പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലെ പ്രക്ഷോഭം കൊടുമ്പിരി കൊള്ളവേ പതിനെട്ടാം അടവ് പുറത്തെടുക്കാൻ തന്ത്രികുടുംബം ഒരുങ്ങിയതായി സൂചന. സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാൻ വിശ്വാസത്തിന്റെ വഴി തേടാനാണ് ഇവരുടെ നീക്കം. സ്ത്രീകൾ അകയറിയാൽ അശുദ്ധിവരുമെന്നും അതുകൊണ്ട് പുണ്യാഹം വേണ്ടിവരുമെന്നുമാണ് നിലപാട്. ഈ നിലപാടിന്റെ സാഹചര്യത്തിൽ സുപ്രീംകോടതി വിധി പ്രകാരം യുവതികൾ ദർശനത്തിന് എത്തിയിൽ ശബരിമല നട അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് താഴമൺ തന്ത്രികുടുംബവും പന്തളം കൊട്ടാരവും പദ്ധതിയിടുന്നത്. തങ്ങളെ അവഗണിക്കുന്ന സർക്കാറിന് കൂടിയുള്ള മറുപടി എന്ന നിലയ്ക്കാണ് ഇത്തരമൊരു ആലോചനയിലേക്ക് തന്ത്രികുടുംബം നീങ്ങുന്നതെന്നാണ് അറിയുന്നത്.

ആചാരം ലംഘിക്കപ്പെട്ടാൽ പിന്നീടുള്ള മാർഗ്ഗം പുണ്യാഹം നടത്തുക എന്നതാണ്. യുവതികൾ പ്രവേശിച്ചാൽ തുടർച്ചയായി പുണ്യാഹം തളിച്ചു ശുദ്ധിവരുത്തേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാകും നടപടി. ഇക്കാര്യത്തിൽ തന്ത്രിയുടേതാണ് അന്തിമതീരുമാനം. നിലവിലുള്ള ആചാരത്തിനു വിരുദ്ധമായി, പ്രായഭേദമില്ലാതെ സ്ത്രീകൾ ദർശനത്തിനെത്തിയാൽ എല്ലാ ദിവസവും ശുദ്ധിക്രിയ വേണ്ടിവരുമെന്നാണു തന്ത്രിമാരുടെ നിലപാട്. അത് അസാധ്യമായ കാര്യമാണെന്നും പറയും. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ ബോധ്യപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.

യുവതികൾ കയറിയാൽ സന്നിധാനം അശുദ്ധമാകുമെന്നു തന്ത്രിസമാജവും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ എല്ലാദിവസവും പുണ്യാഹശുദ്ധി നടത്തുക അപ്രായോഗികമാണ്. അതു പുണ്യാഹത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും. ആചാരം ലംഘിച്ചു സ്ത്രീകളെത്തിയാൽ അനിശ്ചിതകാലത്തേക്കു നടയടയ്ക്കുന്ന കാര്യം ആലോചിക്കുമെന്നു പന്തളം കൊട്ടാരം പ്രതിനിധി കേരളവർമരാജ പറഞ്ഞു. കൊട്ടാരം ഭരണസമിതിയുടെ പ്രസിഡന്റ് ശശികുമാരവർമയും ജനറൽ സെക്രട്ടറി നാരായണവർമയുമാണ്.

ശബരിമലയിലെ ആചാരങ്ങൾ നടന്നുപോകണമെങ്കിൽ അതിന് തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും പിന്തുണ വേണ്ടിവരും. അതുകൊണ്ടു തന്നെ തങ്ങളെ പരിഗണിക്കാതെ കാര്യങ്ങൾ മുന്നോട്ടു നീക്കിയാൽ അതിനെ ചെറുക്കാനാണ് ഇവരുടെ തീരുമാനം. കഴിഞ്ഞ ഏഴിനു ചേർന്ന ഭരണസമിതി ആചാരസംരക്ഷണം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്തു. പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാനാകും ആദ്യശ്രമം. അടുത്തഘട്ടത്തിലേ നട അടച്ചിടുന്ന കാര്യം ആലോചിക്കൂവെന്നു കേരളവർമരാജ പറഞ്ഞു. തന്ത്രിമാരാണ് അക്കാര്യം തീരുമാനിക്കേണ്ടത്.

ശബരിമലയിൽ കഴിഞ്ഞ ജൂൺ-ജൂലൈയിൽ ദേവപ്രശ്നം നടത്തിയിരുന്നു. സന്നിധാനത്തും പന്തളം കൊട്ടാരത്തിലും ദോഷമകറ്റാനുള്ള പൂജകൾ അതിൽ നിർദ്ദേശിച്ചിരുന്നു. തുടർന്ന്, കൊട്ടാരത്തിൽ മൃത്യുഞ്ജയഹോമം ഉൾപ്പെടെയുള്ള പൂജകൾ നടത്തി. എന്നാൽ, ശബരിമലയിലെ ദോഷപരിഹാരത്തിനുള്ള പല ക്രിയകളും ദേവസ്വം ബോർഡ് പൂർത്തിയാക്കിയില്ലെന്നു കേരളവർമ ആരോപിച്ചു.

ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി ഈശ്വരവിശ്വാസമില്ലാത്ത ഭരണകൂടം കാരണമാണെന്ന് ശബരിമല മുൻ മേൽശാന്തിമാർ കുറ്റപ്പെടുത്തിയിരുന്നു. കോടതി വിധി അനുസരിച്ച് അനുഷ്ഠാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണെന്നും സർക്കാരും ദേവസ്വം ബോർഡും ഭക്ത ജനങ്ങൾക്ക് ഒപ്പമല്ലെന്നും അവർ പറഞ്ഞു. ശബരിമലക്ഷേത്രത്തിലെ യുവതിപ്രവേശന വിവാദത്തിൽ പന്തളം കൊട്ടാരവും തന്ത്രിയും കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണയറിയിക്കുന്നുമാണ് മുൻ മേൽശാന്തിമാരുടെ നിലപാട്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്ത്രി കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചെങ്കിലും ചർച്ചക്ക് അവർ വിസമ്മതിക്കുകയാണ് ഉണ്ടായത്. തന്ത്രി കുടുംബം വിട്ടുനിന്നാൽ ഇനി ചർച്ചയ്ക്കു വിളിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. പുനപരിശോധനാ ഹർജിയിൽ തീരുമാനമില്ലെങ്കിൽ ചർച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചതോടെയാണ് സർക്കാരിന്റെ നിലപാടു മാറ്റം.

ഇന്നായിരുന്നു തന്ത്രി കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രിയുടെ ചർച്ച നിശ്ചയിച്ചിരുന്നത്. നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും താൻ ഡൽഹിയിൽ നിന്നെത്തിയശേഷം ചർച്ച നടത്താമെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. അതേസമയം വിധിയിലുള്ള പുനപരിശോധനാ ഹർജിയിൽ തീരുമാനമായാൽ മാത്രം ചർച്ച മതിയെന്നു തന്ത്രി കുടുംബവും പന്തളം കൊട്ടാരവും നിലപാടെടുത്തു.

എന്നാൽ കോടതിവിധിയിൽ പുനപരിശോധനാ ഹർജിയില്ലാ എന്നുള്ള നിലപാടിൽ സർക്കാർ മാറിയിട്ടുമില്ല. മാത്രമല്ല പുനപരിശോധനാ ഹർജിയെന്ന ബോർഡിന്റെ ആദ്യ നിലപാടിനെ വിമർശിക്കുകയും, സ്ത്രീ പ്രവേശനത്തിനുള്ള സംവിധാനം ഒരുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സർക്കാർ ഇങ്ങനെ നിലപാടു തുടരുമ്പോൾ ചർച്ചയ്ക്ക് എന്ത് പ്രസക്തിയെന്നാണ് തന്ത്രി കുടുംബത്തിന്റെ ചോദ്യം. ചർച്ചയ്ക്കില്ലെന്ന് അവർ പരസ്യനിലപാടെടുത്തതോടെയാണ് ഇനി ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. ഇപ്പോത്തെ നിലയിൽ തർക്കങ്ങൾ നീണ്ടുപോയാൽ അയ്യപ്പദർശനം ഇത്തവണ വലിയ വിവാദങ്ങൾക്ക് ഇടയാക്കും.