- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് കേന്ദ്രത്തിന് പുല്ലുവില; സംഘപരിവാർ സംഘടനകളുടെ വിയോജനം മറികടന്ന് സ്പിരിച്വൽ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ശബരിമലയും
പത്തനംതിട്ട: സംഘപരിവാർ സംഘടനകളുടേയും ബിജെപി കേരളാഘടകത്തിന്റേയും എതിർപ്പ് മറികടന്ന് തീർത്ഥാടന വിനോദസഞ്ചാര പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്താൻ കേന്ദ്ര ടൂറിസം വകുപ്പ് തീരുമാനിച്ചു. സ്പിരിച്വൽ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നൂറുകോടിയുടെ പദ്ധതികളാണ് ശബരിമലയിലും അനുബന്ധ ക്ഷേത്രങ്ങളിലും പശ്ചിമഘട്ട മേഖലയിലെ പ്രമുഖ വിനോദ
പത്തനംതിട്ട: സംഘപരിവാർ സംഘടനകളുടേയും ബിജെപി കേരളാഘടകത്തിന്റേയും എതിർപ്പ് മറികടന്ന് തീർത്ഥാടന വിനോദസഞ്ചാര പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്താൻ കേന്ദ്ര ടൂറിസം വകുപ്പ് തീരുമാനിച്ചു.
സ്പിരിച്വൽ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നൂറുകോടിയുടെ പദ്ധതികളാണ് ശബരിമലയിലും അനുബന്ധ ക്ഷേത്രങ്ങളിലും പശ്ചിമഘട്ട മേഖലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്നത്. മകരവിളക്കു കാലത്ത് ശബരിമല സന്ദർശിച്ച കേന്ദ്ര ടൂറിസം പ്രോജക്ട് മാനേജിങ് കമ്മിറ്റി അംഗം വൈഭവ് പ്രകാശ് ഇതേപ്പറ്റി നേരത്തെ സൂചന നൽകിയിരുന്നു.
സംഘപരിവാറിന്റേയും ബിജെപി കേരളാ ഘടകത്തിന്റേയും നയങ്ങൾക്ക് തികച്ചും വിരുദ്ധമാണ് ഈ തീരുമാനം. എന്നാൽ പദ്ധതിയെപ്പറ്റി പ്രതികരിക്കാൻ സംഘപരിവാർ സംഘടനകൾ ഇതുവരെ തയാറായിട്ടില്ല.
ശബരിമല വികസന പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴെല്ലാം ബിജെപി അടക്കമുള്ള ഹിന്ദു സംഘടനകൾ ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോപിച്ച് കുറ്റപ്പെടുത്തുക പതിവായിരുന്നു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രധാന ആരോപണം. ശബരിമല ആരാധനാകേന്ദ്രമാണെന്നും ഉല്ലാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തെ ശക്തിയുക്തം എതിർക്കുമെന്നും പറഞ്ഞവർ വൈഭവ് പ്രകാശിന്റെ നിലപാടിനെതിരെ ഇനിയും പ്രതികരിക്കാൻ തയാറായിട്ടില്ല.
എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളാണ് സ്പിരിച്വൽ ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പമ്പ-സന്നിധാനം ട്രക്കിങ് പാത്തിന് പൈതൃക ഭംഗി പകരും വിധം കല്ലുപാകൽ, സന്നിധാനത്ത് പുതിയ അരവണ കോംപ്ലക്‌സ്, ക്യൂ നിൽക്കുന്നവർക്ക് വിശ്രമ സൗകര്യം, ജല ശുദ്ധീകരണത്തിന് ആർ.ഒ പ്ലാന്റ്, വൈദ്യുതിക്ക് സോളാർ പ്ലാന്റ് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
എരുമേലിയിൽ ഇൻഫർമേഷൻ കൗണ്ടർ, പൊലീസ് എയ്ഡ്‌പോസ്റ്റ്, പിൽഗ്രിമേജ് വെൽനെസ് സെന്റർ, ശൗചാലയ സമുച്ചയം, കുടിവെള്ളത്തിനുള്ള സൗകര്യം എന്നിവയും വിഭാവന ചെയ്യുന്നു. ഒപ്പം വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിൽ 35 കോടിയുടേയും തേക്കടിയിലും വാഗമണ്ണിലുമായി 65 കോടിയുടേയും പദ്ധതികളും നടപ്പാക്കും.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് ടൂറിസം വകുപ്പിന്റെ കടന്നുവരവ്. ശബരിമല വനമേഖലയും ക്ഷേത്രവും വിനോദ സഞ്ചാരത്തിന്റെ ഭാഗമാക്കരുതെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. അത് ക്ഷേത്രാചാരങ്ങൾ ലംഘിക്കപ്പെടുന്നതിനും വനമേഖലയുടെ പരിസ്ഥിതി നാശത്തിനും കാരണമാകുമെന്ന വാദമാണ് അവർ ഉയർത്തിവന്നത്. വിനോദ സഞ്ചാരം എന്ന നിലയിൽ കടന്നുവരുന്നവർ വ്രതാനുഷ്ഠാനം പാലിച്ചെന്നുവരില്ല. തീർത്ഥാടന ടൂറിസം എന്ന പാക്കേജുകളിൽ തീർത്ഥാടകർ എത്തുന്നത് സ്ത്രീകളുടെ കടന്നുവരവിനും ഇടയാക്കും. ഇപ്പോൾ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികൾ തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത്. നടപ്പാത കല്ലുപാകൽ മാത്രമാണ് മോടി കൂട്ടലായുള്ളത്. ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് ടൂറിസം വകുപ്പും പദ്ധതികളുമായി കടന്നുവരുന്നത്.
ശബരിമലയിൽ വിനോദ സഞ്ചാര സൗകര്യങ്ങളില്ല അടിസ്ഥാന സൗകര്യ വികസനമാണ് ആവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭക്ഷണം, വരിനിൽക്കുന്നവർക്ക് വിശ്രമ സൗകര്യം എന്നിവയാണ് ആവശ്യം. ഹിന്ദു സംഘടനകൾ എന്നും ആവശ്യപ്പെട്ടു വന്നിട്ടുള്ളതും അതാണ്. ഇപ്പോൾ കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അറിയില്ല. അതിനാൽ അതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടന വിനോദസഞ്ചാരം (പിൽഗ്രിം ടൂറിസം) എന്ന നിലയിൽ പദ്ധതികൾ നടപ്പാക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് ഏറ്റവും ആവശ്യം നടപ്പന്തൽ വിപുലീകരണമാണ്. ഇപ്പോൾ സന്നിധാനത്തുകൊള്ളുന്നതിന്റെ 15 ശതമാനത്തോളം കൂടുതൽ തീർത്ഥാടകർക്ക് സന്നിധാനത്ത് തങ്ങാൻ അത് സൗകര്യമൊരുക്കും. ഇത് നടപ്പാക്കുന്നത് ടൂറിസം വകുപ്പും പരിഗണിച്ചിട്ടില്ല.