പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് എതിരേ വന്ന പ്രസംഗ വിവാദം ചീറ്റിപ്പോകാൻ സാധ്യത ഏറി. ശ്രീധരൻ പിള്ള തന്ത്രിയെ അങ്ങോട്ട് വിളിക്കുകയായിരുന്നില്ല. തന്ത്രി ഇങ്ങോട്ടാണ് വിളിച്ചത്. ചെങ്ങന്നൂരിലെ അയ്യപ്പസേവാസംഘം ഭാരവാഹികൾക്കൊപ്പം നിൽക്കുമ്പോഴാണ് വിളി എത്തിയത്.

ശ്രീധരൻ പിള്ളയുടെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാതിരുന്നതിനാൽ, അദ്ദേഹം ചെങ്ങന്നൂരിൽ അയ്യപ്പസേവാസംഘം പ്രവർത്തകർക്കൊപ്പം ഉണ്ടെന്ന് മനസിലാക്കി അവരിൽ ഒരാളുടെ ഫോണിലേക്കാണ് തന്ത്രി വിളിച്ചത്. ഇദ്ദേഹം കോൺഗ്രസിന്റെ നേതാവും പുലിയൂർ സ്വദേശിയുമാണ്. മുതിർന്ന തന്ത്രി കുടുംബാംഗം നട അടയ്ക്കുമെന്ന് പ്രഖ്യാപിക്കാൻ തന്നോട് പറഞ്ഞുവെന്നും അങ്ങനെ ചെയ്താൽ കോടതിയലക്ഷ്യം ഉണ്ടാകുമോ എന്നുമാണ് ശ്രീധരൻ പിള്ളയോട് ആരാഞ്ഞത്. കോടതിയലക്ഷ്യത്തിന്റെ കാര്യം താൻ നോക്കിക്കോളാമെന്നും ധൈര്യമായി ഇരിക്കാനും പിള്ള ഉപദേശവും നൽകി.

ഇക്കാര്യമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് യുവമോർച്ചാ യോഗത്തിൽ പിള്ള പ്രസംഗിച്ചത്. ഇതിന്റെ പേരിൽ കേസ് എടുക്കാൻ കഴിയില്ല. തന്ത്രി കുടുംബത്തിലെ ഏതംഗമാണ് തന്നെ വിളിച്ചത് എന്ന് ശ്രീധരൻ പിള്ള പറഞ്ഞിട്ടില്ല. അത് താനാണെന്ന് സമ്മതിക്കാൻ തയാറായി കണ്ഠരര് മോഹനരര് നിൽക്കുന്നുവെന്നാണ് വിവരം. അതേ സമയം, സിപിഎമ്മിന്റെയും സർക്കാരിന്റെയും ഭീഷണി ഭയന്ന് നിന്ന തന്ത്രിയെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത് ഒരു മുൻ സംസ്ഥാന നേതാവിന്റെ ഫോൺ സന്ദേശമാണ്. നേതാവ് ആദ്യം വിളിച്ചപ്പോൾ തന്ത്രി എടുത്തില്ല.

മറ്റൊരാളുടെ ഫോണിൽ വിളിച്ചാണ് തന്ത്രിയോട് സംസാരിച്ചത്. ഭക്തരുടെ വികാരങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ കേരളത്തിൽ ഒരു ക്ഷേത്രത്തിലും താഴമൺ തന്ത്രി കുടുംബത്തെ കയറ്റില്ല എന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. ഇതോടെ തനിക്ക് ഭക്തരുടെ കൂടെ നിൽക്കാനേ കഴിയൂവെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഈ വിവരം പുറത്തു വന്നതോടെയാണ് സന്നിധാനത്ത് തന്ത്രിയുടെ മുറിക്ക് മുന്നിൽ പൊലീസ് മൊബൈൽ ഫോൺ ജാമർ സ്ഥാപിച്ചത്.

പ്രസംഗവിവാദം സത്യത്തിൽ പിള്ളയ്ക്കും ബിജെപിക്കും ചെറിയ തിരിച്ചടി നൽകിയിട്ടുണ്ട്. തന്ത്രിയെ തള്ളിപ്പറയാൻ പരസ്യമായി ബിജെപിക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ശ്രീധരൻ പിള്ള യുവമോർച്ചാ യോഗത്തിൽ വീരവാദം പറഞ്ഞുവെന്ന ചർച്ച സജീവമാണ്. ശബരിമല സമരത്തിൽ ബിജെപിക്ക് നിലപാടുണ്ടോ എന്ന സംശയമായിരുന്നു ഭക്തർക്കും വിശ്വാസികൾക്കും ഇപ്പോഴും ഉണ്ട്. ഇന്നലെ ഈ വിവാദം വന്നതോടെ പിള്ളയുടെ ചെറിയ പ്രതിസന്ധിയിലായി. എന്നാൽ ഒരു വിഷയത്തിൽ പിള്ള ഇത്ര ശക്തമായി ഇടപെടുന്നത് ആദ്യമായിട്ടാണെന്ന് പ്രവർത്തകർ പറയുന്നു.

അതിനിടെ പിള്ളയുടെ വിവാദ പ്രസംഗത്തിൽ പൊലീസ് കേസെടുത്തേക്കും എന്ന് സൂചനയുണ്ട്. വർഗീയ സംഘർഷമുണ്ടാക്കാനുള്ള ക്രിമിനിൽ ഗൂഢാലോചനയനുസരിച്ച് കേസെടുക്കാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ കേസ് നിലനിൽക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. ശബരിമല നടയടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ആശയവിനിമയം നടത്തിയെന്ന നിലപാടിൽ ശ്രീധരൻപിള്ള ഉറച്ചുനിന്നതോടെ കേസെടുക്കണമെന്നാണ് പൊലീസിലെ നിലപാട്. ക്രിമിനൽ ഗൂഢാലോചന 120 ബി അനുസരിച്ചുള്ള കേസിന്റെ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ശബരിമലയെ വർഗീയ സംഘർഷത്തിനുള്ള കേന്ദ്രമാക്കി മാറ്റാൻ ശ്രമിച്ചു എന്നതാണ് കേസ്.

പ്രസംഗത്തിൽ പരാതിക്കാരൻ എത്തിയാൽ പൊലീസിനു സ്വാഭാവികമായും കേസെടുക്കേണ്ടി വരും. അല്ലെങ്കിൽ സ്വമേധയാ കേസെടുക്കണം. കേസ് ബിജെപി സംസ്ഥാന അധ്യക്ഷനു എതിരാണെന്നതു കൊണ്ടു തന്നെ എല്ലാ നിയമ വശങ്ങളും പരിശോധിച്ചശേഷം മാത്രം മതിയെന്നാണ് പൊലീസ് തലപ്പത്തെ തീരുമാനം.