത്രീകളെത്തുമ്പോൾ മാത്രമേ പ്രശ്‌നങ്ങൾ ഉണ്ടാകൂ. അപ്പോൾ പ്രതിഷേധക്കാർ ഇവരെ തടഞ്ഞാൽ പൊലീസ് എന്തു ചെയ്യുമെന്നതാണ് പ്രധാനം. നേരത്തെ ആന്ധ്ര സ്വദേശിയായ മാധവി മതിയായ സുരക്ഷ ഇല്ലാത്തിനാൽ മലകയറാൻ എത്തിയ ശേഷം മടങ്ങിയിരുന്നു. സ്വാമി അയ്യപ്പൻ റോഡ് വരെ മാത്രമേ ഇവർക്ക് പോകാനായൂള്ളൂ. മതിയായ സുരക്ഷയില്ലാത്തതിനാൽ നാൽപ്പത്തിയഞ്ചുകാരിയുമായെത്തിയ കുടുംബം മലകയാറാതെ തിരിച്ചു പോയി. ഇതോടെയാണ് പൊലീസ് കൂടുതൽ കരുതലെടുത്തത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. ഇതോടെയാണ് ബിജെപി നേതാക്കൾ പ്രതിഷേധം ഏറ്റെടുക്കാനെത്തിയത്. പന്തളം കൊട്ടാരത്തിന്റെ ഇരിപ്പിട സ്ഥലത്ത് കുത്തിയിരുന്ന് അയ്യപ്പമന്ത്രങ്ങൾ ജപിക്കുകയാണ് ബിജെപി നേതാക്കളും.

ശബരിമല നട തുറക്കുന്ന ദിവസമായ ഇന്ന് പ്രതിഷേധം അലയടിക്കുകയാണ് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ. യുവതി പ്രവേശനത്തിനെതിരെ പമ്പയിൽ സമരം ചെയ്ത പന്തളം രാജകുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കി. നാമജപ സമരം നത്തിയ രാജ കുടുംബത്തെ അറസ്റ്റ് ചെയ്ത് മാറ്റിയത് സ്ഥലത്തെ സംഘർഷ അവസ്ഥ കണക്കിലെടുത്താണ്. ശബരിമലയിലേക്ക് വരുന്ന വാഹനങ്ങൾ പരിശോധിക്കുകയും യുവതികളില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നതിന്റെ പേരിൽ പരിശോധന നടത്തിയതും പൊലീസ് ഇത് തടയുകയും ചെയ്തതിനെ തുടർന്ന് സഘർഷാവസ്ഥ രൂപപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പമ്പയിയും സ്ത്രീകളെ തടയാൻ വിശ്വാസികളെത്തിയത്.

അതേസമയം ശബരിമലയിലേക്ക് എത്തുന്ന വാഹനങ്ങൾ തടയുന്ന അയ്യപ്പഭക്തരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുമുണ്ടെ. ഇതിൽ കനത്ത പ്രതിഷേധമായതിനെ തുടർന്ന് നിരവധി ഭക്തരാണ് നിലയ്ക്കൽ പമ്പ ഭാഗത്തേക്ക് എത്തിയത്. പ്രതിഷേധിക്കാൻ എത്തിയവരോട് മാറണം എന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ മാറാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഇവിടേക്ക് ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രൻ, എംടി രമേശ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇപ്പോൾ കൂടുതൽപ്രവർത്തകർ അവിടെ കുത്തിയിരിക്കുകയാണ്.

ശബരിമലയിൽ യുവതികളടക്കം ആർക്കുവേണമെങ്കിലും ദർശനം നടത്താമെന്ന് ഐജി മനോജ് ഏബ്രഹാം പറഞ്ഞിരുന്നു. നിലയ്ക്കൽ, പമ്പ, ശബരിമല പ്രദേശങ്ങൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ഒരു പരിശോധനയും അനുവദിക്കില്ല. ദർശനത്തിന് ആർക്കൊക്കെ സുരക്ഷ ആവശ്യമാണോ അവർക്കൊക്കെ പൊലീസ് സുരക്ഷ നൽകും. നാട്ടിലെ നിയമം നടപ്പാക്കിയിരിക്കുമെന്നും ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കിയിരുന്നു. ഇത് കേട്ടാണ് ആന്ധ്രക്കാരി ദർശനത്തിന് പോയത്. എന്നാൽ പൊലീസ് മതിയായ സുരക്ഷ നൽകിയില്ല.

സംഘർഷാവസ്ഥയ്ക്കിടയിൽ പൊലീസ് സംരക്ഷണത്തിൽ ആന്ധ്രാ സ്വദേശിയായ യുവതി സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പമ്പയിൽ സംഘർഷം രൂപപ്പെട്ടതിനെ തുടർന്ന് പിൻതിരിയുകയായിരുന്നു. ഇവർ സന്നിധാനത്തേക്ക് പുറപ്പെട്ടതിനെ തുടർന്ന് സമരം നടത്തിവന്നവർ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇവരെ തടയുകയുമായിരുന്നു. ആന്ധ്രാ സ്വദേശിനിയായ മാധവി (40)യും മാതാപിതാക്കളും രണ്ടു മക്കളുമാണ് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയത്. സ്വാമി അയ്യപ്പൻ റോഡിലൂടെ സന്നിധാനത്തേക്ക് പോകാനായിരുന്നു ശ്രമം. പൊലീസ് ഇവർക്ക് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇവർ സ്വമേധയാ പിൻതിരിയുകയായിരുന്നു.

പുലർച്ചെ ശബരിമല നിലയ്ക്കലിൽ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിക്കുകയും സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. പുലർച്ചെ ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു. തുടർന്ന് പൊലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലിൽ കയറിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തിരുന്നു. വൻതോതിൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.