തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമല തുറക്കാനിരിക്കെ സന്നിധാനത്തും പമ്പയിലും വൻ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. സുരക്ഷയൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി 15,059 പൊലീസുകാരെ നിയമിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. പല ഘട്ടങ്ങളായാണ് ഇത്രയും പേരെ നിയമിക്കുക. നവംബർ 14 മുതൽ ജനുവരി 16 വരെയാണ് ക്രമീകരണങ്ങൾ. വ്യോമ നിരീക്ഷണ അടക്കമുള്ള കാര്യങ്ങളാകും ഒരുക്കുക.

യുവതീപ്രവേശന ഉത്തരവ് വിവാദമായ ശേഷം തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്താണ് സുരക്ഷ കർശനമാക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടുകളും വിശദമായ സുരക്ഷാ പദ്ധതിയൊരുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ക്രിമിനൽ സംഘം സന്നിധാനത്ത് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഓരോഘട്ടത്തിലും ശബരിമലയിൽ മൊത്തം നാലായിരത്തോളം പൊലീസുകാർ ചുമതലയിലുണ്ടാകും. കൂടാതെ, റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളെയും നിയമിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം റൂറൽ ജില്ലകളിലെ സ്ഥിരംസംവിധാനങ്ങൾ കൂടാതെയാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രത്യേക സുരക്ഷ. ജലപീരങ്കി ഉൾപ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാൻ മുഖംതിരിച്ചറിയൽ സോഫ്റ്റ്‌വേറുകളും ഉപയോഗിക്കും.

ശബരിമലയെയും പരിസരപ്രദേശങ്ങളെയും നാല് മേഖലകളായി തിരിച്ചു കൊണ്ടായിരിക്കും സുരക്ഷാ വിന്യാസങ്ങൾ. സുരക്ഷാക്രമീകരണങ്ങളും നാല് ഘട്ടങ്ങളായാണ്. ഓരോ ഘട്ടത്തിലും നാലായിരം പൊലീസുകാരുണ്ടാകും. എസ്‌പി.മാർ/എ.എസ്‌പി.മാർ 55 പേരും ഡിവൈ.എസ്‌പി.മാർ 113 പേരുമാണ് നിർദ്ദേശങ്ങളുമായി സ്ഥലത്തുണ്ടാകുക. എസ്‌ഐ./എഎസ്ഐ. റാങ്കിലുള്ള 1450 പേരെയും വിനിയോഗിക്കും. 12162 സിവിൽ പൊലീസ് ഓഫീസർമാർക്ക് പുറമേ 60 വനിതാ എസ്‌.െഎമാരെയും 860 വനിതാ സിവിൽ പൊലീസ് ഓഫീസർമാരും സ്ഥലത്തെത്തും.

സേനാ വിന്യാസം നാല് മേഖലകളായി തിരിച്ച്

നാല് മേഖലകളായി തിരിച്ചാകും സേനാവിന്യാസം ഏർപ്പെടുത്തുക. പമ്പയിൽ ഒരേസമയം 600 പൊലീസുകാരുണ്ടാകും. കൂടാതെ, സായുധസേനയിൽനിന്നും വനിതാ ബറ്റാലിയനിൽനിന്നുമായി 320 പേർ വീതവും സ്ഥത്തുണ്ടാകും. നിലയ്ക്കൽ, വടശ്ശേരിക്കര-മരക്കൂട്ടം എന്നിവിടങ്ങളിലും സുരക്ഷയൊരുക്കും. ഇവിടെ 500 പേർെ സുരക്ഷക്കായി വിനിയോഗിക്കും. സന്നിധാനത്ത് തുടക്കത്തിൽ 1100 പൊലീസുകാർ, പിന്നീട് 1500 ആക്കി ഉയർത്താനാണ് പദ്ധതി. സായുധസേനയിൽനിന്ന് 138 പേർ ഇവിടെയെത്തും.

ആകാശനിരീക്ഷണവും ഇതോടൊപ്പം ഉണ്ടാകും. വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തിലാകും ആകാശ നിരീക്ഷണമുണ്ടാകുക. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡൽ ഓഫീസറാകും. കൊച്ചി നേവൽ ബേസിൽനിന്നാകും നിരീക്ഷണ പറക്കലുകൾ നടത്തുക.ഐ.പി.എസ്. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നിരീക്ഷണസമയത്ത് ഒപ്പമുണ്ടാകും. നിലയ്ക്കലിലെ ഹെലിപാഡ് അവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ തയ്യാറാക്കും.

അതേസമയം സുപ്രീംകോടതിയിൽ നൽകിയ റിവ്യൂഹർജിയിൽ കോടതി വിധി യുവതീപ്രവേശനം റദ്ദും ചെയ്‌തോ നടപ്പാക്കുന്നത് നീട്ടി വെച്ചുകൊണ്ടോ ഉത്തരവുണ്ടായാൽ അത് സർക്കാറിന് അനുകൂലമായി മാറും. ഇത് ആശ്വാസം പകരുന്ന കാര്യമായി മാറുകയും ചെയ്യും. ദേശ വിരുദ്ധ സംഘങ്ങളിൽ നിന്നും തീവ്രവാദ സംഘടനകളിൽ നിന്നും ശബരിമലയ്ക്ക് ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ശബരിമലയിൽ കർശന സുരക്ഷ ഒരുക്കുന്നത്.

കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും ക്ഷേത്രത്തിലേക്ക് എത്താൻ കാട്ടിലൂടെ ഏറെ ദൂരം സഞ്ചരിക്കേണ്ടതിനാലും തീർത്ഥാടകരുടെ വേഷത്തിൽ തീവ്രവാദികൾ എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ഇന്റലിജൻസ്, സ്‌പെഷ്യൽ ബ്രാഞ്ച് സിഐ.ഡി വിഭാഗവും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. കേരളത്തിൽ തീരദേശം വഴി സ്‌ഫോടക വസ്തുക്കൾ കടത്താൻ സാധ്യതയുണ്ട്. അതിനാൽ തീരദേശ ജില്ലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുമായി ചേർന്ന് തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശബരിമല സീസണിൽ തീവ്രവാദികളുടെ പ്രവർത്തനങ്ങൾ ഇന്റലിജൻസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. അവരുമായി ചേർന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് ഏജൻസികളുടെ സഹായവും ഇക്കാര്യത്തിൽ തേടണം. പമ്പയിലും സന്നിധാനത്തിലും സ്പെഷ്യൽ ബ്രാഞ്ച്, ഇന്റലിജൻസ് ഡിവൈഎസ്‌പിമാരെ നിയമിച്ച് നിരീക്ഷണം നടത്തണം.

തീർത്ഥാടകർ കൊണ്ടുവരുന്ന ഇരുമുടി കെട്ടിൽ തീവ്രവാദ സംഘടനകളും ദേശവിരുദ്ധ ശക്തികളും സ്ഫോടക വസ്തുക്കൾ കടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ ഓർമപ്പെടുത്തുന്നു. റിമോർട്ട് കൺട്രോൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പല തീവ്രവാദ സംഘടനകൾക്കും വൈദഗ്ധ്യമുണ്ടെന്ന കാര്യം സുരക്ഷാ ഉദ്യോഗസ്ഥർ ഓർമിക്കണം. സംശയമുള്ളവരുടെ ഇരുമുടികെട്ട് പരിശോധിക്കണം. സംശയം തോന്നുന്ന ആളുകളെയും വസ്തുക്കളെയും പരിശോധിക്കണം. കുടിവെള്ള ടാങ്കുകൾ, ഇലക്ട്രിക് കണക്ഷനുകൾ, ശ്രീകോവിൽ, മാളിക്കപ്പുറം ക്ഷേത്രം ഗണപതി കോവിൽ പാർക്കിങ് സ്ഥലം എന്നിവിടങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവേണമെന്നും നിർദ്ദേശമുണ്ട്.

ട്രാക്ടറുകൾ വഴി സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വസ്തുക്കൾ നീരീക്ഷണമെന്നു കേന്ദ്ര ഏജൻസികൾ നിർദ്ദേശിച്ചിട്ടുണ്ട്. കാക്കി പാൻസ് ധരിച്ചു വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണം. അമ്പലം സന്ദർശിക്കാനെത്തുന്ന വിദേശികളുടെ പ്രത്യേക ലിസ്റ്റ് തയാറാക്കണം. ശബരിമലയിലേക്ക് വെള്ളമെത്തിക്കുന്ന ജലസംഭരണികളുടെ സുരക്ഷ വർധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

നേരത്തെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന് സർക്കാറിന്റെ പിടിവാശി സന്നിധാനത്ത് സംഘർഷം ക്ഷണിച്ചു വരുത്തുമെന്ന് സൂചന നൽകുന്ന റിപ്പോർട്ട് സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിൽ സ്ഥിതിഗതികൾ ഗുരതരമാണെന്നാണ് റിപ്പോർട്ട്. ജില്ലാ ജഡ്ജി കൂടിയായ സ്പെഷ്യൽ കമ്മീഷണർ എം. മനോജ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലക്ഷക്കണക്കിന് തീർത്ഥാടകരാകും മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടർന്നാൽ മണ്ഡലകാലം സംഘർഷഭരിതമാകും. തിക്കിലും തിരക്കിലുംപെട്ട് തീർത്ഥാടകർക്ക് ജീവപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിത്തിര ആട്ട വിശേഷ പൂജക്ക് നട തുറന്നപ്പോൾ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നു. ചിലർ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ടിൽ വ്യക്തമാക്കി.

നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണ്. സുരക്ഷാഭീഷണിയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചേക്കാം. രാഷ്ട്രീയപാർട്ടികൾ പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വരുത്തണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതേസമയം യുവതി പ്രവേശനത്തിനായി സുരക്ഷയിൽ കർശന നടപടികൾ സ്വീകരിക്കാനാണ പൊലീസ് ഒരുങ്ങഉന്നത്. പ്രത്യേക സുരക്ഷയുടെ ഭാഗമായി സന്നിധാനത്തേക്ക് പുറപ്പെടുന്നവർക്ക് പൊലീസ് സ്റ്റേഷനിൽ ചെന്ന് കാർപാസ് വരെ എടുക്കേണ്ട അവസ്ഥയാണ് വരുന്നത്. ചുരുക്കത്തിൽ ഇത്തവണ പൊലീസ് നിയന്ത്രിക്കുന്ന വിധത്തിലാകും ശബരിമല തീർത്ഥാടനം പുരോഗമിക്കുക. മണ്ഡല മകരവിളക്ക് ഉൽസവത്തിനായി ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങൾക്കും പൊലീസ് പാസ് നിർബന്ധമാക്കിയതോടെ വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽനിന്നും തീർത്ഥാടകർ പാസു വാങ്ങണം. പാസുള്ള വാഹനങ്ങളെ മാത്രമേ നിലയ്ക്കലും മറ്റും പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളൂ. വണ്ടിയുടെ മുൻ ഗ്ലാസിൽ പാസ് പ്രദർശിപ്പിച്ചിരിക്കണം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്കും ബാധകമാണ്. ഇതര സംസ്ഥാനക്കാർ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിൽനിന്നു പാസ് വാങ്ങണം. അങ്ങനെ പാസ് കിട്ടാതെ വരുന്ന ഇതരസംസ്ഥാന വാഹനങ്ങൾക്കു മാത്രം നിലയ്ക്കലിലെ പൊലീസ് സ്റ്റേഷനിൽനിന്നു പാസ് അനുവദിക്കും. തീർത്ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാർ ജോലിക്കാരും പേര്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, സ്ഥിരതാമസമാക്കിയ സ്ഥലത്തെ സ്റ്റേഷനിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഹെൽത്ത് കാർഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നൽകണം. അവിടെനിന്നു നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് 13ന് മുൻപു കൈപ്പറ്റണം. തിരിച്ചറിയൽ കാർഡുകൾ കൈവശമില്ലാത്തവരെ ജോലിയിൽ തുടരുവാൻ അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.