ശബരിമല: മണ്ഡല തീർത്ഥാടനകാലത്ത് ദിവസവും ശബരിമലയിൽ എത്തുക പതിനായിരങ്ങളാണ്. തിരക്കില്ലാത്ത ദിവസം പോലും ഒരുലക്ഷത്തിൽ അധികം പേർ കുറഞ്ഞത് എത്തും. പതിനെട്ടാംപടി കയറാൻ കുറഞ്ഞത് ഒരു മണിക്കൂർ ക്യൂവും വേണം. എന്നാൽ ഇപ്പോൾ മാസ പൂജയ്ക്ക് ഉണ്ടാകുന്നതിന് സമാനമായ തിരക്കേ ശബരിമലയിൽ ഉള്ളൂ. ക്യൂ നിൽക്കാതെ പതിനെട്ടാം പടി കയറാം. സോപാനത്ത് സുഖദർശനവും കിട്ടും. ശരണം വിളികൾ ഒഴിഞ്ഞ മണ്ഡലകാലത്തിന് കാരണം പൊലീസിന്റെ നിയന്ത്രണങ്ങളാണ്. നിരോധനാജ്ഞ പിൻവലിക്കാതെ ഇളവ് വരുത്തുന്നത് പോലും ഭക്തരെ കൂടുതലായി ശബരിമലയിൽ എത്തിക്കാനാണ്. ശബരിമലയിൽ നിന്ന് ഭക്തർ ഒഴിഞ്ഞാൽ പ്രതിസന്ധിയിലാവുക തിരുവിതാംകൂർ ദേവസ്വം ബോർഡാണ്.

തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിൽ 1208 ക്ഷേത്രങ്ങളാണുള്ളത്.ഇതിൽ നൂറിൽ താഴെ ക്ഷേത്രങ്ങൾക്ക് മാത്രമാണ് സ്വന്തമായി പ്രവർത്തിക്കാനുള്ള വരുമാനമുള്ളത്. മറ്റ് എല്ലാ ക്ഷേത്രങ്ങളും പ്രവർത്തിക്കുന്നത് ശബരിമലയിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ്. ദേവസ്വം ബോർഡിന്റെ കീഴിൽ ശാന്തിക്കാർ ഉൾപ്പടെ അയ്യായിരത്തോളം ജീവനക്കാരാണുള്ളത്. ഇവർക്ക് ശമ്പളത്തിനും പെൻഷനുമായി ഒരു മാസം 30 കോടി രൂപയോളം രൂപ വേണ്ടി വരും. ഈ തുക കണ്ടെത്തുന്നതും പ്രധാനമായും ശബരിമലയിൽനിന്നുലഭിക്കുന്ന വരുമാനമാണ്. ഇതെല്ലാം അവതാളത്തിലാക്കുന്നതാണ് ഇത്തവണത്തെ തീർത്ഥാടനത്തിന്റെ പോക്ക്. അങ്ങനെ വന്നാൽ ദേവസ്വം ബോർഡ് വലിയ പ്രതിസന്ധിയിലേക്ക് പോകും.

സന്നിധാനത്ത് മണ്ഡലകാലത്ത് വൻ തിരക്കാണ് അനുഭവപ്പെടുക. എന്നാൽ ഇതിന് പോന്ന സംവിധാനങ്ങൾ കാനനക്ഷേത്രത്തിലില്ല. പരിമിതമായ ഗസ്റ്റ് ഹൗസ് സംവിധാനം മാത്രം. അതുകൊണ്ട് തന്നെ ഈ മുറികൾ കിട്ടാൻ വലിയ സ്വാധീനം വേണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞാൽ പോലും ചിലപ്പോൾ ഒന്നും നടക്കില്ല. എന്നാൽ ഇത്തവണ ആർക്കും മുറി കിട്ടും. തീർത്ഥാടകർ ഗണ്യമായി കുറഞ്ഞതോടെ ദേവസ്വം ഗസ്റ്റ് ഹൗസുകളിലെയും ഡോണർ ഹൗസുകളിലെയും മുറികൾ ഒഴിഞ്ഞു കിടക്കുന്നു. ഓൺലൈൻ ബുക്കിങ് കുറഞ്ഞു. അങ്ങനെ സർവ്വത്ര പ്രതിസന്ധിയിലാണ് ശബരിമല. വരുമാനത്തിൽ വലിയ കുറവും.

ബുക്ക് ചെയ്ത പലരും എത്തുന്നുമില്ല. 104 മുറികളാണ് ഓൺലൈനായി നൽകാറുള്ളത്. ശബരി ഗെസ്റ്റ് ഹൗസിലും ഡോണർ ഹൗസുകളിലുമായി തീർത്ഥാടകർക്ക് 646 മുറികളാണുള്ളത്. സാധാരണ മണ്ഡലകാലത്തു മുറികൾ കിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇത്തവണ ഇഷ്ടം പോലം മുറികൾ. പകുതി മുറികൾക്കുപോലും ആവശ്യക്കാരില്ലെന്നു ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ പറഞ്ഞു. ദേവസ്വം കടമുറികളിൽ മിക്കതും ലേലത്തിൽ പോയിട്ടില്ല. 220 കടമുറികളിൽ 50 എണ്ണമാണു ലേലത്തിൽ പോയത്. അങ്ങനെ കച്ചവടക്കാരും ശബരിമലയെ കൈവിടുകയാണ്. കടകൾ ലേലത്തിൽ പിടിച്ചവർ ആളില്ലാത്തതു കൊണ്ട് വലിയ പ്രതിസന്ധിയിലും.

വാവരു സ്വാമിയുടെ നടവരവിലും വലിയ കുറവുണ്ട്. ഇതുവഴി നടപ്പന്തലിലേക്കു കടക്കുന്നതു നിരോധിച്ചതോടെ 10% പേർ മാത്രമേ ഇപ്പോൾ വാവരു നടയിൽ എത്തുന്നുള്ളൂവെന്നു കർമി എൻ.എ.ഷറഫുദ്ദീൻ പറഞ്ഞു. ഇവിടേയും നടവരവ് കുറഞ്ഞു. സന്നിധാനത്തു ഭണ്ഡാരം വരവിലും വൻകുറവ് ഉണ്ട്. 20നു ഭണ്ഡാരവരവ് കഴിഞ്ഞ നവംബർ 20ന് ഉണ്ടായ ഭണ്ഡാര വരവിനെ അപേക്ഷിച്ച് 78 ലക്ഷം രൂപ കുറവായിരുന്നു. മഹാകാണിക്കയ്ക്കടുത്തേക്കു പോകാൻ ഭക്തരെ അനുവദിക്കാത്തതു നടവരവിനെ ബാധിച്ചിട്ടുണ്ട്. ഇതിനെല്ലാം കാരണം പൊലീസിന്റെ നിയന്ത്രണങ്ങളാണ്. ഇതിനെ ദേവസ്വം ബോർഡിന് പരസ്യമായി എതിർക്കാനും കഴിയുന്നില്ല.

അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഉണ്ടായ കുറവും, കാണിക്കയിൽ ഉണ്ടായ കുറവിനും പുറമേ കച്ചവടക്കാർ കടകൾ ലേലം പിടിക്കുന്നതിൽനിന്നു പിന്മാറിയതും ശബരിമലയിലെ വരുമാനത്തിനു വൻതിരിച്ചടിയായി. കഴിഞ്ഞവർഷം ഈ സീസണിൽ വരുമാനം 255 കോടി രൂപയും ചെലവ് 80 കോടിയോളം രൂപയുമായിരുന്നു. എന്നാൽ ഇത്തവണ വരുമാനം കുത്തനെ ഇടിയുമെന്നും ചെലവ് ഇരട്ടിയാകുമെന്നുമാണു സൂചന. പൊലീസ് സന്നാഹത്തിനുമാത്രം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി ചെലവാകും. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള ഡി.എ. ദേവസ്വം ബോർഡാണ് നൽകുന്നത്. ഇത്തവണ ഒരു ദിവസം അയ്യായിരത്തോളം പൊലീസുകാരാണ് ശബരിമല ഡ്യൂട്ടിക്കുള്ളത്. ഇവരുടെ ഡി.എ. ഒരാൾക്ക് 400 രൂപ മുതലാണ്. റാങ്ക് അനുസരിച്ച് ഡി.എ. കൂടും. ശരാശരി അഞ്ഞൂറു രൂപയാണ് ഡി.എ. ഇനത്തിൽ നൽകേണ്ടി വരുന്നത്.

രണ്ടുമാസത്തേക്ക് ഈ തുക മാത്രം 15 കോടി രൂപ വരും. കഴിഞ്ഞ സീസണിൽ ഇതു മൂന്നു കോടി മാത്രമായിരുന്നു. ഇതിന് പുറമേ പൊലീസുകാർക്ക് താമസിക്കുന്നതിനുള്ള കട്ടിൽ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ചെലവും ബോർഡാണ് വഹിക്കേണ്ടത്. ഇതെല്ലാം ബോർഡിന് ഇരുട്ടടിയാണ്. അതിനിടെ ശബരിമലയിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിലനിന്ന നിരോധനാജ്ഞ നാലുദിവസത്തേക്കുകൂടി നീട്ടി. നവംബർ 26 വരെ നിരോധനാജ്ഞ തുടരാൻ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിറക്കി. ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, നിലയ്ക്കൽ, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ, പത്തനംതിട്ട ഡിവൈ.എസ്‌പി. എന്നിവരുടെ റിപ്പോർട്ടിന്മേലാണ് നടപടി.

ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ മകരവിളക്ക് ദിവസമായ ജനുവരി 14 വരെ നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. നിരോധനാജ്ഞയുണ്ടെങ്കിലും ഭക്തർക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ ശബരിമല ദർശനത്തിനെത്താനോ ശരണംവിളിക്കാനോ തടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എങ്കിലും നിരോധനാജ്ഞക്കാലത്ത് ഭക്തർ ശബരിമലയിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് ദേവസ്വം ബോർഡിനെ വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കും.