ലണ്ടൻ: ശബരിമല പ്രക്ഷോഭം യുകെയിൽ സജീവമാകുന്നു. മലയാളികളായ അയ്യപ്പ ഭക്തർക്കിടയിൽ ഒതുങ്ങി നിന്നിരുന്ന നാമജപ പ്രതിഷേധങ്ങൾ വടക്കേ ഇന്ത്യൻ വംശജർ ഏറ്റെടുക്കുന്നതോടെ പ്രക്ഷോഭത്തിന്റെ ഗതിയും മാറുകയാണ്. സുപ്രീം കോടതി വിധിയിൽ ഒതുങ്ങിയിരുന്ന യുവതി പ്രവേശനമെന്ന ഏക അജണ്ടയിൽ നിന്നും പുറത്തു കടന്നു സേവ് ശബരിമല എന്ന വിദൂര മാനങ്ങളുള്ള മുദ്രാവാക്യവുമായാണ് ശബരിമല പ്രക്ഷോഭത്തിന്റെ തുടർ ഘട്ടം സജീവമാകുന്നത്. നേരത്തെ രഹ്നാ ഫാത്തിമയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത ബിബിസി കൊടുത്തിരുന്നു. അയ്യപ്പഭക്തരെ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു വാർത്ത. ഇതോടെയാണ് ശബരിമല വിഷയം യുകെയിൽ സജീവ ചർച്ചകൾക്ക് വഴിവച്ചത്.

ഇതോടെ വിഷയം ലോക ശ്രദ്ധ നേടുവാൻ കൂടുതൽ സാധ്യത തെളിയുകയാണ്. ഇതിന്റെ ഭാഗമായാണ് ബ്രിട്ടനും അമേരിക്കയും കാനഡയും അടക്കമുള്ള നിർണായക ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ തേടിയുള്ള പ്രക്ഷോഭങ്ങൾ സജീവമാകുന്നത്. ബ്രിട്ടനിൽ വടക്കേ ഇന്ത്യൻ സമൂഹം നേതൃത്വം ഏറ്റെടുക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടം അടുത്ത ശനിയാഴ്ച (ഡിസംബർ 15 ) പാർലമെന്റ് സ്‌ക്വയറിൽ നടക്കുകയാണ്. ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിക്കും വിധം വാർത്തകൾ നൽകിയ ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ കൺമുന്നിൽ തന്നെ വിഷയം എത്തിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന്റെ പിന്നിലുണ്ട്.

ശബരിമല വിഷയത്തിൽ ഒരു വിദേശ രാജ്യത്തു നടന്നതിൽ ഏറ്റവും ശക്തമായ പ്രക്ഷോഭ പരിപാടിയായി ലണ്ടൻ പ്രതിഷേധം മാറ്റാൻ ഉള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. ഈസ്റ്റ് ഹാം, ക്രോയ്‌ഡോൺ ഹിന്ദു സമാജങ്ങൾ, സട്ടൻ സദ്ഗമയ, കേരള ഹിന്ദു നാഷണൽ കൗൺസിൽ എന്നിവയുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നു നേതൃത്വം വഹിക്കുന്ന എ പി രാധാകൃഷ്ണൻ, സുഭാഷ് ശശിധരൻ, സുനിൽ സോമൻ, ഗോപകുമാർ മാഞ്ചസ്റ്റർ എന്നിവർ അറിയിച്ചു. ബിജെപി വിദേശ ഘടകമായ ഓവർസീസ് ബിജെപി, പരിവാർ ഘടകമായ എച്ച് എസ് എസ് എന്നിവരാണ് പരിപാടിയുടെ പ്രധാന ആസൂത്രണം ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ പ്രധാന സംഘാടകരായ എത്തുന്നത് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ആയിരിക്കും.

ഈ സംഘടനയുടെ പ്രധാന ഭാരവാഹികളായ ഹരേന്ദ്ര ജോധാ, സന്തോഷ് പാട്ടീൽ, വിജയ ദേവ്, ഹിരൻ, മധുരേഷ് മിശ്ര, യുകെയിലെ മുഴുവൻ മലയാളി ഹിന്ദു സമാജങ്ങളും സജീവ സാന്നിധ്യം ആകണമെന്ന് സംഘടനകളുടെ നേതാക്കൾ അഭ്യർത്ഥിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ അണിനിരത്തിയാകും നാമജപത്തോടെ പാർലമെന്റ് സ്‌ക്വയറിൽ സേവ് ശബരിമല റാലി സംഘടിപ്പിക്കുക. ഇന്ത്യൻ വംശജരായ പാർലമെന്റ് അംഗങ്ങളും അഭിവാദ്യം അർപ്പിക്കാൻ എത്തും. മുഴുവൻ ഇന്ത്യൻ സമൂഹങ്ങളെയും പ്രതിനിധീകരിച്ചു നേതാക്കൾ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരം.

അതിനിടെ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണം എന്നാവശ്യപ്പെട്ടു അയ്യപ്പ ഭക്തനായ വിനോദ് കെ നായർ ആരംഭിച്ച ഓൺലൈൻ പെറ്റിഷൻ ലക്ഷ്യത്തിലേക്കു അടുക്കുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിൽ ലക്ഷ്യമായ 75000 ഒപ്പുകളിൽ 74814 പേരുടെ ഒപ്പുകൾ സമാഹരിച്ചു കഴിഞ്ഞു. ശബരിമലയിലെ സുപ്രീം കോടതി വിധിക്കു എതിരായി ബഹുമുഖ മാർഗത്തിൽ ഉള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഓൺ ലൈൻ ഒപ്പു ശേഖരണം. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിനെയും രാഷ്ട്രപതിയെയും പ്രേരിപ്പിക്കുകയാണ് ഓൺലൈൻ പരാതിയുടെ ലക്ഷ്യം. ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച് കേരള സർക്കാർ കൈകൊണ്ട നടപടികൾ പലതും കൈവിട്ടു പോകുന്ന ഘട്ടത്തിലാണ് വ്യത്യസ്ത സമര തന്ത്രങ്ങളുടെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ വംശജരുടെ നിർണായക ഇടപെടലുകൾ ഉണ്ടാകുന്നത്. വിഷയം സുപ്രീം കോടതിയിൽ നിന്നും പാർലമെന്റിലേക്കും രാഷ്ട്രപതിയിലേക്കും എത്തിക്കുകയാണ് ഓൺലൈൻ പരാതികളുടെ ലക്ഷ്യവും

അതിനിടെ കഴിഞ്ഞ ദിവസം ലണ്ടൻ ജിംഖാന ക്ലബിൽ നടന്ന നാമജപ പ്രതിഷേധത്തിൽ ഒട്ടേറെ അയ്യപ്പ ഭക്തരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. മലയാളികളേക്കാൾ മറ്റു ഇന്ത്യൻ വംശജരാണ് നാമജപത്തിൽ പങ്കെടുത്തതും നേതൃത്വം വഹിച്ചതും. ശബരിമലയെ തകർക്കുക എന്ന ലക്ഷ്യമാണ് കേരള സർക്കാർ ഏറ്റെടുത്തിരിക്കുന്നത് എന്നും അതിനു സുപ്രീം കോടതി വിധി മറയാക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാമജപത്തിൽ പങ്കെടുത്തവർ പറയുന്നു. മുൻപ് 1950 , 1955, 1983 വർഷങ്ങളിൽ നടന്ന തീവെപ്പ്, നിലയ്ക്കൽ സമരം എന്നിവ ചൂണ്ടിക്കാട്ടി ക്ഷേത്രത്തെ തകർക്കാൻ ഉള്ള മറ്റൊരു ശ്രമം ആയി മാത്രമേ 2018 ലെ നീക്കങ്ങളെ കാണാൻ കഴിയൂ നേതൃത്വം നൽകിയ റാം ശിവ പറയുന്നു. എന്നാൽ മുൻ കാലങ്ങളിലേതു പോലെ ശബരിമലയെ നശിപ്പിക്കാൻ എത്തുന്നവർക്ക് നിരാശരായി മടങ്ങേണ്ടി വരും എന്നോർമ്മിപ്പിക്കാനാണ് ഈ നാമജപ യജ്ഞങ്ങൾ നടത്തുന്നതെന്നും ഇന്ത്യൻ ജിംഖാന ക്ലബിൽ എത്തിയവരെ അദ്ദേഹം ഓർമ്മിപ്പിച്ചു. യുവതികളായ അനേകം സ്ത്രീകളുടെ പങ്കാളിത്തവും നാമജപത്തെ ശ്രദ്ധേയമാക്കി.

ഇന്ത്യൻ സൊസൈറ്റി യുകെയുടെ പേരിൽ പ്രശ്‌നം ശ്വാശ്വത പരിഹാരം നേടും വരെ യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ ശബ്ദമായി മാറാനും യോഗം തീരുമാനമെടുത്തു. കേരള സർക്കാർ ഉൾപ്പെടെയുള്ളവർ പ്രശ്‌നത്തിൽ രാഷ്ട്രീയം കാണാതെ ഭക്തരുടെ വികാരം മാനിക്കണമെന്നും സ്ത്രീ സമത്വത്തിനു ശബരിമലയേക്കാൾ സിപിഎം അടക്കമുള്ള പാർട്ടികൾ ആദ്യം വേദിയാക്കട്ടെ എന്നും നാമജപത്തിനു ശേഷം നടന്ന യോഗം ഓർമ്മിപ്പിച്ചു. വിഷയത്തിൽ കേരള സർക്കാർ വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണെന്നും മാധ്യമ റിപ്പോർട്ടുകളിൽ വഴി മനസിലാക്കാൻ കഴിയുമെന്ന് ഇന്ത്യൻ സൊസൈറ്റി നേതൃത്വം സൂചിപ്പിച്ചു.

യുകെയിൽ മലയാളി അയ്യപ്പ ഭക്തരുടെ നേതൃത്വത്തിൽ ആയിരത്തോളം പേരെ സംഘടിപ്പിച്ചു ഒക്ടോബറിൽ ഡെഡ്‌ലി ബാലാജി ക്ഷേത്രത്തിൽ നടന്ന നാമജപ റാലിക്കു ശേഷം വിവിധ ഹിന്ദു സമാജങ്ങളും നാമജപ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ ഇടങ്ങളിൽ നടന്നു വരുന്ന അയ്യപ്പ പൂജകളിലും ഭക്തരുടെ വലിയ തോതിലുള്ള സാന്നിധ്യം പ്രകടമാണ്. ശബരിമല യുവതി പ്രവേശ വിഷയം ഭക്തർക്കിടയിൽ ഏതു തരത്തിലുള്ള വൈകാരിക പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന് അയ്യപ്പ പൂജകളിൽ പങ്കെടുക്കുന്ന ഭക്തജന സാന്നിധ്യം തന്നെ പ്രകടമാക്കുന്നുണ്ട്. ഇതിനകം അയ്യപ്പ പൂജകൾ നടന്ന ബ്രിസ്റ്റോൾ, കെന്റ്, ഡോർസെറ്റ്, പൂൾ, കേംബ്രിജ് , എന്നിവിടങ്ങളിൽ ഒക്കെ ഭക്തരുടെ ആവേശം മുൻ വർഷങ്ങളിലേതിനേക്കാൾ ഇരട്ടിയായിരുന്നെന്നു സംഘാടകർ പറയുന്നു.

നാളെ ബർമിങ്ഹാമിലും ഡെർബിയിലും നടക്കുന്ന അയ്യപ്പ പൂജകൾക്ക് സകല ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇരു സ്ഥലത്തെയും പ്രധാന സംഘാടകരായ രാകേഷ് റോഷൻ, ഷിബു തിരുവനന്തപുരം എന്നിവർ അറിയിച്ചു. ക്രോയ്‌ഡോൺ, കവൻട്രി തുടങ്ങിയ സ്ഥങ്ങളിലും വരും ദിവസങ്ങളിൽ വലിയ തോതിലുള്ള അയ്യപ്പ പൂജകൾക്കും നാമജപ യജ്ഞങ്ങൾക്കും ഒരുക്കങ്ങൾ നടക്കുകയാണ്. ഇരുമുടി കെട്ടു നിറച്ചാണ് ക്രോയ്‌ഡോൺ ഹിന്ദു സമാജം ഈ മാസം 25 നു മൂന്നു ദിവസത്തെ അയ്യപ്പ പൂജകൾക്ക് സമാപനം കുറിക്കുക. ബർമിങ്ഹാം ബാലാജി ക്ഷേത്രത്തിൽ ഈ മാസം 25 നു നടക്കുന്ന അയ്യപ്പ പൂജയിൽ ഇരുമുടി കെട്ടുകളുമായി സ്വാമി ഭക്തരെ എത്തിക്കുമെന്ന് ക്രോയ്‌ഡോൺ സമാജം അറിയിച്ചിട്ടുണ്ട്. ഇത്തവണ ബാലാജി ക്ഷേത്രം അയ്യപ്പ പൂജക്ക് ആയിരത്തിലേറെ സ്വാമി ഭക്തരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ക്ഷേത്രം സെക്രട്ടറി കെ കണ്ണപ്പനും അറിയിച്ചു.