പമ്പ: നേരോടെ നിർഭയം നിരന്തരം വാർത്തകൾ നൽകുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. വാർത്തയിലെ വാസ്തവം ചർച്ചയാക്കുന്ന നേരിനൊപ്പം നീങ്ങുന്ന കേരളത്തിലെ മറ്റ് ചാനലുകൾ. എന്നാൽ ഇവരെല്ലാം അതിനിർണ്ണായക നിമിഷം ശബരിമല സന്നിധാനത്ത് നിന്നുള്ള റിപ്പോർട്ടിങ് നിർത്തി മലയിറങ്ങി. കേരളാ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. സന്നിധാനത്ത് ഇന്ന് പ്രശ്‌നങ്ങളുണ്ടാകുമെന്നും ഈ സാഹചര്യത്തിൽ റിപ്പോർട്ടർമാർക്ക് നേരെ അയ്യപ്പഭക്തരുടെ കൈയേറ്റ ശ്രമമുണ്ടാകുമെന്നും പൊലീസ് ചാനലുകളെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് ചാനൽ പ്രതിനിധികളെല്ലാം അവിടെ തുടരുന്നത്. എന്നാൽ മറുനാടൻ ടിവി സന്നിധാനത്ത് ഇപ്പോഴുമുണ്ട്. ഭക്തരുടെ അക്രമം ഉണ്ടാകുമെന്നും അതിനാൽ മലയിറങ്ങണമെന്നും മറുനാടൻ പ്രതിനിധിയോട് പൊലീസ് ആവശ്യപ്പെട്ടുമില്ല. മംഗളം, ജനം ടിവി തുടങ്ങിയവരും സന്നിധാനത്ത് തുടരുന്നുണ്ട്. ഇവർക്കും ഇത്തരത്തിൽ സൂചനകളൊന്നും പൊലീസ് നൽകിയിട്ടില്ലെന്നതാണ് വസ്തുത.

ഇതോടെ സന്നിധാനത്ത് ഇന്ന് ആകെ അനിശ്ചിതത്വം നിറയുകയാണ്. ചാനലുകളെ മാറ്റി നിർത്തിയായിരുന്നു നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷൻ. ഭക്തരുടെ ക്ഷോഭം ചാനലുകൾക്ക് എതിരാണെന്നും അതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും പൊലീസ് നിലയ്ക്കൽ ഓപ്പറേഷന് മുമ്പ് ചാനലുകളെ അറിയിച്ചു. ഇത് അംഗീകരിച്ച് ചാനലുകൾ സംഘർഷ സ്ഥലത്ത് നിന്ന് മാറി. അതിന് ശേഷമാണ് പൊലീസ് ലാത്തി വീശിയും വാഹനങ്ങൾ തകർത്തതും. സമാന രീതിയിലെ ഓപ്പറേഷൻ ഇന്ന് സന്നിധാനത്തുണ്ടാകുമെന്നാണ് സൂചന. പമ്പയിൽ നിരവധി അയ്യപ്പഭക്തർ തമ്പടിക്കുന്നുണ്ട്. സ്ത്രീ പ്രവേശനത്തെ തടയാനാണ് ഇത്. ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാനും സാധ്യതയുണ്ട്. ഇതിനിടെ സംഘർഷമുണ്ടായാൽ അത് ഏറെ പ്രശ്‌നമാകും. ഇത്തരത്തിലെ പൊലീസ് ഓപ്പറേഷൻ മാധ്യമങ്ങൾ തൽസമയം നൽകാതിരിക്കാനാണ് മുഖ്യധാരാ ചാനലുകളെ മാറ്റി നിർത്തുന്നത്.

സുപ്രീംകോടതി വിധി നടപ്പായി എന്നുറപ്പിക്കാൻ സ്ത്രീകളെ ഇന്ന് പൊലീസ് സന്നിധാനത്തുകൊണ്ടു വരുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാര പ്രതിനിധി പോലും സന്നിധാനത്ത് എത്തിയിട്ടുണ്ട്. പരിവാർ നേതാക്കളും സന്യാസി പ്രമുഖരും നിലയുറപ്പിക്കുന്നു. ഇതെല്ലാം സ്ത്രീ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളാണ്. പൊലീസ് ഓപ്പറേഷനിലൂടെ മാത്രമേ സ്ത്രീ പ്രവേശനം ഇനി സാധ്യമാകൂ. ഇന്ന് നട അടയ്ക്കുന്ന അവസാന ദിവസമാണ്. വൈകുന്നേരും നാല് മണിക്ക് ശേഷം ഭക്തരെ ആരേയും സന്നിധാനത്തേക്ക് പൊലീസ് പമ്പയിൽ നിന്ന് കടത്തി വിടല്ല. സന്നിധാനത്തുള്ള എല്ലാവരേയും മലയിറപ്പിക്കുകയും ചെയ്യും. ഇതിന് ശേഷം രാത്രിയിൽ സ്ത്രീകളെ കൊണ്ടു വരാൻ രഹസ്യ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ഇത്തരത്തിൽ സ്ത്രീകളെത്തിയാൽ നടപന്തലിലുള്ളവർ അത് തടയും. അപ്പോൾ ബലപ്രയോഗത്തിന് പൊലീസ് ശ്രമിക്കും. ഇത് പുറം ലോകത്ത് എത്താതിരിക്കാനാണ് മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് താഴെയിറക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതിനിടെ ചാനലുകളുടെ ഓഫീസിലും പ്രവർത്തകർക്കും നേരെ വ്യാപക ആക്രമമുണ്ടാകുമെന്ന് മാധ്യമ പ്രവർത്തകരെ പൊലീസ് അറിയിച്ചതായാണ് സൂചന. സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് ഏതറ്റം വരേയും പോകുമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ യുഎഇയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയിട്ടുണ്ട്. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുമായി മുഖ്യമന്ത്രി കാര്യങ്ങൾ ചർച്ച ചെയ്യും. ശ്രീവാസ്തവയുടെ നിലപാടാകും ഇനി നിർണ്ണായകം. ശ്രീവാസ്തവ നിർദ്ദേശിച്ചാൽ സന്നിധാനത്തും പൊലീസ് ഓപ്പറേഷനുള്ള സാധ്യത ഏറെയാണ്. എന്നാൽ സ്ത്രീകളെത്തിയാൽ പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിൽ തടയാനും സാധ്യതയുണ്ട്. അങ്ങനെ തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമലയിൽ സർവ്വത്ര അനിശ്ചിതത്വമാണ്.

ഇനി മണ്ഡല പൂജയ്ക്കാണ് നട തുറക്കുന്നത്. വൃശ്ചികം ഒന്നിന് മണ്ഡലകാലം തുടരുമ്പോൾ സ്ത്രീ പ്രവേശനം അസാധ്യമാണ്. അന്ന് ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ കാണും. അതുകൊണ്ട് തന്നെ യുവതി പ്രവേശനം വലിയ ക്രമസമാധാന പ്രശ്‌നമാകും. അതിനാൽ ഇന്നാണ് കോടതി വിധി നടപ്പാക്കാൻ പറ്റിയ ദിവസമെന്ന് പൊലീസും പറയുന്നു. ഐജി ശ്രീജിത്ത് സന്നിധാനത്ത് എത്തിയിട്ടുണ്ട്. സന്നിധാനത്ത് പൊലീസ് ഇടപെടലിന്റെ സൂചനയാണ് ഇത്. ഇത്രയും പ്രശ്‌ന സാധ്യതയുണ്ടായിട്ടും മലയാളത്തിലെ മുഖ്യധാരാ ചാനലുകൾ സന്നിധാനം വിട്ടത് ഏറെ ആഭ്യൂഹങ്ങൾക്ക് ഇടനൽകുകയാണ്.

ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധങ്ങൾ ഇതേനിലയ്ക്ക് തുടർന്നാൽ വരുന്ന മണ്ഡല-മകരവിളക്ക് കാലം പൊലീസിന് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സമ്മതിച്ചിട്ടുണ്ട്. മണ്ഡലകാലത്തും പ്രതിഷേധങ്ങൾ ഇതേപോലെ തുടർന്നാൽ സുരക്ഷയൊരുക്കാൻ ഇപ്പോഴുള്ള സജ്ജീകരണങ്ങൾ പോരാതെവരുമെന്നും യുവതികളെ പൊലീസ് കാവലിൽ മലകയറ്റുക പ്രായോഗികമാകില്ലെന്നും ഉയർന്ന ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിക്കും. മണ്ഡലകാലത്തിനുമുമ്പ് പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ അത് ശബരിമലയിൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് അവർ പറയുന്നത്. യുവതീപ്രവേശത്തിനെതിരേ ആദ്യദിവസങ്ങളിലെ അക്രമസമരങ്ങളിൽനിന്നുമാറി കഴിഞ്ഞദിവസങ്ങളിൽ വിശ്വാസികൾ ശരണംവിളിച്ചും നിലത്ത് കിടന്നുമുള്ള പ്രതിഷേധങ്ങൾക്ക് മുതിർന്നതോടെ പൊലീസ് പ്രതിരോധത്തിലായി. പമ്പയിലും ശരണപാതയിലും സന്നിധാനത്തുമുള്ള ആയിരക്കണക്കിന് ഭക്തർകൂടി ആചാരസംരക്ഷണത്തിനായി സ്വയം രംഗത്തിറങ്ങിയതും പൊലീസിനെ വലച്ചു.

തുലാമാസപൂജകൾക്ക് നടതുറന്നപ്പോൾ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ ഒരു ഐ.ജി.യും മൂന്ന് എസ്‌പി.മാരുമാണ് സുരക്ഷാച്ചുമതല നിർവഹിച്ചത്. പ്രതിഷേധം ശക്തമായതോടെ ഒരു ഐ.ജി.കൂടി പമ്പ, സന്നിധാനം ചുമതലയിലേക്ക് വന്നു. 2000 പൊലീസുകാരെയാണ് ആദ്യം നിശ്ചയിച്ചതെങ്കിൽ പിന്നീടത് 4000 ആക്കി. മാസപൂജാ സമയത്ത് ഇത് അസാധാരണമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് പ്രതിഷേധം തണുപ്പിക്കാനാണെങ്കിലും വിശ്വാസസംരക്ഷണ കൂട്ടായ്മകൾ പ്രതിരോധരീതി മാറ്റി. അവരും ബലപ്രയോഗം ഒഴിവാക്കി സമാധാന രീതികളിലേക്ക് വന്നു. ഇതുവരെ വന്ന യുവതികളിൽ ഭൂരിഭാഗവും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമായിരുന്നു. വാർത്ത സൃഷ്ടിക്കാൻവേണ്ടി വരുന്നവർക്ക് സൗകര്യവും സംരക്ഷണവും തുടർച്ചയായി ഒരുക്കാൻ പറ്റില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അവരിൽ പലരോടും അനൗദ്യോഗികമായി അറിയിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ നാല് യുവതികളാണ് ഞായറാഴ്ച ശബരിമല കയറാനെത്തിയത്. ഇവരിൽ മിക്കവരും ഇവിടത്തെ ആചാരം അറിയാത്തവരായിരുന്നെന്ന് പൊലീസ് പറയുന്നു.

രാവിലെ 10 മണിയോടെ ആദിശേഷ (41), വാസന്തി (40) എന്നിവർ എട്ടുപേരുള്ള സംഘത്തിനൊപ്പമെത്തി. ഇവരെ നീലിമലകയറ്റം തുടങ്ങുന്നിടത്ത് അയ്യപ്പന്മാർ തടഞ്ഞു. ശരണംവിളിച്ചും വഴിയിൽ കിടന്നുമായിരുന്നു പ്രതിരോധം. ശരീരത്ത് ചവിട്ടിമാത്രമേ മലകയറാൻ പറ്റൂ എന്ന് ഇവർ പറഞ്ഞു. ഇതോടെ പൊലീസെത്തി യുവതികളെ മടക്കി. ഗുണ്ടൂർ സ്വദേശി ആർ ബാലമ്മ (46) സന്നിധാനം വലിയനടപ്പന്തലിന് സമീപം വരെയെത്തി. ഇവരെ അയ്യപ്പന്മാർ തടഞ്ഞ് തിരിച്ചറിയൽ കാർഡ് ചോദിച്ചു. പ്രായം വ്യക്തമായതോടെ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ രക്തസമ്മർദം കൂടി തളർന്നുവീണ ഇവരെ ദേവസ്വം ആംബുലൻസിൽ പമ്പാ ആശുപത്രിയിലേക്ക് മാറ്റി. പുഷ്പലത(36)യെന്ന യുവതി മരക്കൂട്ടം വരെയെത്തി. ഇവരും പ്രതിഷേധം കാരണം മടങ്ങി.