തൃശൂർ: യുവതികളടങ്ങുന്ന സംഘം ഡിസംബർ 23ന് ശബരിമലയിലേക്ക്. ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു. തമിഴ്‌നാട് കേന്ദ്രമാക്കി സത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 'മനിതി'എന്ന വനിത സംഘടനയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള സ്ത്രീകൾ ശബരിമലയിലെത്തുന്നത്. ശബരിമല പ്രവേശനം നടത്താൻ സഹായമാവശ്യപ്പെട്ട് രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന് 'മനിതി' കത്തുകൾ അയച്ചെങ്കിലും ഇവക്കൊന്നും മറുപടി നൽകിയിരുന്നു.

'നവോത്ഥാന കേരളം ശബരിമലയിലേക്ക്'എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള അമ്പതോളം യുവതികളും അഞ്ഞൂറോളം പുരുഷന്മാരുമാണ് സംഘത്തിലുള്ളതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശബരിമലയിലേക്ക് വന്ന യുവതികൾക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവർക്ക് അയ്യപ്പ സന്നിധിയിലെത്താൻ കഴിയാതിരുന്നതെന്നും ലിംഗസമത്വത്തിൽ വിശ്വസിക്കുന്ന സർക്കാർ തങ്ങൾക്ക ആവശ്യമായ സംരക്ഷണം തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനിതി കത്തിൽ വ്യക്തമാക്കുന്നു. വിശ്വാസികൾ പരമ്പരാഗത രീതിയിൽ കെട്ടുനിറച്ച് ഇരുമുടിക്കെട്ടുമായി മലകയറാനാണ് ഒരുങ്ങുന്നത്. കേരളത്തിൽ നിന്നും പത്ത് യുവതികൾ ഉണ്ടാകും.

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി തമിഴ്‌നാട്ടിൽ രൂപം കൊണ്ട സ്വതന്ത്രസംഘടനയാണ് മനിതി. ഇതിനുമുമ്പ് ശബരിമലയിലേക്ക് വന്ന യുവതികൾക്ക് വേണ്ടത്ര ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാകാം അവർക്ക് അയ്യപ്പ സന്നിധിയിലെത്താൻ കഴിയാതിരുന്നതെന്നാണ് മനിതി പറയുന്നത്. വിശ്വാസികളും അല്ലാത്തവരുമായ ഒരു കൂട്ടം യുവാക്കളാണ് യാത്രക്ക് മുൻകൈയെടുക്കുന്നത്. യാത്രയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മറ്റ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കത്ത് നൽകാനൊരുങ്ങുകയാണ് സംഘാടകർ. ആർ.എംപി, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷൻ, എ.ഐ.വൈ.എഫ്, സിപിഐ.എം.എൽ റെഡ്ഫ്ലാഗ്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളെയും അന്വേഷി തുടങ്ങിയ വനിത സംഘടനകളേയും പിന്തുണ ആവശ്യപ്പെട്ട് സംഘാടകർ സമീപിക്കും. വിഷയത്തിൽ ഇതിനോടകം നിലപാട് വ്യക്തമാക്കിയ ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ സമീപിക്കില്ലെന്ന് ഇവർ വ്യക്തമാക്കി.

രഹ്നാ ഫാത്തിമയെയും മേരീ സ്വീറ്റിയേയും പോലുള്ള ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിച്ചാൽ വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി ഇരച്ചു കയറുമെന്ന ഭീഷണിയുമായി തമിഴ്‌നാട്ടിലെ ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് രംഗത്ത് വന്നിരുന്നു. തങ്ങളുടെ കോവിലിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരായിട്ടാണ് വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി കയറുന്നതെന്നും ഹിന്ദു മക്കൾ കക്ഷിയുടെ മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വലിയ സംഘം സ്ത്രീകളുമായിട്ടാണ് അവിടേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മനിതിയെന്ന സംഘടന യുവതി പ്രവേശനം സാധ്യമാക്കാൻ ശബരിമലയിലേക്ക് എത്തുന്നത്. ഇത് കേരളാ പൊലീസിനും സർക്കാരിനും വിലയ വെല്ലുവിളിയായി മാറും. തമിഴ് നാട്ടിൽ വിവിധ ഇടങ്ങളിൽ ശബരിമല വിഷയം കത്തിപടർത്തുകാണ് ഹിന്ദു മക്കൾ കക്ഷി.

ഓരോ ക്ഷേത്രത്തിനും ആചാരങ്ങൾ സംബന്ധിച്ച് ഓരോ കീഴ്‌വഴക്കങ്ങളുണ്ടെന്നും അതിന്റെ ഭാഗമാണ് ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നും ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പറയുന്നു. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നിയമം പാസാക്കണമെന്നും ഒരു തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ശബരിമലയിൽ ആചാര ലംഘനം ഈ സംഘടന ലക്ഷ്യമിടില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാൽ വാവര് പള്ളിയിൽ പ്രശ്നമുണ്ടായാൽ അത് പുതിയ വിഷയങ്ങളിലേക്ക് വിവാദമെത്തും. ഇതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഇതെല്ലാം പരിഗണിച്ച സംസ്ഥാന സർക്കാർ യുവതികളെ പ്രവേശിപ്പിക്കാൻ താൽപ്പര്യം കാട്ടിയിരുന്നില്ല. ഇതിനിടെയാണ് മനിതി വെല്ലുവിളി ഏറ്റെടുക്കുന്നത്. നവോത്ഥാന വനിതാ മതിൽ അടക്കമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന സർക്കാരിന് മനിതിയെ പിന്തുണയ്‌ക്കേണ്ടിയും വരും.