തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയിൽ ഇന്ന് ദേവസ്വം ബോർഡ് ഹർജി നൽകിയേക്കും ഹർജിനൽകുന്നതിന് തത്വത്തിൽ അംഗീകാരമായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ വിശദീകരിച്ചിരുന്നു.

സുപ്രീം കോടതിയിൽനിന്നുള്ള ചില രേഖകൾ ലഭിക്കാനുണ്ട്. അത് ലഭിച്ചുകഴിഞ്ഞാൽ നാളെ രാവിലെ യോഗം ചേർന്ന് ഹർജി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഹർജി കൊടുക്കുന്ന കാര്യത്തിന് തത്വത്തിൽ അംഗീകാരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് തന്നെ ഹർജി നൽകുമെന്നാണ് സൂചന. ശബരിമലയെ സംഘർഷത്തിലേക്ക് എത്തിക്കാതിരിക്കാനാണ് ഇത്.

സാവകാശ ഹർജിയിൽ അനുകൂല തീരുമാനം സുപ്രീംകോടതി എടുത്താൽ അത് എല്ലാവർക്കും ആശ്വാസമാകും. ഇത് തന്നെയാണ് സർക്കാരും പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ ഈ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് പ്രശ്‌ന രഹിതമായി കാര്യങ്ങൾ മാറും. തന്ത്രി കുടുംബവും പന്തളം കൊട്ടാരവുമെല്ലാം ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിനോട് മുന്നോട്ട് പോകാൻ സർക്കാർ ആവശ്യപ്പെട്ടതും.

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വം നിർവഹിക്കും. ശബരിമലയെ കലാപത്തിന്റെ കേന്ദ്രമാക്കാൻ ആരും ശ്രമിക്കരുത്. കഴിഞ്ഞ തവണ നട തുറന്നപ്പോൾ ഉണ്ടായതുപോലുള്ള സംഭവങ്ങൾ ഉണ്ടാകരുത്. വിശ്വാസികളെയും അല്ലാത്തവരെയും വേർതിരിച്ചറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. മണ്ഡലകാലത്ത് പ്രശ്നമുണ്ടാക്കാനുള്ള ശ്രമം ആരുടെയും ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ മാധ്യമങ്ങൾക്ക് പൊലീസിന്റെ കർശന നിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ത്രിവേണി പാലം കടക്കാൻ അനുവദിക്കുന്നില്ല. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് നടതുറക്കാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താൻ പൊലീസിന്റെ നിയന്ത്രണം കാരണം മാധ്യമങ്ങൾക്ക് കഴിയാത്ത സ്ഥിതിയാണ് രാത്രി വൈകിയും. തത്സമയ സംപ്രേഷണത്തിനുള്ള ഉപകരണങ്ങൾ അടക്കമുള്ളവ ശബരിമലയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി.

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബർ 15 വ്യാഴാഴ്ച അർധരാത്രി മുതൽ നവംബർ 22 വ്യാഴാഴ്ച വരെ ഏഴ് ദിവസത്തേക്കാണ് നിരോധാനാജ്ഞ. വെള്ളിയാഴ്ച മുതൽ മണ്ഡലകാല തീർത്ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവൻ ഉപറോഡുകളിലും സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, പ്രാർത്ഥനാ യജ്ഞങ്ങൾ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സമാധാനപരമായ ദർശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ ശബരിമലയിൽ സുരക്ഷയുടെ ഭാഗമായി പതിനയ്യായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നു. ശബരിമലയും പരിസരപ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ചാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്.