- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സർവീസ് നടത്തുന്ന ബസുകളിൽ മുൻഗണന അയ്യപ്പഭക്തർക്കുതന്നെ; കെഎസ്ആർടിസി ബസിൽ നിന്ന് അർധരാത്രി ഇറക്കിവിട്ടെന്ന വനിതാ മാദ്ധ്യമപ്രവർത്തകയുടെ ആരോപണം തെറ്റെന്നും അധികൃതർ
കൊച്ചി: ശബരിമല സർവീസ് നടത്തുന്ന ബസുകളിൽ അയ്യപ്പഭക്തന്മാർക്കാണ് മുൻഗണനയെന്ന് കെഎസ്ആർടിസി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ബസുകളിൽ അയ്യപ്പഭക്തരല്ലാത്ത സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ കയറിയാലും ഭക്തർക്കാണ് മുൻഗണന നൽകുകയെന്നാണ് അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകയെയും കുഞ്ഞുങ്ങളെയും അർധരാത്രി ബസിൽ നിന്ന് ഇറക്കി
കൊച്ചി: ശബരിമല സർവീസ് നടത്തുന്ന ബസുകളിൽ അയ്യപ്പഭക്തന്മാർക്കാണ് മുൻഗണനയെന്ന് കെഎസ്ആർടിസി വൃത്തങ്ങളിൽ നിന്നുള്ള സൂചന. ബസുകളിൽ അയ്യപ്പഭക്തരല്ലാത്ത സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ കയറിയാലും ഭക്തർക്കാണ് മുൻഗണന നൽകുകയെന്നാണ് അധികൃതർ നൽകുന്ന സൂചന.
കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകയെയും കുഞ്ഞുങ്ങളെയും അർധരാത്രി ബസിൽ നിന്ന് ഇറക്കിവിട്ടെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഇക്കാര്യം വിവാദമായത്. ശബരിമല തീർത്ഥാടകരുടെ വ്രതശുദ്ധിക്കു ഭംഗം വരുമെന്നാരോപിച്ചു മാദ്ധ്യമ പ്രവർത്തകയെയും കുഞ്ഞുങ്ങളെയും അർധരാത്രി ഇറക്കി വിട്ടു എന്നാണ് പരാതി ഉയർന്നത്. എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നും യുവതി കുട്ടികളെയും കൂട്ടി സ്വമേധയാ ഇറങ്ങിപ്പോയതാണെന്നുമാണ് അധികൃതർ പറയുന്നത്.
വൈറ്റിലയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിനിയും ചാനൽ ജീവനക്കാരിയുമായ നസീറയും രണ്ടര വയസും ഏഴു മാസവും പ്രായമുള്ള രണ്ടു കുട്ടികളുമാണ് കഴിഞ്ഞ ദിവസം രാത്രി കെഎസ്ആർടിസി ബസിൽ കയറിയത്. എറണാകുളത്തുനിന്ന് പമ്പയിലേക്കു പുറപ്പെടാൻ നിൽക്കുകയായിരുന്ന ശബരിമല പ്രത്യേക ബസിലാണ് ഇവർ കയറിയത്.
തിരുവനന്തപുരത്തു നിന്നുള്ള വഞ്ചിനാട് എക്സ്‌പ്രസിൽ രാത്രി പത്തരയോടെയാണ് ഇവർ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയത്. തുടർന്നു താമസസ്ഥലമായ വൈറ്റിലയിലേക്കു പോകാൻ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പമ്പ ബസിൽ കയറുകയായിരുന്നു. ബസിൽ കയറിയയുടൻ സീറ്റിലിരുന്ന രണ്ട് അയ്യപ്പഭക്തർ നസീറയ്ക്കു സീറ്റൊഴിഞ്ഞു കൊടുത്തു. എന്നാൽ ഈ ബസിൽ ശബരിമല തീർത്ഥാടകർ മാത്രമാണ് സഞ്ചരിക്കുന്നതെന്നും ഇതിൽ സ്ത്രീകളെ കയറ്റാറില്ലെന്നും ഉടൻ ഇറങ്ങണമെന്നു കണ്ടക്ടർ ആവശ്യപ്പെട്ടതായാണ് പരാതി. ആർത്തവസംബന്ധമായ പരാമർശവും നസീറയ്‌ക്കെതിരേ നടത്തിയെന്നും ആരോപണമുണ്ട്.
ശബരിമലയ്ക്കുള്ള പ്രത്യേക ബസ് ആയതിനാൽ ആർത്തവമുള്ള സ്ത്രീകൾക്ക് യാത്രചെയ്യാൻ അനുവാദമില്ലെന്നും ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടതായി പരാതിയിൽ പറഞ്ഞു. ഇത് ചോദ്യം ചെയ്ത നസീറയെ ബസിലെ കണ്ടക്ടറും ഡ്രൈവറും തൊട്ടടുത്ത് പാർക്ക്‌ചെയ്തിരുന്ന ബസിലെ ജീവനക്കാരനും ചേർന്ന് ശബ്ദമുയർത്തി ഇറക്കിവിടാൻ ശ്രമിച്ചതായി പറയുന്നു. വാഹനത്തിൽ കയറിയതിനെതിരേ അയ്യപ്പഭക്താരും പരാതി പറഞ്ഞിരുന്നില്ലെന്നും ഇവർ പറയുന്നു. തുടർന്നു പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകുകയായിരുന്നു.
പൊലീസുകാർ ഇടപെട്ടതോടെ ബസിൽ യാത്രചെയ്യാൻ അനുവദിച്ചു. എന്നാൽ ഈ ബസിൽ യാത്രചെയ്യാൻ തയ്യാറല്ലെന്നും രാത്രിയായതിനാൽ സുരക്ഷിതമായി യാത്രചെയ്യാൻ മറ്റു മാർഗങ്ങളില്ലെന്നും അതിനാൽ പൊലീസുകാർ യാത്രാസൗകര്യം ഒരുക്കിത്തരണമെന്നും ഇവർ ആവശ്യപ്പെട്ടു. അതനുസരിച്ച് സെൻട്രൽ സ്റ്റേഷനിലെ സിഐയും സംഘവുമെത്തി ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും വനിതാകമീഷനും കമീഷണർക്കും പരാതി നൽകുമെന്നാണ് യുവതിയുടെ നിലപാട്.
എന്നാൽ യുവതിയെയും കുട്ടികളെയും ബസിൽനിന്ന് ഇറക്കിവിട്ടതല്ലെന്നും അവർ സ്വമേധയാ ഇറങ്ങിപ്പോയതാണെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നത്. യുവതിക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തത് പുറകിലാണെന്നും എന്നാൽ സ്ത്രീകളുടെ സീറ്റുതന്നെ നൽകണമെന്നു ഇവർ വാശി പിടിച്ചുവെന്നും തുടർന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നുമാണ് സൂചന. നേരത്തെ തന്നെ റിസർവു ചെയ്തിട്ടാണ് ശബരിമല സ്‌പെഷ്യൽ ബസിൽ അയ്യപ്പഭക്തർ യാത്രചെയ്യുന്നത്. ഭൂരിപക്ഷം സീറ്റുകളും റിസർവ് ചെയ്തതാകും. സാധാരണയായി ബസിൽ മറ്റു യാത്രക്കാർക്ക് സീറ്റ് ഒഴിവുണ്ടാകില്ല. എന്നിട്ടും സ്ത്രീകളും കുട്ടികളും കയറിയപ്പോൾ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാൽ സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞുതരണമെന്ന നിർബന്ധമാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്നാണ് സൂചന.