തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ ചൊല്ലി വിവാദം കൊഴുക്കുമ്പോഴും സർക്കാർ അയ്യപ്പ ഭക്തർക്കായി സജ്ജീകരണങ്ങൾ ഒരുക്കുന്ന നടപടികളുമായി മുന്നോട്ട്. വിധി നടപ്പിലാക്കുമെന്ന സൂചന നൽകി തന്നെയാണ് സർക്കാർ നീക്കം. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാരിനുണ്ടെന്നും കോടതി വിധി നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം തേടുന്നതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ യോഗമാണ് വിളിച്ചതെങ്കിലും പല തിരക്കുകൾ കൊണ്ട് മന്ത്രിമാർ എത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം നടത്തിയത്. യുവതി പ്രവേശന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ കൂടി സഹായം തേടുന്നത് ലക്ഷ്യമിട്ടാണ് സർക്കാർ യോഗം വിളിച്ചത്. യോഗത്തിൽ ഈ വിഷയത്തിലെ സംസ്ഥാന സർക്കാറിന്റെ നിലപാടിനെതിരെ കർണാടകത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നതിലുള്ള അതൃപ്തി കർണാടക പ്രതിനിധി അറിയിച്ചു.

ശബരിമല വിഷയത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന് മന്ത്രിമാർ യോഗത്തിനെത്താത്തതെന്ന് ആരോപണം ഉയർന്നെങ്കിലും ഇത് തെറ്റായ കാര്യമാണെന്ന് കടകംപള്ളിയുടെ ഓഫീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ ദേവസ്വം ചുമതലയുള്ള മന്ത്രി മാത്രമാണ് എല്ലാവർഷവും യോഗത്തിനെത്തുന്നതെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണു മന്ത്രി പങ്കെടുക്കാത്തതെന്നും അധികൃതർ വിശദീകരിക്കുന്നു. തമിഴ്‌നാട് അഡീ. ചീഫ് സെക്രട്ടറിയും കർണാടകയിലെ പ്രിൻസിപ്പൽ സെക്രട്ടറിയും യോഗത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതിനാലാണു തെലങ്കാനയിലെ മന്ത്രി എത്താത്തതതെന്ന വിശദീകരണം വന്നിട്ടുണ്ട്.

യോഗത്തിൽ പ്രളയത്തെത്തുടർന്നു പമ്പയിലുണ്ടായ നാശനഷ്ടങ്ങൾ മന്ത്രി വിശദീകരിച്ചു. പ്രളയത്തിൽ പമ്പയിലെ നടപ്പന്തലും ആരോഗ്യകേന്ദ്രവും ശൗചാലയങ്ങളും ഒലിച്ചുപോയി. 25 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണു പമ്പയിലും നിലയ്ക്കലും നടക്കുന്നത്. പമ്പയിലെയും നിലയ്ക്കലിലെയും ജോലികൾ പൂർത്തിയാകാറായി. 10,000 തീർത്ഥാടകർക്കുള്ള താമസസൗകര്യവും 12,000 വാഹനങ്ങൾക്കു പാർക്കിങ് സൗകര്യവും ഇതിൽ ഉൾപ്പെടുന്നു. നവംബർ 11നു ജോലികൾ പൂർത്തിയാകും. ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയായിവരുന്നു. പ്രളയത്തെത്തുടർന്നു പമ്പയിൽ വലിയ നാശനഷ്ടം ഉണ്ടായതിനാൽ നിലയ്ക്കലായിരിക്കും ബേസ് ക്യാംപെന്നു മന്ത്രി അറിയിച്ചു. കെഎസ്ആർടിസി നിലയ്ക്കലിൽനിന്നു പമ്പയിലേക്കു ചെയിൻ സർവീസ് നടത്തും. നിലയ്ക്കൽ കഴിഞ്ഞാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല.

ഹൈക്കോടതി ഉത്തരവുള്ളതിനാൽ ഇരുമുടിക്കെട്ടിൽപോലും പ്ലാസ്റ്റിക് ഒഴിവാക്കണമെന്നും ഇതിന് എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ എടുക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നു മന്ത്രി വ്യക്തമാക്കി. ക്ഷേത്രങ്ങളുടെ ഒരു ചില്ലിക്കാശ് പോലും സർക്കാർ എടുക്കുന്നില്ല. ക്ഷേത്രങ്ങളുടെ ചെലവിനായി സർക്കാർ വലിയ തുക നൽകുന്നുണ്ട്. തെറ്റായ പ്രചരണങ്ങൾ നടക്കുന്നതിനാലാണ് ഇതു വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി അന്തർസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്കായി ഒരു കേന്ദ്രീകൃത കൺട്രോൾ റൂം സംവിധാനം ശബരിമല സന്നിധാനത്തോ അല്ലെങ്കിൽ പമ്പയിലോ സ്ഥാപിക്കണമെന്ന് തമിഴ്‌നാട് ,കർണ്ണാടക പ്രതിനിധികൾ യോഗത്തിൽ നിർദ്ദേശിച്ചു. ഈ കേന്ദ്രത്തിൽ ദേവസ്വം,ആരോഗ്യം,പൊലീസ്,ഗതാഗതം തുടങ്ങി എല്ലാവിഭാഗങ്ങളിലെയും ഒരോ ഉദ്ദ്യോഗസ്ഥന്റെ വീതം സാന്നിധ്യം വേണമെന്നും നിർദ്ദേശം ഉയർന്നു.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഭക്തർക്ക് അറിയാനായി ഒരു ടോൾഫ്രീ നമ്പർ നടപ്പിലാക്കണമെന്ന ആവശ്യവും ഉയർന്നു. ശബരിമലയിലേക്കുള്ള പാതകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ സാധനങ്ങളുടെ വിലവിവരം പ്രദർശിപ്പിക്കണം, ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് നൽകുന്ന കെഎസ്ആർടിസി ബസ്സ് സർവ്വീസിലെ ചാർജ്ജ് കൂടുതലാണെന്നും അത് കുറക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നിലയ്ക്കൽ-പമ്പ ബസ്സ് സർവ്വീസ് 20 മിനിട്ട് യാത്രാദൈർഘ്യമുള്ളതിനാൽ ബസ്സിനുള്ളിൽ കുടിവെള്ളം ലഭ്യമാക്കുക.

സെക്യൂരിറ്റി സംവിധാനം,പ്ലാസ്റ്റിക് നിരോധനം,ആചാരനുഷ്ടാനങ്ങൾ എന്നിവ സംബന്ധിച്ച് എല്ലായിടങ്ങളിലും വിവിധ ഭാഷകളിലുള്ള അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ആഹാരപദാർത്ഥങ്ങളുടെ ക്വാളിറ്റി, ദിനംതോറുമുള്ള പരിശോധനയിലൂടെ ഉറപ്പാക്കുക. ശബരിമല സീസണിൽ ഡിസാസ്റ്റർ മാനേജ് മെന്റ് സംവിധാനം പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ നിർദേശങ്ങലും ഉയർന്നു. കാനന പാതയിലൂടെയുള്ള മലകയറ്റം സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കാനും നിർദ്ദേശം ഉയർന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി അനിൽകാന്ത്, ഐജി മനോജ് എബ്രഹാം, ഫയർഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രൻ ഐപിഎസ്, കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി ഐപിഎസ്, ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ.പത്മകുമാർ ഐപിഎസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കിലും സമരമെന്ന് സുകുമാരൻ നായർ

ശബരിമല യുവതി പ്രവേശനത്തിൽ സുപ്രിംകോടതി കേസ് എടുക്കുന്ന പതിമൂന്നാം തീയതി വരെ നാമജപയജ്ഞം നടത്തുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. അധികൃതരുടെ മനസ്സ് മാറാനാണ് പ്രാർത്ഥന നടത്തുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തെ കുറിച്ച് മറ്റ് സംഘടനകളുമായി ആലോചിക്കുമെന്നും വിധി പ്രതികൂലമായാൽ തുടർനടപടി സംബന്ധിച്ച് അപ്പോൾ ആലോചിക്കുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.