പത്തനംതിട്ട: ബ്രേക്ക് നഷ്ടമായ വണ്ടിയുടെ അവസ്ഥയിലാണ് സംസ്ഥാന സർക്കാർ ഇപ്പോൾ. ശബരിമല വിഷയത്തിന്റെ പേരിൽ കേരളത്തിലെ ഭൂരിപക്ഷവും എതിരായി. ബിജെപി വൻ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. കോൺഗ്രസ് കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നു. സർവോപരി സാധാരണക്കാർക്കും ബുദ്ധിമുട്ട്. ഇതിനെല്ലാം അടിസ്ഥാന കാരണമായത് ശബരിമല വിഷയമല്ല, മറിച്ച് രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ ശബരിമല കയറ്റാൻ നടത്തിയ നീക്കമാണെന്ന തിരിച്ചറിവിലാണ് പിണറായി സർക്കാർ ഇപ്പോൾ.

അതിന് കാരണമായത് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പു കേടും. മല ചവിട്ടാൻ സംരക്ഷണ ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കലക്ടറെയാണ് രഹ്ന സമീപിച്ചത്. ഇവരുടെ പശ്ചാത്തലം പരിശോധിക്കാതെ മല കയറ്റി വിടാൻ ജില്ലാ കലക്ടർ പിബി നൂഹ് ഉത്തരവിട്ടതാണ് ഇത്രയും കുഴപ്പത്തിൽ കൊണ്ടു ചെന്ന് എത്തിച്ചതെന്നാണ് ഇപ്പോൾ സർക്കാരിന്റെ നിഗമനം. പൊലീസ് വേഷം അണിയിച്ച്, നൂറോളം പൊലീസുകാരുടെ കാവലിൽ ആണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ രഹന ഫാത്തിമയെ മല കയറ്റിയത്. അതേസമയം, അവരുടെ പശ്ചാത്തലം പരിശോധിച്ച സൈബർ പോരാളികൾ സംഘപരിവാർ സംഘടനകൾക്ക് വേണ്ടി ആഞ്ഞു പണി ചെയ്തു.

രഹനയുടെ യഥാർഥ മുഖം വെളിപ്പെടുത്തി, അവരുടെ രീതികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സർക്കാരിനെതിരേ ജനരോഷം ശക്തമായത്. ഇത് ഏറ്റവും വലിയ അബദ്ധമായി സർക്കാർ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു. തുടക്കത്തിൽ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹർജി നൽകുമെന്ന് പ്രഖ്യാപിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വിരട്ടിയ പിണറായിയും ഒടുവിൽ അബദ്ധം തിരിച്ചറിഞ്ഞു. അതിന് കാരണമായതാകട്ടെ പത്മകുമാറിന്റെ രാജി ഭീഷണിയും. 13 ന് റിവ്യൂഹർജിയിൽ സ്റ്റേ ഉണ്ടാകുമെന്നായിരുന്നു സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രതീക്ഷ.

അതുണ്ടാകാതെ വന്നതോടെ കാര്യങ്ങൾ പൂർണമായും സർക്കാരിന്റെ കൈവിട്ടു പോയി. ഈ സാഹചര്യത്തിലാണ് പിണറായി വീണ്ടും പത്മകുമാറിനെ വിളിച്ചു വരുത്തിയത്. എന്തെങ്കിലും ഭക്തർക്കും ശബരിമലയ്ക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കുമെന്ന നിലപാടിലായിരുന്നു പത്മകുമാർ. നിലവിലുള്ള സ്ഥിതി അൽപം ശാന്തമാക്കുന്നതിന് വേണ്ടിയും പത്മകുമാർ രാജി വച്ചാൽ സർക്കാരിന് ഉണ്ടാകുന്ന തിരിച്ചടി പേടിച്ചുമാണ് ഒടുക്കം പിണറായി വിട്ടു വീഴ്ചയ്ക്ക് തയാറായത് എന്നാണ് സൂചന.

അതേസമയം, സാവകാശ ഹർജി ഭക്തരുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്നും പറയപ്പെടുന്നു. ഹർജി നിയമപരമായി നിലനിൽക്കില്ല എന്നാണ് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.