പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള തർക്കം വീണ്ടും മുറുകുന്നു. ശബരിമല ആദിവാസികൾക്ക് തിരികെ നൽകണമെന്ന ആവശ്യം ഉന്നയിച്ച് ഡിസംബർ 13 മുതൽ വെങ്ങാനൂരിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്രക്കൊരുങ്ങുകയാണ് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി. അയ്യപ്പന്റെ സമാധിസ്ഥലമായ ശബരിമല യുടെ ഉടമസ്ഥാവകാശം തങ്ങൾക്കു തിരികെ വേണമെന്ന് മലയരയ മഹാസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീതിക്കായി സുപ്രീം കോടതിയിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് അവർ.

മലയരനായിരുന്ന അയ്യപ്പന്റെ കാര്യങ്ങൾ നോക്കാൻ തങ്ങൾക്കാണ് അവകാശം എന്നാണ് മലയരയ മഹാസഭയുടെ വാദം. ഇതിനിടയിലാണ് ഡിസംബർ 13 മുതൽ വെങ്ങാനൂരിൽ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്ര സംഘടിപ്പിക്കും എന്ന പ്രഖ്യാപനവുമായി ആദിവാസി അവകാശ പുനഃസ്ഥാപന സമിതി രംഗത്ത് വന്നിരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് വെച്ച് സ്വാഗത സംഘം മീറ്റിങ്ങും വിളിച്ച് ചേർത്തിട്ടുണ്ട്. ഡിസംബർ 16 നു എരുമേലിയിൽ സമാപിക്കുന്ന യാത്രയുടെ ഭാഗമായി സാംസ്‌കാരിക സംഗമവും സംഘടിപ്പിക്കും.

വർഷങ്ങൾക്കു മുൻപ് ശബരിമലയുടെ മേലുള്ള തങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ബ്രാഹ്മണർ തങ്ങളിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു എന്നാണ് മലയരയ മഹാസഭയുടെ വാദം. തങ്ങളുടെ ആചാരവും ക്ഷേത്രവും ക്രമേണ തട്ടിയെടുത്തു. ജന്മലക്ഷ്യം കഴിഞ്ഞതിനു ശേഷം സമാധിക്കായി പോയിരുന്ന ശബരിമലയിൽ എല്ലാ വർഷവും മകരസംക്രമ ദിവസം ജ്യോതിതെളിയിച്ചിരുന്നത് മലയര സഭയിൽ പെട്ടവരായിരുന്നു. അയ്യപ്പൻ മാതാപിതാക്കൾക്കു കൊടുത്ത വാക്ക് അനുസരിച്ച് എല്ലാ വർഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ പൊന്നമ്പലമേട്ടിൽ ആ ദീപം തെളിയിക്കുന്ന പുണ്യ കർമ്മം കെ.എസ്.ഇ.ബി. ബോർഡിലെ ജീവനക്കാർ തട്ടിയെടുത്തു. അതോടെ ഞങ്ങൾ പൂർണ്ണമായും തള്ളപ്പെട്ടു. എല്ലായിടത്തുനിന്നും തങ്ങളെ ആട്ടിയോടിക്കുകയായിരുന്നു എന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ശബരി എന്ന സ്ത്രീ മലയോര വിഭാഗത്തിൽ പെട്ടവരായിരുന്നതുകൊണ്ടു സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിനോട് ഞങ്ങൾക്ക് എതിർപ്പില്ല.എന്നാൽ നിലവിൽ സമുദായത്തിൽപ്പെട്ട യുവതികൾ ആരും തന്നെ നിലവിൽ ശബരിമല ദർശനത്തിന് പോകാറില്ല എന്നും പി കെ സജീവ് കൂട്ടിച്ചേർത്തു.

ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചപ്പോൾ അടിച്ചുടച്ച അയ്യപ്പ വിഗ്രഹം എന്ന അടിക്കുറിപ്പോടെ പികെ സജീവ് ഫേസ്‌ബുക്കിൽ പുറത്ത് വിട്ട അയ്യപ്പ വിഗ്രഹത്തിന്റെ ചിത്രം നേരത്തെ ഏറെ ചർച്ചയായിരുന്നു. ഇടുക്കിയിലുള്ള സാമൂഹ്യ പ്രവർത്തകനായ എം.ഐ ശശിയാണ് ചിത്രം നൽകിയതെന്നാണ് അദ്ദേഹം പറയുന്നത്. 1950ലേതാണ് ചിത്രം എന്നും സജീവ് പറയുന്നു. തീപിടുത്തത്തിന് മുൻപുള്ള ശബരിമല ക്ഷേത്രത്തിന്റെ ചിത്രങ്ങളും സജീവ് പുറത്ത് വിട്ടിട്ടുണ്ട്. ഈ വിഗ്രഹങ്ങൾ പിന്നീട് കാണാതാവുകയാണ് ചെയ്തത്. ശബരിമല അഗ്നിക്കിരയായതു സംബന്ധിച്ചു പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നത് മലയരയ സമൂഹമാണെന്നും ശബരിമല തീവയ്‌പ്പിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ടെന്നും സജീവ് പറഞ്ഞു.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി തർക്കങ്ങൾ ഉയരുന്ന അതേ സഹചര്യത്തിൽ തന്നെയാണ് അധസ്ഥിത വിഭാഗങ്ങളുടെ കവർന്ന് എടുത്ത ദൈവങ്ങളെയും ആചാരങ്ങളെയും തിരികെ തരണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുന്നത്. ശബരിമലയിൽ ഉള്ള പ്രതിഷ്ഠ യഥാർത്ഥത്തിൽ കേരളത്തിന്റെ അടിസ്ഥാന ദേവതയായ കുട്ടിചാത്തന്റെതാണ് എന്ന വാദവും ഉയരുന്നുണ്ട്. ഈ വിഷയത്തിൽ നിരവധി ഗവേഷണങ്ങൾക്ക് ശേഷം ശബരിമലയിൽ കുട്ടിചാത്തൻ എന്ന പുസ്തകം രചിച്ച ഗവേഷകനായ ആർ രാമാനന്ദ് ശബരിമലയിലെ കുട്ടിചാത്തനെ കുറിച്ചും ഈ വാദത്തിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും ശബരിമലയിലെ ബ്രാഹ്മണാധിപത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും നേരത്തെ നടത്തിയിരുന്നു.