തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പേരിലുള്ള തർക്കം മുറുകുമ്പോൾ കരിമല ഉൾപ്പടെയുള്ള 700 ഏക്കർ ഭൂമിയിൽ നിന്ന് മല അരയർ കുടിയിറക്കപ്പെട്ടത് മുതലുള്ള ബ്രാഹ്മണ അധിനിവേശത്തിന്റെ ചരിത്രം പറഞ്ഞ് വില്ലുവണ്ടി യാത്രക്ക് ഒരുങ്ങുന്നു. ശബരിമല ആദിവാസികൾക്ക് തിരികെ നൽകണമെന്ന ആവശ്യം ഉന്നയിച്ച് ഡിസംബർ 13 മുതൽ വെങ്ങാനൂരിൽ നിന്ന് എരുമേലിയിലേക്കാണ് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തിലുള്ള വില്ലുവണ്ടി യാത്ര. അയ്യപ്പന്റെ സമാധിസ്ഥലമായ ശബരിമല യുടെ ഉടമസ്ഥാവകാശം തങ്ങൾക്കു തിരികെ വേണമെന്ന് മലയരയ മഹാസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീതിക്കായി സുപ്രീം കോടതിയിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് അവർ. ഇതിന് പുറമെയാണ് എ.ഡി 1000 മുതൽ നടന്ന ബ്രാഹ്മണ അധിനിവേശത്തിന്റെ ചരിത്രം പറഞ്ഞ് വില്ലുവണ്ടി യാത്രക്ക് ഒരുങ്ങുന്നത്.

എ.ഡി 1000 ൽ ശബരിമല ഉൾപ്പെടുന്ന 18 മലകളിലും മരവപ്പടയുടെ ആക്രമണം ഉണ്ടാകുകയും മല അരയ ക്ഷേത്രങ്ങളും ആവാസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തു എന്നും എ.ഡി 1861ൽ കരിമല ഉൾപ്പടെയുള്ള 700 ഏക്കർ ഭൂമിയിൽ നിന്ന് മല അരയർ കുടിയിറക്കപ്പെടുകയും ചെയ്തു എന്ന് യാത്രയുടെ പ്രചാരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഫേസ്‌ബുക്ക് പേജിൽ പറയുന്നു. എ.ഡി 1881ൽ ശബരിമല ക്ഷേത്രത്തിലെ അവസാന മല അരയ വെളിച്ചപ്പാടും പൂജാരിയുമായിരുന്ന താളനാനി പാപ്പന്റെ പിൻതലമുറ ക്രിസ്തുമതം സ്വീകരിച്ചു. അദ്ദേഹം ഉപയോഗിച്ച് കൊണ്ടിരുന്ന വാളും ചിലമ്പും ഇതേ വെളിച്ചപ്പാടിന്റെ വിഗ്രഹവും ഒക്കെ റവറന്റ് റിച്ചാർഡ് എന്ന മിഷനറിക്ക് കൈമാറി. അദ്ദേഹം അവയൊക്കെ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റിയുടെ മ്യൂസിയത്തിൽ എത്തിച്ചു. എ.ഡി 1902 ൽ തിരുവിതാംകൂർ മുൻ രാജ്യത്തിന്റെ സഹായത്തോടെ ബ്രാഹ്മണ ആധിപത്യം സ്ഥാപിച്ചു എന്നാണ് മലയരയ മഹാസഭ ഉൾപ്പടെ ഉള്ളവരുടെ വാദം.

എ.ഡി 1904 മുതൽ 18മലകളിൽ നിന്നും മല അരയരെ കുടി ഒഴിപ്പിക്കാൻ ആരംഭിച്ചു. 1922 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നു. 1950ൽ ഗോത്ര ബിംബങ്ങളും പ്രതിഷ്ടയും ഉണ്ടായിരുന്ന പഴയ ശബരിമല കാനന ക്ഷേത്രം കത്തി നശിച്ചു. കൂടാതെ മല അരയർ ആണ് കത്തിച്ചത് എന്ന പേരിൽ കൂട്ടമായി ആദിവാസികളെ കുടി ഇറക്കുകയും ചെയ്തു. എന്നാൽ ആരാണ് ശബരിമല ക്ഷേത്രം കത്തിച്ചതെന്നു ഇപ്പോഴും ദുരൂഹമാണ്. ബ്രാഹ്മണ ആധിപത്യമുള്ള ക്ഷേത്രം നിർമ്മിക്കുന്നതിനും ബ്രാഹ്മണ്യ പ്രതിഷ്ഠ നടത്തുന്നതിനുമാണ് കാനന ക്ഷേത്രം കത്തിച്ചതെന്നു ആദിവാസികൾ കരുതുന്നു. 1970ൽ കരിമലയുടെ അധിപൻ ആയിരുന്ന അരുവിക്കൽ കുഞ്ഞിരാമന്റെയും കാരപ്ലാക്കൾ നാണുവിന്റെയും കുടുംബാംഗങ്ങളെയും കുടി ഒഴിപ്പിച്ചു. 2011 ആയപ്പോഴേക്കും പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിയിക്കുന്നതിന് മല അരയ സംയുക്ത സമിതി അവകാശവാദം ഉന്നയിച്ചു.

2018 ഒക്ടോബറിൽ ഐക്യ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി കെ സജീവും സഭയും ശബരിമല തങ്ങൾക്ക് തിരിച്ച് തരണം എന്നാവശ്യപ്പെട്ടു. കൂടാതെ ആദിവാസികളുടെ ഭൂമി,വനം, വിഭാവാധികാരം, ശബരിമല ക്ഷേത്രം, ആചാരം, സംസ്‌ക്കാരം എന്നിവക്കായി വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തിൽ അവകാശവാദം ഉന്നയിച്ചു. ഈ രീതിയിൽ ശബരിമല ഉൾപ്പടെയുള്ള 18 മലകൾ അവിടെ കഴിഞ്ഞിരുന്ന മല അരയർ, മല പണ്ടാരങ്ങൾ ഊരാളികൾ തുടങ്ങിയ ആദിവാസികളുടെത് ആണെന്ന പൊതു നിഗമനത്തിലാണ് ഡിസംബർ 13 മുതൽ വെങ്ങാനൂരിൽ നിന്ന് വില്ലുവണ്ടിയുടെ യാത്ര ആരംഭിക്കുന്നത്. ദളിതരുടെ സഞ്ചാരസ്വാതന്ത്രത്തിനായി മഹാത്മാ അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയിൽ നിന്ന് ഊർജം ഉൾക്കൊണ്ടുകൊണ്ട് എരുമേലിയിലേക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വില്ലുവണ്ടിയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 16 നു എരുമേലിയിൽ സമാപിക്കുന്ന യാത്രയുടെ ഭാഗമായി സാംസ്‌കാരിക സംഗമവും സംഘടിപ്പിക്കും.