തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയ്യാറാക്കി. വിവാദങ്ങൾക്ക് ഇടയാക്കിയ എസ്‌പി യതീഷ് ചന്ദ്രയ്ക്ക് പകരം ഉദ്യോഗസ്ഥനെ നിയമിച്ചു എന്നതാണ് ഇന്ന് പുറത്തുവന്ന തീരുമാനങ്ങളിൽ പ്രധാനമാറ്റം. സന്നിധാനം മുതൽ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേൽനോട്ട ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും. ഐ.ജി വിജയ് സാക്കറെയ്ക്ക് പകരമായിരിക്കും ഇത്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനായിരിക്കും. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി മനോജ് എബ്രാമിന് പകരമാണിത്.

ഐ.ജിമാർക്കൊപ്പം എസ്‌പിമാർക്കും മാറ്റമുണ്ട്. സന്നിധാനത്ത് നിന്ന് എസ്‌പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പയിൽ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമാർ, നിലയ്ക്കലിൽ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥ് എന്നിവർ ചുമതല വഹിക്കും. പുതിയ സുരക്ഷ ക്രമീകരണങ്ങൾ ഈ മാസം 30 മുതൽ ആരംഭിക്കും. അതിനിടെ ശബരിമലയിൽ നിരോധനാജ്ഞയുടെ സമയം വീണ്ടും നീട്ടി. ഈമാസം 30 വരെയാണ് നിരോധനാഞ്ജയുടെ സമയം നീട്ടിയത്. പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധി വന്ന ശേഷം സംസ്ഥാനത്തെ വിവിധ ഐപിഎസ് ഉദ്യോഗസ്ഥരെ ശബരിമല മുതൽ എരുമേലി വരെയുള്ള പ്രദേശങ്ങളുടെ സുരക്ഷാ ചുമതല നൽകി ഇവിടെ നിയമിച്ചിരുന്നു. നിലവിൽ മറ്റു പദവികളിൽ ഇരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ താൽകാലിക ചുമതല നൽകിയാണ് ശബരിമല ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്.

വയനാട് എസ്‌പിയും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷറുമാണ് ഇനി പുതുതായി ചുമതല എൽക്കുന്നത് ഇവർക്ക് പകരം കോഴിക്കോട് റൂറൽ എസ്‌പിക്ക് വയനാടിന്റേയും കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർക്ക് സിറ്റി പൊലീസ് കമ്മീഷണറുടേയും ചുമതല നൽകിയിട്ടുണ്ട്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറായ യതീഷ് ചന്ദ്ര ആ സ്ഥാനത്തേക്ക് മടങ്ങി പോകും. വ്യാഴാഴ്‌ച്ച രാവിലെ എട്ട് മണിക്ക് പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ചുമതലയേൽക്കും എന്നാണ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുമുള്ള അറിയിപ്പിൽ പറയുന്നത്.

അതേസമയം യതീഷ് ചന്ദ്ര വ്യാഴാഴ്‌ച്ചക്ക് മുമ്പ് മാറിയേക്കുമെന്നും സൂചനയുണ്ട്. എംപിയായ കേന്ദ്രമന്ത്രിയെ അപമാനിച്ചതിന് പാർമെന്ററീ സമിതിയുടെ അന്വേഷണവും നേരിടേണ്ടി വരും. കേന്ദ്രമന്ത്രിയെ യതീഷ് ചന്ദ്ര കളിയാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ഹൈക്കോടതിയുടെ ഇടപെടലുകളെ സംസ്ഥാന സർക്കാരും ഭയക്കുന്നു. ഇതിന് പിന്നിലെ വാർത്തയും പുറത്തുവരികയാണ്. രണ്ട് ദിവസം മുമ്പ് സന്നിധാനത്ത് യതീഷ് ചന്ദ്ര എത്തിയത് അവിടെയുള്ള ജഡ്ജിയോട് മാപ്പ് പറയാനായിരുന്നുവെന്നാണ് സൂചന. യതീഷ് ചന്ദ്ര ശബരിമലയിൽ എത്തിയപ്പോൾ അവിടെ ഹൈക്കോടതി ജഡ്ജിയുണ്ടായിരുന്നുവെന്ന് മറുനാടന് സ്ഥിരീകരിക്കാനായിട്ടുണ്ട്. ജഡ്ജിയേയും യതീഷ് കണ്ടിരുന്നു. അതിന് ശേഷമാണ് സന്നിധാനത്ത് ഹരിവരാസനം തൊഴാണ് യതീഷ് ചന്ദ്ര എത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ശബരിമലയിലേക്ക് പോയ ഒരു ജഡ്ജിയെ ഇദ്ദേഹം നിലയ്ക്കലിൽ തടഞ്ഞെന്നാണ് വിവരം. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ചുവരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. ഹരിവരാസനം കേൾക്കാനാണ് താൻ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് ഇതിന് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നൽകിയ വിശദീകരണം. ഇതും യതീഷ് ചന്ദ്രയെ വെട്ടിലാക്കി. ജഡ്ജിയുടെ അനിഷ്ടം കൂടിയെന്ന് മനസ്സിലായതോടെ സർക്കാരിന് യതീഷിനെ കൈവിടേണ്ടി വന്നു. ഇതാണ് യതീഷിനെ മാറ്റാൻ കാരണമെന്നാണ് വിലയിരുത്തൽ. പൊൻരാധാകൃഷ്ണനെ യതീഷ് ചന്ദ്ര അപമാനിച്ചെന്ന ആക്ഷേപം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി തെറ്റല്ല എന്ന് പറഞ്ഞിരുന്നു.