പമ്പ: ഈ തീർത്ഥാടന കാലത്ത് ശബരിമലയിൽ യുവതികൾ പ്രവേശിക്കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന് സംഘപരിവാറുകാരോ പ്രതിഷേധക്കാരോ ഒന്നും വേണമെന്നില്ല. കേരളാ പൊലീസിലെ ഉപദേശികൾ മാത്രം മതി. ആദ്യമൊക്കെ ഇക്കാര്യത്തിൽ പിന്നോട്ടായ ഉപദേശികൾ ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ മികച്ചവരായി മാറിയിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തി പൊലീസിന്റെ ഉപദേശം കേട്ട് മനംമാറി ദർശനം ഇന്നലെ വേണ്ടെന്ന് വെച്ചത് അമ്പത് തികയാത്ത രണ്ട് യുവതികളാണ്.

മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന ആദ്യദിവസം നാൽപ്പൊത്തൊമ്പതുകാരി ദർശനത്തിനെത്തി. പ്രതിഷേധങ്ങളെക്കുറിച്ച് അറിയാതെയെത്തിയ ഇവർ പ്രശ്‌നസാധ്യത മുൻനിർത്തി പിൻവാങ്ങി. വിശാഖപട്ടണം സ്വദേശിയായ ഇവർ ഭർത്താവിനോടും മകനോടുമൊപ്പം ഇരുമുടിയില്ലാതെയാണ് ഞായറാഴ്ച വൈകീട്ട് പമ്പയിലെത്തിയത്. രേഖകൾപ്രകാരം 49 വയസ്സാണെങ്കിലും തനിക്ക് 50 വയസ്സായെന്ന് ഇവർ പൊലീസിനെ അറിയിച്ചു.

പ്രതിഷേധ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. ഭർത്താവും മകനും ദർശനം നടത്തി. ഇവരെ കൂടാതെ കർണാടക സ്വദേശിയായ മുപ്പതുകാരി പമ്പയിലെത്തിയെങ്കിലും അവർക്ക് മലകയറാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല. മലകയറുന്ന അമ്മയ്ക്ക് കൂട്ടായെത്തിയ ഇവർ സ്വമേധയാ ഗാർഡ് റൂമിലെത്തുകയായിരുന്നു. ഇവർ പ്രതിഷേധം ഭയന്ന് കയറാതിരുന്നതായാണ് റിപ്പോർട്ട്. പമ്പാ ഗണപതിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങുകയായിരുന്നു ഈ യുവതി.

മകരവിളക്കിനായി നട തുറന്നു

മകരവിളക്കു തീർത്ഥാടനത്തിനായി പൊന്നമ്പല നട തുറന്നു. സന്നിധാനത്തേക്കു തീർത്ഥാടകപ്രവാഹം. അനേകം കണ്ഠങ്ങളിൽ നിന്നുയർന്ന ശരണം വിളികൾക്കിടെ, വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി. എൻ. വാസുദേവൻ നമ്പൂതിരി നട തുറന്നു.

ഈ സമയം ഭസ്മാഭിഷിക്തനായ അയ്യപ്പസ്വാമിയുടെ പുണ്യരൂപം കണ്ടുതൊഴാൻ ഭക്തരുടെ തിരക്കായിരുന്നു. ഇന്നുമുതൽ പൂജകളും അഭിഷേകങ്ങളും ഉണ്ടാകും. വൻതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഉച്ചയ്ക്കു 2 മുതൽ വൈകിട്ട് 5 വരെ 20,000 തീർത്ഥാടകർ പമ്പയിൽ നിന്നു മലകയറി. ഭക്തലക്ഷങ്ങൾ ദർശനസുകൃതം കൊതിക്കുന്ന മകരവിളക്ക് ജനുവരി 14നാണ്.