തിരുവനന്തപുരം: ശബരിമലയിൽ കനത്തസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടും പൊലീസ് ആപ്പാടെ പരാജയമായി. ദേവസ്വം ബോർഡിന്റെ സഹായത്തോടെ സന്നിധാനത്ത് ആരും തങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. സംഘർഷം ഒഴിവാക്കാൻ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ സഹായം തേടിയതും പൊലീസിന് തലവേദനായണ്. സന്നിധാത്ത് എല്ലാ നിയന്ത്രണവും ഏർപ്പെടുത്തി ഭക്തരെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ശുദ്ധജലവും അന്നദാനവും നിഷേധിച്ചു. ശുചിമുറികൾ പൂട്ടി. ഇതിനൊപ്പം ഗസ്റ്റ് ഹൗസുകളും ആർക്കും കൊടുത്തില്ല. ഇത്തരത്തിലെ ഇടപെടൽ നടത്തിയപ്പോൾ ഭക്തർ നടപന്തലിൽ വിരിവച്ചു. വിരി വച്ച് ആരേയും അവിടെ തങ്ങാൻ അനുവദിക്കരുതെന്ന നിർദ്ദേശം പാലിക്കാനായില്ല. സന്നിധാനമെന്ന പരിമിതി കാരണമായിരുന്നു ഇത്. അങ്ങനെ ശബരിമലയിൽ ആട്ടചിത്തരയ്ക്കും പൊലീസ് വലിയ പരാജയമായി.

സന്നിധാനത്തിനു സമീപത്തുൾപ്പെടെ അതിസുരക്ഷാ മേഖലയായിരുന്നിട്ടും ചൊവ്വാഴ്ച സ്ത്രീകളെ തടഞ്ഞു. സന്നിധാനത്ത് പൊലീസ് നടപടികൾക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ യുവതീ പ്രവേശനമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏറെ പാടുപെടുമെന്ന് പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ വിശദമായ ചർച്ചകൾക്കു ശേഷമായിരിക്കും മണ്ഡലകാല സുരക്ഷയുടെ കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. തൃപ്തി ദേശായി മണ്ഡലകാലത്ത് സന്നിധാനത്ത് എത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ അവസ്ഥയിൽ അവർക്ക് സുരക്ഷയൊരുക്കാനാകില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിയേക്കും. ആട്ട ചിത്തിരയ്ക്ക് സന്നിധാനത്ത് പതിനായിരത്തിൽ താഴെ ഭക്തരാണ് ഉണ്ടായിരുന്നത്. മണ്ഡലകാലത്ത് ഇത് അമ്പതിനായിരത്തിൽ മുകളിലാകും. ഇത്രയും പേർ സന്നിധാനത്തുള്ളപ്പോൾ പ്രതിഷേധമുയർന്നാൽ നിയന്ത്രിക്കാൻ പൊലീസിന് കഴിയില്ലെന്നതാണ് ഇതിന് കാരണം.

ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് പ്രതിഷേധങ്ങളുണ്ടായത് പൊലീസ് തന്ത്രങ്ങളുടെ പാളിച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷയിൽ വിള്ളലുണ്ടായതിന്റെ തെളിവാണിത്. സന്നിധാനത്തു തങ്ങുന്നതിന് സമയം നിശ്ചയിച്ചും വാഹനങ്ങൾക്കും ഭക്തർക്കും നിയന്ത്രണമേർപ്പെടുത്തിയുമാണ് പൊലീസ് സുരക്ഷയൊരുക്കിയത്. എന്നാൽ, അവസാനനിമിഷം കാര്യങ്ങൾ കൈവിട്ടു. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ സംഘർഷമുണ്ടായതിനെ തുടർന്നാണ് ചിത്തിര ആട്ടവിശേഷത്തിന് പഴുതടച്ച സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാക്കി വിവിധയിടങ്ങളിലേക്കായി എ.ഡി.ജി.പി.മാരുടെ നേരിട്ടുള്ള ചുമതലയിൽ തന്നെ സുരക്ഷയൊരുക്കുകയും ചെയ്തു. എന്നിട്ടും ഫലം കണ്ടില്ല. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പൊലീസിന്റെ മെഗാഫോൺ ആർഎസ്എസ്. നേതാവിനു നൽകിയത് നാണക്കേട് ഇരട്ടിച്ചു.

സന്നിധാനത്തുപോലും പൊലീസിന് നിയന്ത്രണമില്ലാത്ത അവസ്ഥ വന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇതേത്തുടർന്നാണ് മണ്ഡലകാല സുരക്ഷ സംബന്ധിച്ച് വിശദചർച്ച നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ രഹസ്യാന്വേഷണ വിവരങ്ങളിൽ പാളിച്ചയുണ്ടാകുന്നുവെന്നും വിലയിരുത്തലുണ്ട്. പൊലീസിനുകിട്ടിയ രഹസ്യവിവരങ്ങൾക്കും അപ്പുറത്തായിരുന്നു ബിജെപി.യും സംഘപരിവാർ സംഘടനകളും നടപ്പാക്കിയ തന്ത്രങ്ങൾ.

മണ്ഡലകാലം വെല്ലുവിളി തന്നെ

മണ്ഡലകാലത്തിന് നട തുറക്കുന്ന നവംബർ 16 മുതൽ മകരവിളക്കുകഴിഞ്ഞ് അടയ്ക്കുന്ന ജനുവരി 20 വരെയെത്തുന്ന തീർത്ഥാടകർ ദിവസവും രണ്ട് ലക്ഷത്തിൽ അധികമാകും. പമ്പയിലും നിലയ്ക്കലിലും പോലും പതിനായിരങ്ങൾ എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ തീർത്ഥാടകരെ പൊലീസിന് ഇപ്പോഴുള്ളതുപോലെ നിയന്ത്രിക്കുക എളുപ്പമല്ല. പലയിടങ്ങളിലായി ആയിരക്കണക്കിന് പൊലീസുകാരെ നിരത്തിയാണ് സമരക്കാരെ തുലാമാസപൂജയ്ക്കും കഴിഞ്ഞദിവസം ചിത്തിര ആട്ടവിശേഷത്തിനും നിയന്ത്രിക്കാൻ ശ്രമിച്ചത്. തീർത്ഥാടകർക്ക് സന്നിധാനത്ത് തങ്ങാനുള്ള സമയംകുറച്ചും താമസസൗകര്യം നൽകാതെയും കടുത്ത നിയന്ത്രണങ്ങൾ വരുത്തിയാൽപ്പോലും പ്രതിരോധം എളുപ്പമാകില്ല. ഇത്രയധികം പൊലീസിനെ ഉപയോഗിക്കുന്നതും നിരോധനാജ്ഞയിൽ ഒരു തീർത്ഥാടനകാലം മുഴുവൻ പിന്നിടുകയെന്നതും പ്രായോഗികവുമാകില്ല.

യുവതികൾ മലകയറിയാൽ തടയാനും പ്രതിഷേധിക്കാനും ബിജെപി.യുടെയും ആർ.എസ്.എസിന്റെയും നേതാക്കൾതന്നെ സന്നിധാനത്തും പമ്പയിലുമൊക്കെ എത്തിയിരുന്നു. നിയോജകമണ്ഡലങ്ങളിൽനിന്ന് 500 പ്രവർത്തകരെ വീതം എത്തിച്ചാണ് അവർ പ്രതിരോധം തീർത്തത്. അവരുടെ ഏകോപനത്തിന് പ്രത്യേകം ചുമതലക്കാരെയും നിയോഗിച്ചിരുന്നു. തീർത്ഥാടനകാലത്തും ഇതുണ്ടാകും. അതായത് സമരം തുടരും. സന്നിധാനത്ത് പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് തടയാൻ പൊലീസിന് കഴിയില്ല. അതുകൊണ്ട് തന്നെ സുപ്രീം കോടതിവിധിയുടെ പേരിൽ ശബരിമലയെ സർക്കാർ തകർക്കുന്നു എന്ന് ആരോപിച്ചും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബിജെപി., എൻ.ഡി.എ. സമരം തുടരുന്നത് പൊലീസിന് വെല്ലുവിളിയാണ്. കഴിഞ്ഞദിവസം ക്ഷേത്രനട തുറന്നതുമുതൽ അടയ്ക്കുന്നതുവരെ മിക്ക സ്ഥലങ്ങളിലും അഖണ്ഡ നാമജപയജ്ഞം നടത്തിയാണ് ശബരിമലയിലെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

ബിജെപി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്രയാണ് ഇതുവരെ പ്രഖ്യാപിച്ച സമരത്തിൽ ഒടുവിലത്തേത്. എട്ടിന് കാസർകോട്ട് തുടങ്ങി 13-ന് പത്തനംതിട്ടയിലാണ് സമാപിക്കുന്നത്.

ഇനി സമന്വയം

തന്ത്രങ്ങൾ പാളുന്നതിനാൽ കൂടുതൽ കരുതൽ പൊലീസും സർക്കാരുമെടുക്കും. എല്ലാ വിഭാഗങ്ങളുമായി പൊലീസ് ചർച്ച ചെയ്യും. സമന്വയത്തിന്റെ പാതയിലേക്ക് കാര്യങ്ങളെത്തും. പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമായി വീണ്ടും ചർച്ചയ്ക്ക് പൊലീസും സർക്കാരും ശ്രമിക്കും. 13ന് ശബരിമല ഹർജികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സർക്കാർ കരുതലെടുക്കുന്നത്. സുപ്രീംകോടതി തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചാൽ സർക്കാർ തൽകാലത്തേക്ക് രക്ഷപ്പെടും. ഇതാണ് സർക്കാരും പൊലീസും പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം മണ്ഡലകാലത്ത് വലിയ വെല്ലുവിളിയായി മാറും.

സുരക്ഷയൊരുക്കുന്നതിലെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ പൊലീസ് ധരിപ്പിക്കാനും സാധ്യതയുണ്ട്. എൻ എസ് എസിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കും. ഇങ്ങനെ സമവായത്തിലൂടെ പേരു ദോഷം ഒഴിവാക്കാനാണ് സർക്കാർ ഇനി ശ്രമിക്കുക. ഫെയ്‌സ് ഡിക്ടറുകളും മറ്റ് സ്ഥാപിച്ച് പ്രതിഷേധക്കാരെ ഒഴിവാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തുലാമാസ പൂജയിൽ പൊലീസ് പട്ടികയിൽ പെട്ടവർ പോലും സന്നിധാനത്ത് ദർശനത്തിന് എത്തി. സംസ്ഥാനത്തുടനീളം നടത്തിയ അറസ്റ്റും ഫലം കണ്ടില്ല.

ആട്ട ചിത്തിരയ്ക്കും ആർ എസ് എസിന് പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കാനായി. മണ്ഡലകാലത്തും ഇതെല്ലാം സംഭവിക്കുമെന്ന് പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കരുതലുകളെടുത്താകും ഇനിയുള്ള നീക്കം.

ആട്ടത്തിരുന്നാൾ പൂജകൾക്ക് എത്തിയത് 15000 പേർ

ആട്ട ചിത്തിര ദിവസം പൊലീസ് നിർദ്ദേശപ്രകാരം സന്നിധാനത്തെ ശുചിമുറികളും ശുദ്ധജല ടാപ്പുകളും മുറികളും പൂട്ടിയിട്ടെങ്കിലും വഴിയിലും താഴെ മുറ്റത്തും വടക്കേനടയിലും മാളികപ്പുറം ഭാഗത്തും നടപ്പന്തലിലും മരത്തണലിലും വിശ്വാസികൾ തങ്ങി. താരമ്യേന ആളുകൾ കുറവുള്ള ആട്ടത്തിരുന്നാൾ പൂജകളിൽ ആദ്യമായി 15000 പേർ പങ്കെടുത്തതായാണു കണക്ക്. പതിനെട്ടാംപടിയും നടപ്പന്തലുകളും തിരുമുറ്റവുമെല്ലാം ആചാരസംരക്ഷണത്തിനെത്തിയവരുടെ കൈകളിലായി.

പതിനെട്ടാംപടിയിൽ വരെ കയറി ഇരുന്നു പ്രതിഷേധിച്ചു. ഈ സമയം പടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മുഴുവൻ അവിടെ നിന്നു മാറിനിന്നു. ശരണംവിളിച്ചും ഭജനകീർത്തനങ്ങൾ ആലപിച്ചും രാത്രി 10ന് നട അടയ്ക്കും വരെ വിശ്വാസികൾ കാത്തിരുന്നു. ആചാരം ലംഘിച്ചു യുവതികളാരും ദർശനം നടത്തില്ലെന്ന് ഉറപ്പുവരുത്തി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രത്തിൽ നടത്തുന്ന പൂജാ ചടങ്ങാണു ചിത്തിര ആട്ടവിശേഷം. മലയാളവർഷം 969 ഇടവം 23 മുതൽ നടക്കുന്നു. അന്നത്തെ പന്തളം രാജ്യത്തെ രാജകുടുംബം തിരുവിതാംകൂറിനു ക്ഷേത്രം കൈമാറിയതുമുതലാണിത്. അതുകൊണ്ട് തന്നെ വലിയ തിരിക്ക് ഈ ദിവസം സന്നിധാനത്തുണ്ടാകുക പതിവില്ല. പൊലീസിന്റെ ഈ പ്രതീക്ഷയാണ് ഇത്തവണ തെറ്റിയത്.

തുലാം മാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുന്നാളിലും സുരക്ഷാ പരീക്ഷണങ്ങൾ നടത്തിയ പൊലീസിനു മണ്ഡലകാലം വലിയ വെല്ലുവിളിയാകുമെന്നാണു സാഹചര്യങ്ങൾ നൽകുന്ന പാഠം. രാവിലെ ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ സ്വകാര്യ വാഹനം പമ്പയിലേക്കു കടത്തി വിടാത്തതിന്റെ പേരിൽ നിലയ്ക്കലിൽ വാക്കു തർക്കമുണ്ടായി. നിലയ്ക്കലിനും പമ്പയ്ക്കും ഇടയിലെ ജനവാസ കേന്ദ്രമായ അട്ടത്തോട്ടിലെ താമസക്കാരെ പൊലീസ് നിരന്തരം പരിശോധനയ്ക്കു വിധേയമാക്കിയതും പ്രതിഷേധത്തിനിടയാക്കി. പമ്പയിൽ റിപ്പോർട്ടിങ്ങിനെത്തിയ രണ്ടു വനിത മാധ്യമ പ്രവർത്തകരെ ചിലർ ശരണം വിളിച്ചു തടഞ്ഞെങ്കിലും ആർഎസ്എസ് നേതാക്കൾ ഇടപെട്ടു മടക്കി അയച്ചു.

ബോർഡ് യോഗം ഇന്ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്നു ചേരും. നട അടയ്ക്കുന്നതിനു തന്ത്രി അഭിപ്രായം തേടിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസ്താവന, സന്നിധാനത്തു ഭക്തർക്കു നേരിടേണ്ടിവന്ന പൊലീസ് നടപടികൾ, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയെന്ന തന്ത്രിയുടെ പ്രസ്താവന, സുപ്രീം കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ നൽകേണ്ട മറുപടി ഇവയെല്ലാം യോഗത്തിൽ ചർച്ചയാകും.

സന്നിധാനത്തെ പൊലീസ് നടപടിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ബോർഡിനെ അപ്രസ്‌കമാക്കിക്കൊണ്ടുള്ള നടപടികൾ പ്രസിഡന്റിനും അംഗങ്ങൾക്കും അലോസരം സൃഷ്ടിച്ചിട്ടുണ്ട്. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തന്ത്രി നൽകിയ വിശദീകരണം ചർച്ചയാകും. സന്നിധാനത്തു പരികർമികൾ നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുക്കാനും ബോർഡ് ആലോചിക്കുന്നുണ്ട്.