പമ്പ: ആചാര സംരക്ഷണത്തിന് ഭക്തർക്കൊപ്പം കേരളാ പൊലീസുമുണ്ടെന്നതിന് വീണ്ടുമൊരു തെളിവ്. ശബരിമല ദർശനത്തിനെത്തിയ യുവതിയെ പൊലീസ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചു. കോട്ടയത്ത് എത്തിയ യുവതി എരുമേലിയിലാണ് ആദ്യമെത്തിയത്. ഈ ദുരമത്രയും പ്രതിഷേധമുണ്ടായിരുന്നു. നിലയ്ക്കൽ വരെ പൊലീസ് എത്തിച്ചു. അതിന് ശേഷം പമ്പയിലും സന്നിധാനത്തും കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് പൊലീസ് അവരെ ധരിപ്പിച്ചു. ഒരു ലക്ഷത്തോളം അയ്യപ്പഭക്തർ പമ്പയിലും സന്നിധാനത്തുമുണ്ട്. അതുകൊണ്ട് തന്നെ അങ്ങോട്ട് പോയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും കാര്യങ്ങൾ കൈവിട്ടു പോകുമെന്നും അറിയിച്ചു. ഇതോടെ യുവതി മടങ്ങി. അങ്ങനെ അയ്യപ്പഭക്തർക്ക് ആശ്വാസവും എത്തി.

ആന്ധ്ര സ്വദേശിനി വിജയലക്ഷ്മിയാണ് 22 അംഗ സംഘത്തോടൊപ്പം എത്തിയത്. കോട്ടയത്ത് എത്തിയശേഷം ഇവർ ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് തിരിച്ചിരുന്നു. പൊലീസ് അകമ്പടിയോടെ നിലയ്ക്കലിൽ എത്തിയ ഇവർ പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് യാത്ര അവസാനിപ്പിച്ച് മടങ്ങിയത്. ഒപ്പമുണ്ടായിരുന്ന സംഘം യാത്ര തുടരുകയും ചെയ്തു. സന്നിധാനത്ത് ഉൾപ്പെടെ ജില്ലാ കളക്ടർ പ്രഖയാപിച്ച നിരോധനാഞ്ജ നാളെ അവസാനിക്കാനിരിക്കുകയാണ്. സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല ദർശനത്തിനായി സ്ത്രീകൾ എത്തിയത് ബിജെപിയുടെ നേതൃത്വത്തിൽ തടയുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സന്നിധാനത്ത് ഉൾപ്പെടെ നിരോധനാഞ്ജ പ്രഖ്യാപിച്ചത്.

കോട്ടയത്ത് എത്തിയപ്പോൾ തന്നെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. നിലയ്ക്കൽ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സുരക്ഷയിൽ ഇവരെ എരുമേലിയിലെത്തിച്ചത്. കോട്ടയത്തും എരുമേലയിലും വലിയ പ്രതിഷേധം ഉയർന്നു. എരുമേലിയിൽ സ്ത്രീ യാത്ര അവസാനിപ്പിച്ചു. ഒപ്പം വന്ന 21 പേർ നിലയ്ക്കലിലേക്ക് പോയി. ഇരുമുടിക്കെട്ടുമായാണ് യുവതി വന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദർശനത്തിനെത്തിയത്.

എന്നാൽ ഭക്തരെ പ്രകോപിപ്പിക്കുന്ന തരത്തിൽ യുവതി പ്രവേശനം വേണ്ടെന്നാണ് പൊലീസ് തീരുമാനം. ഈ സാഹചര്യത്തിലാണ് യുവതിയെ മടക്കിയത്. ദർശനത്തിനെത്തുന്ന യുവതികളെ സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞ് തിരിച്ചയക്കുകയാണ് പൊലീസ് ചെയ്തത്. ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറുകളെയും പൊലീസ് മടക്കി അയച്ചിരുന്നു. പിന്നീട് പന്തളം രാജ കുടുംബവും ശബരിമല ക്ഷേത്ര തന്ത്രിയുമാണ് ട്രാൻസ്ജെൻഡറുകക്ക് ക്ഷേത്രപ്രവേശനം നടത്താമെന്ന് നിലപാടെടുത്തത്.

യുവതി പ്രവേശന വിധി നിലനിൽക്കുമ്പോഴും ഒരു യുവതി പോലും ദർശനം നടത്തിയിട്ടില്ല. ദർശനത്തിനായി എത്തിയവർ വൻ പ്രതിഷേധത്തെ തുടർന്ന് തിരികെ മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം നാല് ട്രാൻസ്ജെൻഡേഴ്സ് ദർശനത്തിന് എത്തിയതും വിവാദമായിരുന്നു. എന്നാൽ പൊലീസ് അകമ്പടിയോശട ദർശനം നടത്തിയാണ് സംഘം മടങ്ങിയത്.