കൊച്ചി: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടുന്ന ഹർജിയിൽ ദേവസ്വം ബോർഡ് നടത്തുന്നത് ഭാഗ്യപരീക്ഷണം മാത്രം. സെപ്റ്റംബർ 28-നാണ് വിധി വന്നത്. സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുമെന്നാണ് സർക്കാറിന്റെ ഉറച്ച നിലപാട്. വിധി ഒരു നിയമമായി സുപ്രീം കോടതി പ്രഖ്യാപിച്ചതാണ്. ഭരണഘടന അനുസരിച്ച് അത് സർക്കാരും ദേവസ്വം ബോർഡും നടപ്പാക്കിയേ പറ്റൂ. വിധി സമയബന്ധിതമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടേയില്ല. അതിനാൽ വിധി ഉടനടി പ്രാബല്യത്തിലായതാണ്. വിധി നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കോടതി മുമ്പാകെ കൊണ്ടുവന്ന് സാവകാശം നേടുക എന്നതാണ് ഹർജി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് സുപ്രീം കോടതിക്ക് ബോധ്യപ്പെടണം. ഇല്ലെങ്കിൽ കനത്ത തിരിച്ചടി കിട്ടുക ദേവസ്വം ബോർഡിന് മാത്രമല്ല സർക്കാരിനും കൂടിയാണ്.

ജനുവരി 22 വരെ ഈ വിധിയിൽ തങ്ങൾ ഇനി പിന്നോട്ടില്ലെന്നും അത് നടപ്പിലാക്കിയേ തീരൂ എന്നുമാണ് കോടതി നിലപാട്. റിവ്യൂ ഹർജികൾ ജനവരി 22-നാണ് കോടതി വാദം കേൾക്കുക. അതുവരെ സെപ്റ്റംബർ 28-ലെ വിധിക്ക് സ്റ്റേ ഇല്ല എന്നതാണ് കോടതി നിലപാട്. അതായത് വിധി നടപ്പാക്കുകയെന്നതാണ് സന്ദേരശം. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് തീർത്ഥാടകരുടെ യാത്ര സുഗമമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ സാവകാശ ഹർജി അനുവദിക്കണമെന്നുമുള്ള ആവശ്യം ദേവസ്വം ബോർഡ് സാവകാശ ഹർജിയിലൂടെ ഉന്നയിക്കുന്നത്. ഇത് കോടതി എങ്ങനെ എടുക്കുമെന്നതാണ് പ്രധാനം. കോടതി വിധി നടപ്പാക്കാൻ എത്ര കാലം കൂടി വേണമെന്ന് ദേവസ്വം ബോർഡ് വിശദീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ കോടതിയുടെ ശാസനയ്ക്ക് പോലും സാവകാശ ഹർജി അവസരമൊരുക്കും.

ക്രമസമാധാനപ്രശ്നം നിലനിൽക്കുന്ന ഒരു സ്ഥലത്ത് ഒരു പൗരന് ഈ അവകാശം പ്രയോഗിക്കാൻ കഴിയില്ല. എന്നാൽ മൗലികാവകാശങ്ങൾ അന്യായമായിട്ടാണോ സർക്കാർ നിഷേധിച്ചിട്ടുള്ളതെന്ന് കോടതിക്ക് പരിശോധിക്കാം. നിയമവിരുദ്ധവും കോടതി വിധി ലംഘിക്കും വിധത്തിലുള്ള സർക്കാർ നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ പൗരസ്വാതന്ത്ര്യ ലംഘനത്തിന് സർക്കാരിനേയും കോടതി വെറുതെ വിടില്ല. സാവകാശ ഹർജി കോടതി അനുവദിച്ചില്ലെങ്കിൽ ബോർഡിന് 'ഞങ്ങൾ ശ്രമിച്ചു നോക്കി. പക്ഷെ കോടതി കനിഞ്ഞില്ല.' എന്ന് പറഞ്ഞു നിൽകാം. സാവകാശ ഹർജി നൽകിയത് ദേവസ്വം ബോർഡാണ്. ബോർഡാണ് സാവകാശ ഹർജി നൽകിയതെങ്കിലും സർക്കാറിന് നോട്ടീസ് നൽകി സർക്കാറിന് പറയാനുള്ളതും കോടതിക്ക് കേൾക്കാം. ഇതും നിർണ്ണായക ഇടപെടലായി മാറും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടണമോയെന്ന കാര്യത്തിൽ ബോർഡ് തീരുമാനമെടുത്തിട്ടില്ല.

ജനുവരി 22ന് മുമ്പ് ശബരിമല കേസിൽ ഒന്നും പരിഗണിക്കില്ലെന്ന കോടതിയുടെ നിലപാട് സാവകാശ ഹർജിക്കും ബാധകമായേക്കുമെന്നാണ് വിലയിരുത്തൽ. വിധി നടപ്പിലാക്കാൻ എത്രനാൾ കൂടി വേണമെന്ന് ചോദിക്കാതെയുള്ള ഹർജിയിലും ആശയക്കുഴപ്പമുണ്ട്. വിധി ഭരണഘടനാ ബഞ്ചിന്റേതായതിനാൽ പരിഗണിക്കാൻ കൂടുതൽ സമയമെടുത്തേക്കുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ സാവകാശ ഹർജി ശബരിമലയിലെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

വനഭൂമി വിട്ടുകിട്ടി ശബരിമലയിലും പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ വിധി നടപ്പാക്കാനാവില്ലെന്നാണ് അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി വിഷയങ്ങൾക്കായി സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് (സിഇസി) വനഭൂമിക്കാര്യം തീരുമാനിക്കേണ്ടത്. വനഭൂമി കൂടുതലായി വിട്ടുകൊടുക്കുന്നിനോട് സിഇസി യോജിക്കുന്നില്ല. ഇക്കാര്യത്തിൽ കോടതി തീർപ്പു കൽപിച്ചാൽ മാത്രമേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാകൂ. എങ്കിൽ മാത്രമേ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ പറ്റൂ എന്നും ബോർഡ് വ്യക്തമാക്കുന്നു. അതായത് കോടതി വിധി നടപ്പാക്കുന്നത് അനിശ്ചിതമായി നീട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. സുപ്രീം കോടതി വിധി കേരളത്തിൽ ഗുരുതര ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കിയിട്ടുണ്ടെന്നും പറയുന്നു. അഭിഭാഷകൻ പി.എസ്. സുധീർ മുഖേന നൽകിയ അപേക്ഷയിലെ സുപ്രീംകോടതി നിലപാട് തന്നെയാകും ശബരിമല വിഷയത്തിൽ ഇനി നിർണ്ണായകം.

യുവതീപ്രവേശ വിധി എല്ലാ അർഥത്തിലും നടപ്പാക്കാൻ ബോർഡിന് ബാധ്യതയുണ്ട്. വിധിക്കനുസൃതമായ നടപടികൾക്കു പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാലാണു നടപ്പാക്കാൻ സമയം ചോദിക്കുന്നത്. പമ്പയിലെ തീർത്ഥാടക സൗകര്യങ്ങൾ പ്രളയത്തിൽ പൂർണമായി നശിച്ചു. പമ്പയിൽ സിഇസി സ്ഥിരസ്വഭാവമുള്ള നിർമ്മാണം അനുവദിക്കാത്തതിനാൽ ബേസ് ക്യാംപ് നിലയ്ക്കലേക്കു മാറ്റി. അവിടെയും സൗകര്യം പൂർണ തോതിലായിട്ടില്ലെന്ന് ദേവസ്വം ബോർഡ് പറയുന്നു. അസാധാരണമായ സുരക്ഷ ഉറപ്പുവരുത്തിയിട്ടും യുവതികളായ തീർത്ഥാടകരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്. സ്ത്രീകൾക്കെതിരായ കൈയേറ്റങ്ങൾ മാധ്യമങ്ങളിൽ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചില വ്യക്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിധിക്കെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായി. ചിത്തിര ആട്ട സമയത്തും തുലാമാസ പൂജയ്ക്കും നടതുറന്ന സമയത്ത് ദർശനത്തിനെത്തിയ യുവതികൾക്ക് പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോകേണ്ടി വന്നുവെന്നും ബോർഡിന്റെ അപേക്ഷയിൽ പറയുന്നു. ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ച ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും അപേക്ഷയോടൊപ്പം നൽകിയിട്ടുണ്ട്.