നിലയ്ക്കലിൽ; ശബരിമലിയിലെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിക്കുന്നവർ റിപ്പബ്ലിക് ടിവി ചാനലിന്റെ വാഹനം അടിച്ചു തകർത്തു. ചാനൽ റിപ്പോർട്ടർമാർക്കെതിരെ കൈയേറ്റ ശ്രമവും ഉണ്ടായി. ആരും ഒന്നും റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് സമരക്കാരുടെ പക്ഷം. ഇതെല്ലാം കണ്ട് വെറുതെ നോക്കി നിൽക്കുകയാണ് ഭക്തർ. ഇതോടെ നിലയ്ക്കലിൽ കാര്യങ്ങൾ കൈവിടുകയാണ്. എല്ലാ ബസുകളും പരിശോധിച്ചാണ് കടത്തി വിടുന്നത്. സ്ത്രീകളാരും ബസിൽ ഇല്ലെന്ന് യാത്രാക്കാരോട് ചോദിച്ച് ഉറപ്പുവരുത്തുകയാണ് വിശ്വാസികൾ.

നിലയ്ക്കലിൽ അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേരേയും കൈയേറ്റമുണ്ടായി. കല്ലേറും നടന്നു. എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തുകയാണ് നിലയ്ക്കലിൽ. ഇത് സമ്മർദ്ദത്തിലാക്കുന്നത് പൊലീസിനെയാണ്.ഇതിനിടെ സ്വിഫ്റ്റ് ഡിസൈയർ ടാക്‌സി കാറും പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു. മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് നേരെ കയ്യേറ്റമുണ്ടായി. വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. 5000ൽ അധികം ആളുകളാണ് ഇവിടെ ഇപ്പോൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. എന്നാൽ ഇത്രയധികം പേരെ നിയന്ത്രിക്കാനുള്ള പൊലീസ് സേന ഇവിടെയുണ്ടോ എന്ന കാര്യത്തിലാണ് ഇപ്പോൾ ആശങ്കയുയരുന്നത്.

വനിതാ പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പ്രത്യേക വനിതാ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവർ എണ്ണത്തിൽ വളരെ കുറവാണ്. ഇപ്പോൾ നില്യ്ക്കൽ ഭാഗത്ത് ഗതാഗതവും താറമാറായിരിക്കുകയാണ്. ഈ ഭാഗത്ത് ആർക്കെങ്കിലും അത്യാവശ്യമായി ആശുപത്രിയിലേക്കോ മറ്റൊ പോകേണ്ടി വന്നാൽ ഇപ്പോഴുള്ള ജനത്തിരക്ക് വൻ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. ഉള്ള പൊലീസുകാരെ വച്ച് അന്തരീക്ഷം ശാന്തമാക്കാനുള്ള ശ്രമത്തിലാണ് അധികതർ. പ്രതിഷേധക്കാർ ഇനിയും ഒഴുകിയെത്തുമോ എന്ന ആശങ്കയും ഇവർക്കിടയിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നിലയ്ക്കലിൽ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. അതിന് ശേഷവും വലിയ തോതിൽ ഭക്തർ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടേയും പ്രതിഷേധം വീണ്ടും തുടങ്ങാൻ സാധ്യതയുണ്ട്.

പുലർച്ചെ ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നേരിയ സംഘർഷത്തിനിടയാക്കി. ചാനൽ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റശ്രമവും നടന്നു. തുടർന്ന് പൊലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലിൽ കയറിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനു ശേഷമാണ് പന്തൽ പൊളിച്ചുനീക്കുന്ന നടപടിയിലേക്ക് കടന്നത്. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വൻതോതിൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ സമരക്കാർ സ്ഥലം കൈയടക്കുന്നതും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കം.ചൊവ്വാഴ്ച തന്നെ സമരക്കാർ പ്രകോപനങ്ങളുണ്ടാക്കിയതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങാൻ പൊലീസ് തയ്യാറായതെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകൾ പരിശോധിക്കാനെന്ന പേരിൽ സമരക്കാർ വാഹനങ്ങൾ തടയുകയും തമിഴ്‌നാട്ടുകാരായ ദമ്പതികളെ ബസിൽനിന്ന് പുറത്തിറക്കിവിടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.അതിനിടെ ശബരിമലയിൽ നട തുറന്നാൽ ആർക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.

മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കർശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും പക്ക സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലിൽ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.