ന്യൂഡൽഹി:ശബരിമലയെ അയോധ്യക്ക് സമാനമായ കലാപഭൂമിയാക്കാനായി സംഘപരവാർ ആസൂത്രിതമായി ശ്രമിക്കുന്നതായി സിപിഎം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും 'ന്യൂയോർക്ക് ടൈംസ്' ഡൽഹി റിപ്പോർട്ടർ സുഹാസിനി രാജു ഒരുമിച്ച് നിൽക്കുന്നുവെന്ന തരത്തിൽ സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത് വ്യാജചിത്രമാണ്. ചിത്രത്തിൽ യഥാർത്ഥത്തിലുള്ളത് സാമൂഹ്യ പ്രവർത്തക ടീസ്റ്റ് സെറ്റിൽവാദ് ആണ്.എസ്എഫ്ഐക്കാരെ പൊലീസ് മർദിക്കുന്ന ചിത്രംപോലും ശബരിമലയിലെ പൊലീസ് നടപടിയായി ഉത്തരേന്തയിൽ പ്രചാരണം കൊഴുക്കുന്നണ്ട്.

ശബരിമല വിഷയത്തിൽ 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ടർ എന്ന നിലയ്ക്ക് സുഹാസിനി എത്തിയത് സിപിഎമ്മിന്റെ അറിവോടെയായിരുന്നുവെന്നും ഭക്തന്മാരുടെ വികാരം മാനിക്കാതെ അവർ മനഃപൂർവം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള തരത്തിലാണ് ഫോട്ടോ വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത്.സത്യത്തിൽ ഈ ചിത്രം 2015 ഓഗസ്റ്റ് രണ്ടിന് മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ടീസ്റ്റയും അതേ പരിപാടിയിൽ പങ്കെടുക്കാൻ വന്ന യെച്ചുരിയും ഒരുമിച്ചെടുത്ത ചിത്രമാണ്. ഇതാണ് സുഹാസിനിക്കൊപ്പം എന്ന വ്യാജേന സംഘപരിവാർ പ്രചരിപ്പിക്കുന്നത്. അന്നെടുത്ത ചിത്രം വിവിധ ദേശീയ - അന്തർദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ശബരിമല വിഷയത്തെ മുൻ നിർത്തി നിരവധി വ്യാജ ചിത്രങ്ങളും പോസ്റ്റുകളുമാണ് സാമൂഹ്യമാധ്യമങ്ങൾ വഴി സംഘപരിവാർ പ്രചരിപ്പിക്കുന്നത്. എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് എസ്എഫ്ഐ നടത്തിയ ഐതിഹാസിക കൗൺസിലിങ് ഉപരോധസമരത്തെ ശബരിമല പ്രതിഷേധം തരത്തിൽ ഇവർ പ്രചരിപ്പിച്ചിരുന്നു. എസ്എഫ്ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി എം ബി ഷൈനിയെ പൊലീസ് മർദ്ദിക്കുന്ന ചിത്രമാണ് ഭക്തക്കെതിരെ പൊലീസ് അതിക്രമം എന്ന നിലയിൽ സംഘപരിവാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്.

നേരത്തെ പ്രളയകാലത്തും സമാനമായ പ്രചാരണങ്ങൾ സംഘപരിവാർ ഗ്രൂപ്പുകളിൽനിന്ന് ഉണ്ടായിരുന്നു.മന്ത്രി സുനിൽകുമാറിനെപ്പോലും ആർഎസഎസുകാരനാക്കിയായിരുന്നു അന്ന് പ്രചാരണം അരങ്ങേറിയത്.മലയാളികൾ വ്യാപകമായി പശുവിനെ കൊന്നുതിന്നുന്നെന്ന ഫോട്ടോഷോപ്പ് പ്രചാരണം ഇക്കാലത്ത് അരങ്ങേറിയിരുന്നു.