തിരുവനന്തപുരം: ശബരിമല സമരത്തിന്റെ പരിൽ കഴിഞ്ഞകുറേ ദിവസമായി പ്രക്ഷുബ്ധമാണ് സോഷ്യൽ മീഡിയ. എന്നാൽ ഇപ്പോൾ എല്ലാവിധ സീമകളും ലംഘിച്ചുകൊണ്ട് അവ പരസ്യമായ കൊലവിളിയിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി ബിജെപി പ്രവർത്തകൻ രംഗത്തെത്തിയിരുക്കുന്നത്.. ഭാരതീയ ജനതാ പാർട്ടി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് രതീഷ് കൊല്ലം എന്നയാൾ പരസ്യമായി കൊലവിളി നടത്തിയിരിക്കുന്നത്. 'ഒരു മുഖ്യമന്ത്രിയെ കഴുത്തറുത്തുകൊന്നാൽ കിട്ടാവുന്ന പരമാവധി ശിക്ഷ എന്താണ്, ജീവപര്യന്തമോ തൂക്കുകയറോ?' എന്നാണ് ഇയാൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.സോഷ്യൽ മീഡിയിയിലൂടെ വിദ്വേഷപ്രചണങ്ങളും നുണപ്രചരണങ്ങളും സംഘപരിവാർ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി ബിജെപി പ്രവർത്തകൻ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമലയിൽ അയ്യപ്പ ഭക്തർക്കെതിരെ പൊലീസ് അതിക്രമം എന്ന വ്യാജപ്രചരണത്തിനായി ആർഎസ്എസ് പ്രവർത്തകനെ വേഷമിടീച്ച് ചിത്രീകരിച്ച ഫോട്ടോകൾ ട്വീറ്റ് ചെയ്ത് ബിജെപി പ്രവർത്തകരുടെ നടപടി നേരത്തെ വിവാദമായിരുന്നു. ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുറുപ്പ് എന്നയാളെ അയ്യപ്പ ഭക്തന്റെ വേഷമിടീച്ച് പൊലീസ് വേഷമിട്ടയാൾ നിലത്തിട്ട് ചവിട്ടുന്നതായും അടിക്കാൻ ലാത്തിയോങ്ങുന്നതുമായ ചിത്രങ്ങളാണ് വ്യാജപ്രചാരണത്തിനായി ചിത്രീകരിച്ചത്.

ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ വിമത എംഎൽഎ കപിൽ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയവർ രംഗത്തെത്തി. അടുത്തകാലത്തായി സംഘപരിവാർ അനുകൂല സമീപനം സ്വീകരിക്കുന്നയാളാണ് കപിൽ മിശ്രയുടെ പ്രതികരണമാണ് വൈറലായത്.എന്നാൽ ഇത് നുണയാണെന്ന് വൈകാതെ ്െതളിഞ്ഞിരുന്നു.

നേരത്തെ ശബരിമലയിൽ ഒരു ഭക്തൻ പൊലീസ് ലാത്തിചാർജിൽ മരിച്ചുവെന്ന പ്രചാരണത്തിന്റെപേരിൽ പത്തനംതിട്ടയിൽ ഹർത്താൽപോലും ഉണ്ടായിരുന്നു.ശബരിമല വിഷയത്തിൽ തന്റേതല്ലാത്ത പ്രസ്താവനകൾ പേരുംപടവും വച്ച് പ്രചരിപ്പിക്കുന്ന സാമൂഹ്യദ്രോഹികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടിതമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പർധ വളർത്തുന്നതുമായ കുപ്രചരണങ്ങൾ നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. പന്തളം സ്വദേശി ശിവദാസൻ ശബരിമലയിൽ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടതായി വ്യാപകമായി പ്രചരിപ്പിക്കുന്നു. അഭിഭാഷകൻകൂടിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ ഇതേകഥ പ്രചരിപ്പിച്ചതും ഹർത്താൽ ആഹ്വാനം ചെയ്തതും ബോധപൂർവമായ കലാപശ്രമമാണെന്നും വി എസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.