തിരുവനന്തപുരം: ചിത്തിര പൂജകൾക്ക് നട തുറക്കുമ്പോൾ ശബരിമലയെ സംഘർഷ കേന്ദ്രമാക്കുന്ന നടപടികൾക്ക് പൊലീസ് മുൻകൈയെടുക്കില്ല. സുപ്രീംകോടതിയിൽ റിവ്യൂഹർജികൾ പരിഗണനയിലുള്ളതു കൊണ്ടാണ് ഇത്. ആക്ടിവിസ്റ്റുകളെ മല കയറ്റുന്നതിനും പൊലീസ് മുൻകൈയെടുക്കില്ല. രഹ്നാ ഫാത്തിമയെ ശബരിമല ചവിട്ടാൻ പൊലീസ് സുരക്ഷയൊരുക്കിയത് ഏറെ വിവാദമായിരുന്നു. ഇതോടെയാണ് ശബരിമലയിൽ ഭക്തരുടെ പ്രതിഷേധം ആളിക്കത്തിയത്. രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിയും രംഗത്ത് എത്തി. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രം നീങ്ങാനാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയും നിർദ്ദേശം നൽകിയിട്ടുണ്ട്. ആട്ട ചിത്തിരയ്ക്ക് ശബരിമലയിൽ സംഘർഷമുണ്ടായാൽ അത് സുപ്രീംകോടതിയെ പോലും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ സുപ്രീംകോടതിയുടെ അന്തിമ നിലപാട് എത്തിയാൽ അതിന് അനുസരിച്ച് തീരുമാനം സർക്കാരെടുക്കും. സ്ത്രീ പ്രവേശന നിലപാടിൽ കോടതി ഉറച്ചു നിന്നാൽ എന്ത് വിലകൊടുത്തും അത് സാധ്യമാക്കും. മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിലെത്തുന്ന യുവതികൾക്കു ദർശനം ഉറപ്പാക്കാൻ പൊലീസ് അതിശക്തമായ സുരക്ഷാ പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. സുപ്രീംകോടതി വിധിയിൽ മാറ്റമുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇത്. കമാൻഡോകളും വനിതാ കോൺസ്റ്റബിൾമാരുമടക്കം 24,000 ത്തിലേറെ പൊലീസുകാരെയാണു 4 ഘട്ടമായി വിന്യസിക്കുന്നത്. അതായത് ഒരേ സമയം 5000ൽ അധികം പൊലീസ് പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലുമായുണ്ടാകും. സന്നിധാനത്തും പമ്പയിലുമായി 4000പേരേയും നിലയ്ക്കലിൽ 1000പേരേയും നിയോഗിക്കും.

അയൽ സംസ്ഥാനങ്ങളിലെ പൊലീസിനെയും കേന്ദ്രസേനയെയും ആവശ്യപ്പെട്ടിട്ടുണ്ട്.സുപ്രീം കോടതി വിധി നടപ്പാക്കാനും ദർശനത്തിന് എത്തുന്ന യുവതികൾക്കു സംരക്ഷണം നൽകാനും പൊലീസ് ബാധ്യസ്ഥരാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസിനു പുറമെ 5 സംസ്ഥാനങ്ങളിൽനിന്നു വനിതകൾ അടക്കമുള്ള പൊലീസുകാരുടെ സേവനത്തിനു കത്തു നൽകിയിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളോടാണു കുറഞ്ഞത് 100 പൊലീസുകാരുടെ സംഘത്തെ വീതം അയയ്ക്കാൻ ആവശ്യപ്പെട്ടത്.

സന്നിധാനത്തും പമ്പയിലും ഐജിമാർ

മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് 2 എഡിജിപിമാർ, 6 ഐജിമാർ, 8 എസ്‌പിമാർ എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷ. 15 ദിവസം വീതമുള്ള 4 ഘട്ടമായാണു പൊലീസ് വിന്യാസം. മകരവിളക്കിന് സന്നിധാനം മുതൽ നിലയ്ക്കൽ വരെയുള്ള പൊലീസുകാരുടെ എണ്ണം 7500 വരെയാക്കും. കഴിഞ്ഞവർഷം തുടക്കത്തിൽ 3000 പേരെയും മകരവിളക്കിന് 6000 പേരെയുമാണ് നിയോഗിച്ചിരുന്നത്. അതായത് രണ്ടായിരത്തോളം പൊലീസുകാരെയാണ് കൂടുതലായി നിയോഗിക്കുന്നത്.

ദക്ഷിണ മേഖലാ എഡിജിപി അനിൽ കാന്തും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമും സുരക്ഷ ഏകോപിപ്പിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി: എസ്.ആനന്ദകൃഷ്ണൻ സേനാവിന്യാസത്തിനു നേതൃത്വം നൽകും. പമ്പയിലും സന്നിധാനത്തും ഓരോ ഐജിമാരുടെ നേതൃത്തിലാണു സുരക്ഷ. ഐജി പി.വിജയനു സന്നിധാനത്തിന്റെയും തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനു നിലയ്ക്കൽ മുതൽ പമ്പ വരെയും ചുമതല നൽകും. നേരത്തെ എസ് പിമാർക്കായിരുന്നു ഇവിടെങ്ങളിലെ സുരക്ഷാ ചുമതല. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഐജിമാരെ നിയമിക്കുന്നത്. രണ്ട് എസ്‌പിമാരുടേയും കീഴിൽ 2 എസ്‌പിമാർ വീതം ഡ്യൂട്ടിയിലുണ്ടാകും. മരക്കൂട്ടത്തും എസ്‌പിയുടെ നേതൃത്വത്തിൽ സ്ഥിരം സംഘമുണ്ടാകും.

ഐജിമാരായ ദിനേന്ദ്ര കശ്യപ്, എസ്.ശ്രീജിത്ത്, ഇ.ജെ.ജയരാജ് എന്നിവർക്കും സുരക്ഷാ ഡ്യൂട്ടിയുണ്ട്. 32 ഡിവൈഎസ്‌പിമാർ, 42 സിഐമാർ, 98 എസ്‌ഐമാർ എന്നിവരും ഓരോ ഘട്ടത്തിലും കാണും.

വനിതാ പൊലീസ് നിലയ്ക്കലിൽ

165 വനിതാ പൊലീസുകാരെയാണ് ആദ്യ ഘട്ടത്തിൽ ഡ്യൂട്ടിക്കു നിയോഗിക്കുക. ഇവരെ തുടക്കത്തിൽ നിലയ്ക്കലാണു നിർത്തുക. ആവശ്യമെങ്കിൽ മാത്രം സന്നിധാനത്തു നിയോഗിക്കും. മണിയാർ ക്യാംപിലും വനിതാ പൊലീസിന്റെ റിസർവ് സംഘം ഉണ്ടാകും. സന്നിധാനം, നിലയ്ക്കൽ, പമ്പ, എരുമേലി, വടശേരിക്കര എന്നിവിടങ്ങളിൽ അതീവ സുരക്ഷയൊരുക്കും. ലോക്കൽ പൊലീസിനു പുറമെ ഐആർ കമാൻഡോ (90 പേർ), കേരള പൊലീസ് കമാൻഡോ (60), എൻഡിആർഎഫ് (80), സിആർപിഎഫിന്റെ റാപിഡ് ആക്ഷൻ ഫോഴ്‌സ് (220) എന്നിവയും നിലയ്ക്കലും സന്നിധാനത്തുമായി ഉണ്ടാകും.

മണ്ഡല-മകരവിളക്ക് കാലത്ത് പഴുതടച്ചുള്ള സുരക്ഷയൊരുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. തിങ്കളാഴ്ച നടന്ന പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിലയിരുത്തി. നിലവിലും കേന്ദ്ര സേനയും ്അന്യസംസ്ഥന പൊലീസും ശബരിമലയിൽ എത്തുന്നുണ്ട്. എന്നാൽ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പൊലീസിനെ എത്തിക്കാനാണ് ഇത്തവണ ശ്രമം. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമെല്ലാം ഇവരെ നിയോഗിക്കുകയും ചെയ്യും.

സെൽഫിയിലും അറസ്റ്റ്

ശബരിമല യാത്രയ്ക്കിടെ നടപ്പന്തലിലെ പ്രതിഷേധ സമരക്കാർക്കൊപ്പം നിന്നു സെൽഫിയെടുത്ത് ഫെയ്‌സ് ബുക്കിൽ പോസ്റ്റു ചെയ്തതവരെ അറസ്റ്റ് ചെയ്തതായി പരാതി. വാഗമൺ സ്വദേശികളായ തുണ്ടത്തിൽ പി.എസ്.രമേഷ്(32), കോട്ടമാലിയിൽ ആർ.സനീഷ് (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം വാഗമൺ പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടത്.

ശബരിമല ദർശനത്തിനു പോയ രഹ്നാ ഫാത്തിമയെയും മറ്റും തടഞ്ഞതു കണ്ട് പ്രതിഷേധക്കാർക്കൊപ്പം സെൽഫിയെടുക്കുകയും പോസ്റ്റ് ചെയ്യുകയുമാണ്ടായതെന്ന് രമേഷും സനീഷും പറയുന്നു. വാഹനം തടയുകയോ യുവതികളെ തടയുകയോ ചെയ്തില്ലെന്നും അറസ്റ്റിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. അതേസമയം, ഇവരിൽ നിന്ന് അക്രമമുണ്ടാകുമെന്നു സംശയിക്കുന്ന നിലയ്ക്ക് സിആർപിസി 151 പ്രകാരം മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായത് 3505 പേർ. കഴിഞ്ഞദിവസം മാത്രം 334 പേരെ അറസ്റ്റ് ചെയ്തു. 529 കേസുകളിലായാണ് ഇത്രയും അറസ്റ്റ്. 126 പേർ ഇതുവരെ റിമാൻഡിലായി. സംഘർഷത്തിൽ ഉൾപ്പെട്ട 210 പേരുടെ ചിത്രങ്ങൾകൂടി പൊലീസ് പുറത്തുവിട്ടു. സംഘർഷത്തിൽ ഉൾപ്പെട്ടവരെയും അക്രമങ്ങൾ നടത്തിയവരെയും അടുത്ത ദിവസങ്ങളിൽതന്നെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശമുണ്ട്. ഇതിനായി പുറത്തുവിട്ട ചിത്രങ്ങൾ വിവിധ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവള അധികൃതർക്കും ചിത്രങ്ങളും വിവരങ്ങളും കൈമാറും.

ഇതുവരെ പിടിയിലായ 3505 പേരിൽ 550 പേർ നേരത്തേ കേസുകളിൽ പ്രതിയായിട്ടുള്ളവരാണെന്ന് പൊലീസ് പറയുന്നു. ജാമ്യത്തിലിറങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. പിടിയിലായവരെയെല്ലാം മണ്ഡലകാലത്തും നിരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.