ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിർത്തിക്കൊണ്ടു തന്നെയാണ് ഇന്ന് കോടതി 49 റിവ്യൂ പെറ്റീഷനുകൾ പരിഗണിച്ച് തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചത്. ഇതോടെ കോടതി വിധിയോട് അനുകൂലമായി പ്രതികരിച്ച സംസ്ഥാന സർക്കാർ ശരിക്കും വെട്ടിലായി. യുവതികൾ പ്രവേശിക്കുന്നതിനെ എതിർക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും ബോർഡും കൈക്കൊണ്ടിരുന്നത്. ഇതോടെ മണ്ഡലകാലത്ത് യുവതികൾ പ്രവേശനത്തിന് എത്തിയാൽ അവർക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യം സർക്കാറിലും പൊലീസിലും സംജാകമാകും.

റിവ്യൂ പെറ്റീഷനിൽ അന്തിമ തീരുമാനം വരുന്നത് വരെ വിധി നടപ്പിലാക്കാതിരിക്കാൻ സർക്കാറിന് കഴിയുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. യുവതികളെ കയറ്റേണ്ടെന്ന തീരുമാനം കൈക്കൊണ്ടാൽ അത് കോടതി അലക്ഷ്യമാകാനും സാധ്യതയുണ്ട്. ഇതോടെ യുവതികൾ എത്തിയാൽ തുലാമാസ പൂജാവേളയിൽ നട തുറന്നപ്പോൾ ഉണ്ടായ സാഹചര്യങ്ങൾ ആവർത്തിച്ചേക്കുമെന്നാണ് ആശങ്ക. യുവതികളെ കയറ്റണമെന്നും നവോത്ഥാനത്തിന്റെ ഭാഗമാണ് ഇതെന്നും പറഞ്ഞ് പൊതുയോഗങ്ങൾ നടത്തിയ മുഖ്യമന്ത്രിക്ക് ഇനി സ്വന്തം നിലപാട് തിരുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അടക്കം ആശയക്കുഴപ്പം ഉണ്ടായേക്കും.

വെറും നാലുനാൾ കൂടിയേയുള്ള മണ്ഡലപൂജയ്ക്കായി ശബരിമല നടതുറക്കാൻ. അതുകൊണ്ട് തന്നെ കോടതിവിധി നിലനിൽക്കുന്ന സാഹചര്യം ഉള്ളതു കൊണ്ട് മുൻപ്രകാരം തന്നെ വലിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. റിവ്യൂഹർജി വേഗം പരിഗണിച്ച് മണ്ഡലകാലത്തിന് മുമ്പ് തന്നെ ഈ വിധി വരുമെന്ന അല്ലെങ്കിൽ തൽക്കാലികമായി വിധി സ്റ്റേ ചെയ്യുമെന്നോ ഉള്ള പ്രതീക്ഷയിലായിരുന്നു സർക്കാർ. ഈ നിലപാടിന് അനുസൃതമായി കാര്യങ്ങൾ മുന്നോട്ടു നീക്കാനുള്ള ശ്രമങ്ങളും തുടങ്ങി. എന്നാൽ, അതുണ്ടാകാത്തതാണ് സർക്കാറിനെ പ്രതിരോധിത്തിലാക്കുന്നത്.

റിവ്യൂ പെറ്റീഷൻ പരിഗണിക്കുമ്പോൾ സുപ്രീം കോടതി മനസ്സുമാറ്റുമോ എന്ന ആശങ്ക ഇനിയും യുവതി പ്രവേശനത്തെ അനുകൂലിക്കുന്നതിൽ നിന്നും സംസ്ഥാന സർക്കാറിനെ പിന്നോട്ടു വലിക്കുകയും ചെയ്യും. അതേസമയം തൃപ്തി ദേശായി അടക്കമുള്ളവർ സന്ദർശനത്തിന് എത്തുമെന്ന അറിയിച്ചത് അടക്കം സർക്കാറിന് തിരിച്ചടിയാണ്. അവിടെ സംഘർഷ സാധ്യത വർദ്ധിക്കുകയും ചെയ്യും. ആർഎസ്എസ് യുവതി പ്രവേശനത്തെ എതിർക്കുമെന്ന് വത്സൻ തില്ലങ്കേരിയും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ മണ്ഡലകാലത്ത് സംഘപരിവാർ പ്രവർത്തകർ തമ്പടിക്കും. ദർശനത്തിന് യുവതികൾ എത്തിയാൽ സംഘർഷം ആവർത്തിക്കുകയും ചെയ്യും.

വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണ് സുപ്രീംകോടതി തീരുമാനം തിരുത്തിയതെന്നും പുനപ്പരിശോധനാ ഹർജികളിൽ അന്തിമതീരുമാനം വരുന്നത് വരെ അത് വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞിട്ടുണ്ട്. എന്തായാലും ഇപ്പോഴത്തെ തീരുമാനത്തോടെ സർക്കാർ ശബരിമലയിൽ ഇനിയും കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. ഈ വിഷയത്തെ രാഷ്ട്രീയ എതിരാളികൾക്കുള്ള വടിയായി നൽകുകയാണ് സർക്കാർ ചെയ്തതെന്ന ആക്ഷേപം സിപിഎമ്മിനുള്ളിൽ പോലും മുഖ്യമന്ത്രിക്കെതിരെ ഉയരാൻ പോലും ഇടയുണ്ട്.

എന്നാൽ നാല് നാൾ കഴിഞ്ഞാൽ ശബരിമലയിൽ ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യം മുന്നിൽ നിൽക്കെ സർക്കാറിന് മറ്റൊരു അർത്ഥത്തിൽ ആശ്വാസവും കോടതി വിധി നൽകുന്നുണ്ട്. കോടതി വിധിയോടെ ആക്ടിവിസ്റ്റുകൾ മല കയറാൻ എത്തിയാൽ പൊലീസിനെ ഉപയോഗിച്ച് തടയാം. അതേസമയം ഈ അവസരം ഉപയോഗിച്ചു സർവകക്ഷി സംഘം വിളിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാനും നിലപാട് തിരുത്താനുമുള്ള അവസരം കൂടി കൈവരും. അതുകൊണ്ട് സർവകക്ഷി യോഗം വിളിക്കാനുള്ള തീരുമാനവുമായി കോടതി മുന്നോട്ടു പോകും.

ഇതോടെ വിഷയം കൂടുതൽ പഠന വിധേയമാക്കാനും സമവായ ഫോർമുല കണ്ടെത്താനും ഇന്നത്തെ സുപ്രീം കോടതി തീരുമാനം ഒരു പരിധിവരെ സർക്കാരിന് സാധിക്കും. എന്നാൽ കടുംപിടുത്തം ഉപേക്ഷിച്ച് സമാവായ പാതയിലേക്ക് സർക്കാർ കടക്കേണ്ടി വരുമെന്ന് വ്യക്തമാമാണ്. ഭരണഘടനാ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സ്വീകരിക്കാൻ കോടതി തീരുമാനിച്ചത് അപൂർവ്വ സംഭവമാണെന്നം നിയമ വിദഗ്ദ്ധർ പറയുന്നുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് എടുത്ത തീരുമാനമാണ് ഇപ്പോൾ വീണ്ടും പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചതെന്നാണ് ഏറെ ശ്രദ്ധ നേടുന്നത്. ഏറെ വർഷത്തെ നിയമ പോരാട്ടം നടന്ന വിഷയത്തിൽ ആലോചിച്ചെടുത്ത തീരുമാനം എന്ന നിലയിലാണ് സുപ്രീം കോടതിയുടെ വിധി നിയമ വിദഗ്ദ്ധർ കണക്കാക്കിയിരുന്നത്. എന്നാൽ വിധിയെ തുടർന്ന് കേരളത്തിൽ രൂപം കൊണ്ട ജനവികാരം കോടതി പരിഗണിക്കുക ആയിരുന്നു എന്നതാണ് ഇന്നത്തെ തീരുമാനം വെളിപ്പെടുത്തുന്നത്.

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളിലു വാദം കേൾക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തിയിട്ടുണ്ട്