പത്തനംതിട്ട: തീർത്ഥാടനകാലത്തെ ഓടിച്ചിട്ടുള്ള അറ്റകുറ്റപ്പണിയുടെ പേരിൽ ശബരിമല റോഡുകളിൽനിന്ന് ഉദ്യോഗസ്ഥ - കരാർ ലോബി കൊയ്യുന്നത് കോടികളാണെന്നുള്ള മറുനാടൻ വാർത്തയ്ക്ക് പൊതുമരാമത്ത് മന്ത്രിയുടെ സ്ഥിരീകരണം.

തെരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ളതിനാൽ പത്രവാർത്ത പോലെ ഇറക്കിയ മന്ത്രിയുടെ പ്രസ്താവനയിലാണ് ഇക്കാര്യം സമ്മതിക്കുന്നത്. ശബരിമല തീർത്ഥാടനത്തിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റോഡിൽ ഒഴുക്കിയത് 518 കോടി രൂപയാണെന്ന് മന്ത്രി പറയുന്നു. എന്നിട്ടും തീർത്ഥാടന സമയത്ത് പ്രതിവർഷമുള്ള അറ്റകുറ്റപ്പണി തുടരുന്നു. ആത്യന്തികമായി ഇതിന്റെ പ്രയോജനം ലഭിക്കുന്നത് തീർത്ഥാടകർക്കല്ലെന്നും ഉദ്യോഗസ്ഥ- കരാർ ലോബിക്കാണെന്നും മുൻപ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രിയുടെ പ്രസ്താവനയോടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായ ശബരിമലയുടെ പേരിൽ തീവെട്ടിക്കൊള്ള നടക്കുന്നത് റോഡുകളുടെ കാര്യത്തിലാണ്. ഭരിക്കുന്നത് ഇടതോ വലതോ ആകട്ടെ, സർക്കാരും ഉദ്യോഗസ്ഥരും പൊതുമരാമത്ത് കരാറുകാരും ചേർന്ന ലോബി പ്രതിവർഷം ശബരിമല അനുബന്ധ പാതകളിൽനിന്ന് കൊള്ളയടിക്കുന്നത് കോടികളാണ്. തീർത്ഥാടന കാലത്തോടനുബന്ധിച്ച് മഴയിലും മഞ്ഞിലും ടാർ റോഡിൽ ഉരുക്കിയൊഴിക്കും. ഒരു മാസം കഴിയും മുമ്പ് റോഡുകൾ വീണ്ടും കുണ്ടും കുഴിയുമാകും. എട്ടുമാസം കഴിയുന്നതോടെ വീണ്ടും ഇതേ റോഡുകൾക്ക് അറ്റകുറ്റപ്പണിക്ക് കോടികൾ അനുവദിക്കും. തിരക്കിട്ട് വീണ്ടും അറ്റകുറ്റപ്പണി, ഒരു മാസത്തിനുള്ളിൽ തകർച്ച.

ഇത് അഴിമതിയുടെ ഒരു ചക്രമാണ്. വർഷങ്ങളായി ഇതിങ്ങനെ ഉരുണ്ടു കൊണ്ടിരിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ തീർത്ഥാടനകാലത്തിന് മുന്നോടിയായുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വിനിയോഗിച്ച തുകയുടെ കണക്കെടുത്താൽ ആരും ഞെട്ടിപ്പോകും.
ശബരിമല അനുബന്ധ പാതകൾ മുഴുവൻ അഞ്ചു തവണ ബി.എം. ആൻഡ് ബി.സി ചെയ്യാൻ കഴിയുമായിരുന്നത്ര തുകയാണ് ഈയിനത്തിൽ ചെലവാക്കിയിരിക്കുന്നത്. ഇങ്ങനെ പ്രതിവർഷം റോഡ് ടാർ ചെയ്യുന്നതിന് തുക അനുവദിക്കുന്നതിനു പിന്നിലുള്ള ഗുട്ടൻസ് ഇനി പറയുന്നു. 10 ലക്ഷം വേണ്ടി വരുന്നിടത്ത് അടിയന്തിര അറ്റകുറ്റപ്പണിയുടെ പേരിൽ 50 ലക്ഷം വകയിരുത്താം. റോഡിൽ വീഴുന്നത് അഞ്ചു ലക്ഷം രൂപയുടെ ടാർ ആണ്. ശേഷിക്കുന്ന 45 ലക്ഷം സർക്കാരിലെ ഉന്നതരുടെയും കരാറുകാരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് വീണു കൊണ്ടിരിക്കും.

ശബരിമല റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കും അറ്റകുറ്റപ്പണിക്കുമായി ഈ വർഷം 95 കോടി രൂപ അനുവദിച്ചു. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ശബരിമല റോഡുകൾക്കായി ചെലവാക്കിയ തുക 518 കോടിയാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ശബരിമലയിലേക്കുള്ള 1600 കിലോമീറ്റർ റോഡുകളുടെ പ്രവൃത്തികൾക്കാണ് ഈ തുക വിനിയോഗിക്കുന്നത്. ആകെ 679 പ്രവൃത്തികളാണ് ഇങ്ങനെ ഉടൻ തന്നെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അടുത്തയാഴ്ച ഈ പണികൾ പൂർത്തിയാക്കും. ശബരിമലയിലേക്കുള്ള പ്രധാന റോഡുകളിലും അനുബന്ധ റോഡുകളിലുമായി ഈ പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ പത്തനംതിട്ട ജില്ലയിലാണ,് 330 പ്രവൃത്തികൾ. ഇതിന് പുറമേ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി മൂന്നു വർഷ ഗാരന്റിയോടെ 76 കോടി രൂപ ചെലവിൽ ഹെവി മെയിന്റനൻസ് നടത്തുന്ന 115 കിലോമീറ്റർ റോഡുകൾ മണ്ഡല കാലത്തിന് മുമ്പ് ഗതാഗതയോഗ്യമാക്കും.

46 കോടി രൂപ ചെലവിലാണ് പത്തനംതിട്ടയിലെ റോഡുകളിൽ പണിനടത്തുന്നത്. മറ്റു ജില്ലകളിലെ പ്രവൃത്തികളും തുകയും. കോട്ടയം 226 പ്രവൃത്തികൾ (23 കോടി രൂപ), കൊല്ലം 65 പ്രവൃത്തികൾ (12.5 കോടി രൂപ), ആലപ്പുഴ 59 പ്രവൃത്തികൾ (അഞ്ചു കോടി രൂപ), ഇടുക്കി 15 (അഞ്ചു കോടി), എറണാകുളം ഏഴ്് (രണ്ടു കോടി). ഇതിന് പുറമേയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള പതിനൊന്ന് ശബരിമല റോഡുകൾ മൂന്നു വർഷ ഗാരന്റിയോടെ പുനരുദ്ധരിക്കുന്നത്.

115.35 കിലോമീറ്റർ റോഡുകളാണ് 76.55 കോടി രൂപ ചെലവിൽപൂർത്തിയാക്കി വരുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല- കുമ്പഴ (16.5 കി.മി.), തിരുവല്ല- കുമ്പഴ രണ്ടാംഘട്ടം (16.5 കി.മി.), കോഴഞ്ചേരി- മേലുകര- റാന്നി (11 കി.മി), കടയ്ക്കാട്- കൈപ്പട്ടൂർ റോഡ് (9.2 കി.മി), കുമ്പഴ- കോന്നി (7.2 കി.മീ), കോട്ടയം ജില്ലയിലെ പൂങ്കുന്നം-അഴീക്കൽ- കറുവാമൂഴി (12 കി.മി), കൊരട്ടി കന്നിമലർ റോഡ്- എരുമേലി ടി.ബി. റോഡ് (5.9 കി.മി), മുക്കൂട്ടുതറ- എടകടത്തി- പമ്പാവാലി (എട്ടു കി.മി.), മുല്ലമ്പലം-നാഗമ്പടംമദർ തെരേസ റോഡ്, കുര്യൻ ഉതുപ്പ് റോഡ് (2.8 കി.മി), മുണ്ടക്കയം-കോരുത്തോട് - പമ്പാവാലി (21.25 കി.മി), തിരുവഞ്ചൂർ റോഡ്-ഏറ്റുമാനൂർ കണക്ടിങ്ങ് റോഡ് (നാലു കി.മി) എന്നീ പതിനൊന്ന് റോഡുകളാണ് മൂന്നു വർഷഗാരന്റിയോടെ പുനരുദ്ധരിക്കുന്നത്.

മണ്ഡല കാലത്തിന് മുമ്പായി ഇവയും പൂർത്തിയാക്കും. വർഷാവർഷം കോടികൾ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം ഗാരന്റിയോടെ വർഷങ്ങളോളം നിലനിൽക്കുന്ന പണികൾ ശബരിമല റോഡുകളിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ പകൽക്കൊള്ള ഉടനെയെങ്ങും നിർത്താൻ താൽപര്യമില്ലെന്നും മന്ത്രിയുടെ പ്രസ്താവന വരികൾക്കിടയിലൂടെ വായിച്ചാൽ മനസിലാകും. ഇതിന്റെ പേരിൽ കിട്ടുന്ന കമ്മിഷൻ മന്ത്രിയുടെ ഓഫീസ് വരെയെത്തുന്നുവെന്ന് സാരം.